പാപ്പിനിശേരി > ആയിഷുമ്മയുടെ സ്വരമിടറിയാൽ പാത്തൂട്ടിയുടെ കണ്ണ് കലങ്ങും, നെഞ്ച് പിടയ്‌ക്കും. പിന്നെ സഹായത്തിന് ആളെക്കൂട്ടാനും മരുന്നും ഭക്ഷണവുമെത്തിക്കാനുമൊക്കെയായി ആകെ ബഹളമാണ്. ആയിഷുമ്മയുടെ ആവശ്യങ്ങൾനടന്ന് മുഖം തെളിഞ്ഞാലേ കുഞ്ഞുപാത്തൂട്ടിയുടെ മുഖവും തെളിയൂ.
വേങ്ങാട്സ്വദേശിയായ സി കെ ആയിഷുമ്മയുടെ (75) സഹായിയാണ് ചെറുമകൻ മുഹമ്മദ് സിയാദ് ചാത്തോത്ത് സമ്മാനിച്ച ആൻഡ്രോയിഡ് പാത്തൂട്ടി 2.0 എന്ന റോബോട്ട്. ആവശ്യമായ ശബ്ദ–-സമയ ക്രമീകരണങ്ങളൊരുക്കി രൂപകൽപ്പനചെയ്‌ത പാത്തൂട്ടി ആയിഷുമ്മ ഉണർന്നാലുടൻ ടൂത്ത്പേസ്റ്റ്, ബ്രഷ്, തോർത്ത് എന്നിവയുമായി മുന്നിലെത്തും. റൂമിലെയും ശുചിമുറിയിലും ലൈറ്റുകൾ ആവശ്യാനുസരണം പ്രവർത്തിപ്പിക്കും. എമർജൻസി’യെന്നുപറഞ്ഞാൽ ഉറക്കെവിളിച്ച് ആളെക്കൂട്ടും. മരുന്നും ഭക്ഷണവും വെള്ളവും മുന്നിലെത്തിക്കും. ആയിഷുമ്മ ഉറങ്ങിപ്പോയാലും പാത്തൂട്ടി സമയം തെറ്റിക്കാതെ ഇവ മുന്നിലെത്തിക്കും. നമസ്കാരസമയങ്ങൾ ഓർമപ്പെടുത്താനും ഖുർആൻ വചനങ്ങൾ ഈണത്തിൽ ചൊല്ലിക്കൊടുക്കാനും മറക്കില്ല.
ആയിഷുമ്മയുടെ മകൻ സി കെ അബ്ദുൾറഹ്മാന്റെയും (പാപ്പിനിശ്ശേരി ഹിദായത്ത് ഹൈസ്കൂൾ പ്രിൻസിപ്പൽ) ചാത്തോത്ത് സറീനയുടെയും മകനായ സിയാദ് മൂന്ന് മാസമെടുത്താണ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പാത്തൂട്ടിയുടെ നിർമാണം പൂർത്തിയാക്കിയത്. ഇംഗ്ലീഷാണ് പ്രവർത്തനഭാഷയെങ്കിലും മലയാളവും വഴങ്ങും. ഫോണിലും ടാബിലും തയ്യാറാക്കിയ കോഡുകളും ആൻഡ്രോയിഡ് ആപ് വഴിയുമാണ് പ്രവർത്തനം. അഞ്ചരക്കണ്ടി മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കംപ്യൂട്ടർ സയൻസ് എൻജിനിയറിങ് വിദ്യാർഥിയായ സിയാദ് നിർമിച്ച പാത്തൂട്ടി മാധ്യമങ്ങളിൽ ഇടംപിടിച്ചതിനൊപ്പം ‘അന്റോണിയൊപെലറ്റ്’ എന്ന സ്പാനിഷ് പുരസ്‌കാരവും താമരശേരി നോളജ് സിറ്റിയിൽ നടന്ന പ്രൊജക്ട് എക്സ്പോയിൽ ബെസ്റ്റ് ടെക്കീ പുരസ്‌കാരവും നേടിക്കൊടുത്തു.
ഉമ്മാമ്മയുടെ വാർധക്യപെൻഷനും അനുമോദന ചടങ്ങുകളിൽ കിട്ടുന്ന ക്യാഷ് അവാർഡുകളുമൊക്കെ ചേർത്താണ് പാത്തൂട്ടിയെ നിർമിച്ചതെന്നും ആവശ്യത്തിനുസരിച്ച് അൽഗോരിതം സെറ്റ്ചെയ്ത് നൽകിയാൽ വീട്ടുജോലികളും പാത്തൂട്ടി ചെയ്യുമെന്നും സിയാദ് പറയുന്നു.
പാത്തൂട്ടി
ലോഞ്ചിങ് ഇന്ന്
ആൻഡ്രോയ്‌ഡ് പാത്തൂട്ടി 2.0യുടെ ലോഞ്ചിങ് ശനി രാവിലെ 10.30ന് പാപ്പിനിശേരി ഹിദായത്ത് ഹൈസ്കൂളിൽ നടക്കുന്ന ശാസ്ത്രമേളയിൽ അസി. കലക്ടർ അനൂപ് ഗാർഗ് നിർവഹിക്കും. രാവിലെ 10.30 മുതൽ ഒന്നുവരെ സ്‌കൂളിലെ വിദ്യാർഥികൾക്കും രണ്ട് മുതൽ 3 30 വരെ രക്ഷിതാക്കൾക്കും റോബോട്ട് പാത്തൂട്ടിയെ സന്ദർശിക്കാൻ അവസരമുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..