27 April Saturday

തൊഴിലാളികളെ സമൂഹദ്രോഹികളായി ചിത്രീകരിക്കാൻ ശ്രമം: ആനത്തലവട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

ആലപ്പുഴ > തൊഴിലാളികളെ സമൂഹദ്രോഹികളായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്‌  സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. സിഐടിയു ജില്ലാ സമ്മേളനം പറവൂർ ഇഎംഎസ്‌ ഓഡിറ്റോറിയത്തിൽ ( പി കെ സോമൻ നഗർ) ഉദ്‌ഘാടനം ചെയ്യുകയയായിരുന്നു അദ്ദേഹം.

സ്വന്തം കാര്യം മാത്രം നോക്കുന്നവനല്ല തൊഴിലാളി. സമൂഹത്തിലെ നാനാവിഭാഗം ആളുകളുടെയും കാര്യങ്ങൾ നോക്കുന്നവരാണ്‌ തൊഴിലാളികൾ.  ആ തൊഴിലാളികളാണ്‌ നാടിന്റെ സ്വാതന്ത്ര്യത്തിനായി സർ സി പിയുടെ പട്ടാളത്തോട്‌ ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചത്‌. ഇന്ന്‌ രാജ്യത്ത്‌ കാണുന്ന സകല വളർച്ചയും നിർമിതിയും തൊഴിലാളിയുടെ അധ്വാനത്തിന്റെ ഫലമാണ്‌. മണ്ണിനടിയിൽ കിടന്ന സമ്പത്ത്‌ രാജ്യസമ്പത്താക്കി മാറ്റിയത്‌ തൊഴിലാളകളാണ്‌. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും രാജ്യത്തിനായി ജീവത്യാഗം ചെയ്‌തത്‌ തൊഴിലാളികളാണ്‌. മറ്റാരാണ്‌ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിക്കുന്നത്‌. അവരെയാണ്‌ നാടിന്റെ ശത്രുവെന്ന്‌ അധിക്ഷേപിക്കുന്നത്‌. മാധ്യമങ്ങളും തൊഴിലാളികളെ ശത്രുക്കളാക്കി വികൃതമായി ചിത്രീകരിക്കാൻ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാരിന്‌ കീഴിൽ തൊഴിലാളികളുടെ വരുമാനം കുറഞ്ഞു.  കുത്തകമുതലാളിമാരുടെ സമ്പത്ത്‌ കൂടി. രാജ്യത്തെ 140 കോടി ജനങ്ങൾക്കും അവകാശപ്പെട്ട സമ്പത്തിന്റെ 60 ശതമാനം പത്ത്‌ ശതകോടീശ്വരരുടെ കൈയിലേക്കെത്തുന്നു. അതിന്‌ അനുകൂലമായ രീതിയിൽ ഭരണകൂടം നയം രൂപീകരിക്കുന്നു. പോരാട്ടം ശക്തമാക്കി നയം തിരുത്തിയാലേ സമൂഹത്തിന്‌ നന്മയുണ്ടാകു.  സിഐടിയുവിന്റെ ലക്ഷ്യം അതാണ്‌. തൊഴിലാളികളുടെ അധ്വാനത്തെ ചൂഷണം ചെയ്‌ത്‌ ലാഭമുണ്ടാക്കാൻ കഴിയുന്ന തരത്തിൽ, സംഘടിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കി തൊഴിൽ നിയമങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തി. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന പല സംസ്ഥാനങ്ങളും അതിനനുകൂലമായി നിയമം പാസാക്കി. എന്നാൽ കേരളം നിയമം പാസാക്കില്ലെന്ന്‌ നിലപാട്‌ എടുത്തു.

75 വർഷംകൊണ്ട്‌ കർഷകരും തൊഴിലാളികളും നേടിയ സമ്പത്ത്‌ മുഴുവൻ വിറ്റ്‌ മോദി ഭരിക്കുകയാണ്‌. ആ സമ്പത്ത്‌ മുഴുവൻ കുത്തകകളുടെ കയ്യിലെത്തിച്ചു. വർഗീയതയാണ്‌ മോദിയെ വീണ്ടും അധികാരത്തിലെത്തിച്ചത്‌. കോടതിയെയും കേന്ദ്ര ഏജൻസികളെയും ഭരണകൂടത്തിന്റെ ഉപകരണങ്ങളാക്കി. മാധ്യമങ്ങൾ ഭൂരിപക്ഷവും കോർപ്പറേറ്റുകളുടെ കീഴിലാക്കി. രാജ്യം വിറ്റ പണം കൊണ്ട്‌ കോൺഗ്രസുകാരെ ബിജെപി വിലക്കെടുക്കുകയാണ്‌. രാഹുൽ ഗാന്ധി ഇന്ത്യ മുഴുവൻ നടന്നാൽ കോൺഗ്രസ്‌ രക്ഷപ്പെടുമോ. ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട്‌ എതിർക്കാൻ കഴിയുമെന്ന്‌ കരുതുന്നത്‌ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top