തൃപ്പൂണിത്തുറ
പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രസംഗിക്കാനുള്ള അവസരം നേടി കേരളത്തിന് അഭിമാനമായി തൃപ്പൂണിത്തുറ സ്വദേശിനി പി അനഘ. കോട്ടയ്ക്കകം ശിൽപ്പിസൗഭദ്രം അപ്പാർട്‌മെന്റിൽ മോഹൻകുമാർ–-വിജയ ദമ്പതികളുടെ മകളാണ്. കുസാറ്റിലെ എൽഎൽബി വിദ്യാർഥിനിയായ അനഘ ഗാന്ധിജയന്തി ദിനത്തിലാണ് പാർലമെന്റ് മന്ദിരത്തിൽ കേരളത്തിന്റെ പ്രതിനിധിയായി പ്രസംഗിക്കുക.
നെഹ്റു യുവകേന്ദ്ര ജില്ല–-സംസ്ഥാനതലങ്ങളിൽ നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയതാണ് അനഘയ്ക്ക് പാർലമെന്റിലേക്കുള്ള വഴിതുറന്നത്. നെഹ്റു യുവകേന്ദ്ര എല്ലാ സംസ്ഥാനങ്ങളിലും നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയവർക്ക് പാർലമെന്റ് മന്ദിരത്തിലെത്താൻ അവസരം ലഭിക്കും. എന്നാൽ, അവിടെയെത്തുന്ന 28 പേരിൽ ഏഴുപേർക്ക് മാത്രമാണ് പ്രസംഗിക്കാൻ അവസരമുള്ളത്. ആ ഏഴുപേരിൽ ഒരാളായി അനഘയും തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയെക്കുറിച്ച് ഇംഗ്ലീഷിൽ പ്രസംഗിക്കാനാണ് അനുമതി.
നിരവധി പ്രസംഗമത്സരങ്ങളിൽ ജേതാവാണ് അനഘ. നിവേദിത വനിതാ സമാജത്തിന്റെ സംസ്ഥാന പ്രബന്ധമത്സരത്തിൽ ഒന്നാംസ്ഥാനവും കൊണാർക്ക് പബ്ലിഷേഴ്സ് ദേശീയതലത്തിൽ നടത്തിയ മത്സരത്തിൽ രണ്ടാംസ്ഥാനവുമുൾപ്പെടെ ഒട്ടേറെ സമ്മാനങ്ങളും നേടി. ചരിത്രനേട്ടത്തിൽ പങ്കാളിയാകാൻ ഒക്ടോബർ ഒന്നിന് രാജ്യതലസ്ഥാനത്തെത്താൻ തയ്യാറെടുക്കുകയാണ് അനഘയും കുടുംബവും. ഡോ. അമൃത സഹോദരിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..