20 April Saturday

അമിത്‌ ഷായ്‌ക്ക്‌ പിന്നാലെ കേരളസന്ദർശനം റദ്ദാക്കി മോദിയും; ബിജെപി നേതൃത്വത്തിന്‌ കടുത്ത ക്ഷീണം

പ്രത്യേക ലേഖകൻUpdated: Saturday Jun 18, 2022

തിരുവനന്തപുരം > ബിജെപിയുടെ കേരള നേതൃത്വത്തെ തള്ളുന്ന നിലപാടുമായി അമിത്‌ ഷായ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മോദി ചൊവ്വാഴ്‌ച തിരുവനന്തപുരത്തെത്തി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുമെന്ന്‌ ബിജെപി മീഡിയകൾ വൻ പ്രചാരം നൽകിയിരുന്നു. സ്വപ്‌നയുടെ ആരോപണങ്ങളുടെ സാഹചര്യത്തിൽ പ്രധാനമന്ത്രി കേരളത്തിലെത്തി പറയുന്ന കാര്യങ്ങൾക്ക്‌ ദേശീയ പ്രാധാന്യമുണ്ടാകുമെന്നും പ്രചരിപ്പിച്ചു. എന്നാൽ, പരിപാടി ഉപേക്ഷിച്ചതായാണ്‌ വാർത്തകൾ. സംസ്ഥാന സർക്കാരിനും അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

ദേശീയ പാത, റെയിൽവേ സ്‌റ്റേഷനുകളുടെ വികസനം, ചിങ്ങവനം–-കോട്ടയം പാത ഇരട്ടിപ്പിക്കലടക്കം ഉദ്ഘാടനം ചെയ്യാനാണ്‌ പ്രധാനമന്ത്രി വരാമെന്ന്‌ ഏറ്റതെന്ന്‌ ബിജെപി നേതാക്കൾ പറയുന്നു. എന്നാൽ, പ്രഖ്യാപിച്ച നേമം ടെർമിനലടക്കം ഉപേക്ഷിച്ചതിന്‌ മറുപടിയില്ലാതെ കുഴങ്ങുകയാണ്‌ ബിജെപി നേതാക്കൾ.

കഴിഞ്ഞമാസം അമിത്‌ ഷാ തിരുവനന്തപുരത്തെത്തുമെന്ന്‌ പ്രഖ്യാപിച്ച്‌ സംസ്ഥാന ബിജെപി നേതൃത്വം വൻപ്രചാരണം നടത്തിയിരുന്നു. അമിത്‌ ഷായ്‌ക്ക്‌ സ്വാഗതമരുളി  സ്ഥാപിച്ച കൂറ്റൻ ബോർഡുകൾ ഇപ്പോഴും മാറ്റിയിട്ടില്ല. ലക്ഷങ്ങളാണ്‌ കെ സുരേന്ദ്രനും സംഘവും ഇതിന്‌ ചെലവഴിച്ചത്‌. എന്നാൽ, അവസാന നിമിഷം അമിത്‌ ഷാ യാത്ര റദ്ദാക്കി.

ഷായ്‌ക്ക്‌ പിന്നാലെ മോദിയും പരിപാടി പ്രഖ്യാപിച്ചശേഷം പിൻമാറിയത്‌ സംസ്ഥാന ബിജെപി നേതൃത്വത്തിന്‌ കടുത്ത ക്ഷീണമായി. പിടിപ്പുകെട്ട നേതൃത്വമാണ്‌ സുരേന്ദ്രന്റേതെന്ന എതിർ വിഭാഗത്തിന്റെ പരാതി ഇത്‌ ശരിവയ്ക്കുന്നു.  തൃക്കാക്കരഫലമടക്കം സംസ്ഥാനനേതൃത്വത്തിന്‌ കനത്ത ആഘാതമേകി. ഇതോടെ കേന്ദ്രനേതൃത്വത്തിന്റെ കണക്കിൽ ബിജെപിക്ക്‌ വളർച്ചയില്ലാത്ത സംസ്ഥാനങ്ങളുടെ ഗണത്തിലാണ്‌ കേരളമുള്ളത്‌. ഇതും സുരേന്ദ്രൻ വിഭാഗത്തിന്റെ ഭാവിക്ക്‌ ദോഷമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top