26 April Friday

അമിത്‌ ഷായുടേത്‌ ബഡായി മാത്രം ; വികസന പദ്ധതികൾ കെട്ടിപ്പൂട്ടി വച്ചു , തൊഴിലുറപ്പുപോലും വെട്ടി

സ്വന്തം ലേഖകൻUpdated: Monday Mar 13, 2023


തിരുവനന്തപുരം  
കേന്ദ്രസർക്കാർ കേരളത്തിന്‌ വാരിക്കോരി പണം നൽകുന്നുവെന്ന്‌ തൃശൂരിൽ വീമ്പിളക്കിയ ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഡൽഹിയിൽ ശ്രമിക്കുന്നത്‌ അനുവദിക്കുന്ന സഹായംകൂടി മുടക്കാൻ. കേരളം സമർഥമായി ഉപയോഗിക്കുന്ന തൊഴിലുറപ്പ്‌ പദ്ധതിക്കടക്കം തുക വെട്ടിക്കുറച്ചു. കാൽനൂറ്റാണ്ടായി ആവശ്യപ്പെടുന്ന വികസന പദ്ധതികൾ കെട്ടിപ്പൂട്ടി വച്ചു. 

സാമൂഹ്യക്ഷേമ പദ്ധതികൾ അട്ടിമറിക്കാൻ വായ്‌പ‌പ്പണം ഇത്തരം പദ്ധതികൾക്ക് ഉപയോഗിക്കരുതെന്ന ധന ഉത്തരവാദിത്വനിയമം കർശനമാക്കി. മൂന്ന് ശതമാനത്തിനപ്പുറം വായ്‌പയെടുക്കുന്നതും വിലക്കി. 24,638 കോടി രൂപയുടെ വായ്പയാണ്‌ നഷ്ടം. ട്രഷറി സേവിങ്‌സ് ബാങ്ക് നിർത്തലാക്കാനും ആവശ്യപ്പെടുന്നു.
കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നതിനിടയിലും വികസനത്തിനുവേണ്ടി കിഫ്ബി ഉപയോഗപ്പെടുത്തിയപ്പോൾ അതും തടയുന്നു.  കിഫ്‌ബിക്കെതിരെ കേന്ദ്ര ഏജൻസികളെ കയറൂരിവിട്ടു. ദേശീയപാത അതോറിറ്റിപോലുള്ള ഏജൻസികൾവഴി കേന്ദ്ര സർക്കാരിന്‌ എത്ര വേണമെങ്കിലും വായ്പയെടുക്കാം, കേരളത്തിന് പാടില്ല. റെയിൽ വികസനത്തിന്റെ ശവപ്പറമ്പാക്കി കേരളത്തെ മാറ്റാനും ശ്രമിക്കുന്നു. യുപിഎ കാലത്ത്‌ പ്രഖ്യാപിച്ച പദ്ധതികൾപോലും അനുവദിക്കുന്നില്ല. എയിംസോ അതിവേഗ റെയിൽപ്പാതയോ കഴിഞ്ഞ ബജറ്റിലും മിണ്ടിയില്ല.  ബിപിസിഎൽ സംസ്ഥാനത്തോട് ആലോചിക്കാതെ വിൽക്കാനാണ്‌ നീക്കം. 

തൊഴിലുറപ്പുപദ്ധതിക്ക് കഴിഞ്ഞ വർഷത്തേക്കാൾ 30,000 കോടി കുറച്ചാണ്‌ അനുവദിച്ചത്‌. ഇതിന്റെ ആഘാതം കേരളത്തെയാണ്‌ കൂടുതൽ ബാധിക്കുക. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കെല്ലാം നിബന്ധനകൾ കർശനമാക്കിയും ബജറ്റ്‌ വിഹിതം കുറച്ചും സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന നിലപാടിലാണ്‌. ഇതൊന്നും കാണാതെ കേരളത്തിന്‌ ചില ഔദാര്യങ്ങൾ തരുന്നുവെന്ന ഭാവത്തോടെയുള്ള അമിത്‌ ഷായുടെ പ്രസംഗംതന്നെ കേരളത്തെ എങ്ങനെ കാണുന്നുവെന്നതിന്‌ തെളിവാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top