ആലപ്പുഴ > നിപാ പരിശോധനയ്‌ക്ക് സജ്ജമെങ്കിലും പരിശോധനാഫലം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ആലപ്പുഴയിലുള്ള ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കേരള ഘടകത്തിനും അനുമതിയില്ല. തടസമാകുന്നത് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മാനദണ്ഡം. സംസ്ഥാനത്ത് അടുത്തടുത്തായി നാലാം തവണയും നിപാ സ്ഥിരീകരിച്ചിട്ടും ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേരള ഘടകത്തിന് രോഗനിർണയത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നൽകിയിട്ടില്ല.
നിപാ ഉൾപ്പെടെയുള്ള അതീവ മാരക വൈറസ് സാന്നിധ്യം തിരിച്ചറിയാൻ സംവിധാനമുള്ള ബയോ സേഫ്‌റ്റി ലെവൽ (ബിഎസ്‌എൽ) 2 പ്ലസ് നിലവാരത്തിലുള്ള ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേരള ഘടകം പ്രവർത്തിക്കുന്നത് ആലപ്പുഴ വണ്ടാനം ടി ഡി മെഡിക്കൽ കോളേജിലാണ്. സംസ്ഥാന സർക്കാർ അനുവദിച്ച അഞ്ച് ഏക്കർ സ്ഥലത്ത് 30 കോടിയോളം ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിലാണ് ഇതിന്റെ പ്രവർത്തനം. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലെ സ്ഥാപനത്തിൽതന്നെ അത്യാധുനിക സൗകര്യങ്ങളുള്ളപ്പോഴാണ് പുണെയിലേക്ക് സാമ്പിൾ അയച്ച് ഫലത്തിനായി ഒരു ദിവസത്തോളം കാത്തിരിക്കേണ്ടി വരുന്നത്.
പ്രതിദിനം 1000 സാമ്പിളുകളും ഒരേസമയം 100 ഓളം നിപാ സാമ്പിളുകളും ഇവിടെ പരിശോധിക്കാം. ആറ് മുതൽ എട്ട് മണിക്കൂർ വരെയാണ് നിപാ സ്ഥിരീകരിക്കാനുള്ള റിയൽ ടൈം ആർടിപിസിആർ പരിശോധനയ്‌ക്ക് വേണ്ടത്. ആലപ്പുഴയിൽ പരിശോധന ആരംഭിച്ചാൽ 12 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. 2006- ലെ വി എസ് സർക്കാരാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്ന ആശയം മുന്നോട്ടുവച്ചത്. 2011ൽ കെട്ടിട നിർമാണം ആരംഭിച്ചു. 2022 നവംബർ എട്ടിന് പുതിയ കെട്ടിടത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചു.
കെട്ടിട നിർമാണത്തിനായി എ എം ആരിഫ് എംപി 10 കോടി രൂപ ലഭ്യമാക്കി. 2006 മുതൽ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ലാബ് സ്വന്തം കെട്ടിടത്തിലേക്ക് മാറി. ബിഎസ്എൽ 2 പ്ലസ് നിലവാരത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ അണുനശീകരണ സംവിധാനത്തോടെയുള്ള ശീതീകരണ മുറികളാണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് -19, നിപാ വൈറസ് ഉൾപ്പടെയുള്ള പകർച്ചവ്യാധികളെക്കുറിച്ചും മനുഷ്യനും പക്ഷിമൃഗാദികൾക്കും ഭീഷണിയായി മാറുന്ന മറ്റു വൈറസുകളെക്കുറിച്ചും വേഗത്തിലും ആഴത്തിലുമുള്ള ഗവേഷണം നടത്താൻ ലാബിന് കഴിയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..