19 April Friday

ഓങ്കോളജി പാർക്ക്‌ ഒരുങ്ങും 
ആലപ്പുഴയിൽ ; നിർമാണം ഉടൻ , നൂറുദിന 
കർമപദ്ധതിയിൽ ഉൾപ്പെടുത്തി 
കല്ലിടും

ആർ ഹേമലതUpdated: Monday Mar 13, 2023

ആലപ്പുഴയിലെ നിർദ്ദിഷ്ട ഓങ്കോളജി പാർക്കിന്റെ രൂപരേഖ


കൊച്ചി
അർബുദ പ്രതിരോധ മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓങ്കോളജി പാർക്കിന്റെ നിർമാണം ആലപ്പുഴയിൽ ഉടൻ ആരംഭിക്കും. പദ്ധതിയുടെ വിശദ രൂപരേഖ കിഫ്‌ബിക്ക്‌ സമർപ്പിച്ചു. 231 കോടി രൂപ ചെലവഴിച്ച്‌  സ്ഥാപിക്കുന്ന പാർക്ക്‌ 2026 മാർച്ചിൽ പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

ഓരോ വർഷവും 35,000 പുതിയ അർബുദ രോഗികൾ കേരളത്തിലുണ്ടാകുന്നുവെന്നാണ്‌ കണക്ക്‌. സ്‌ത്രീകളിൽ സ്‌തനാർബുദവും ഗർഭാശയ അർബുദവും കൂടുതൽ കണ്ടുവരുമ്പോൾ പുരുഷന്മാർക്ക്‌ തൊണ്ടയിലും വായിലും ശ്വാസകോശത്തിലുമാണ്‌ അർബുദം ബാധിക്കുന്നത്‌. 2020-–-21 സാമ്പത്തികവർഷത്തെ സംസ്ഥാന ബജറ്റിലാണ്‌ ധനമന്ത്രിയായിരുന്ന ടി എം തോമസ്‌ ഐസക്‌ ആലപ്പുഴയിൽ ഓങ്കോളജി പാർക്ക് സ്ഥാപിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌. ആലപ്പുഴ കലവൂരിലെ കേരള സ്‌റ്റേറ്റ്‌ ഡ്രഗ്‌സ്‌ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസിനോട്‌ (കെഎസ്‌ഡിപി) അനുബന്ധിച്ച്‌ 6.55 ഏക്കർ സ്ഥലത്താണ്‌ പാർക്ക്‌ യാഥാർഥ്യമാകുന്നത്‌. സഹകരണവകുപ്പിൽനിന്ന്‌ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഭൂമിയാണിത്‌. വ്യവസായവകുപ്പിന്റെ കീഴിൽ നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ കഴിഞ്ഞദിവസം സമർപ്പിച്ചു. വിദഗ്‌ധരുമായി ആശയവിനിമയം നടത്തി തുടർ ശിൽപ്പശാലകൾ ആരംഭിച്ചു.

മൂന്നുനിലകളിലായി 12,810 ചതുരശ്രമീറ്റർ ചുറ്റളവിലാണ്‌ പാർക്കിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നത്‌. അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്ക്‌, ഓങ്കോളജി പ്രൊഡക്‌ഷൻ ബ്ലോക്ക്‌, യൂട്ടിലിറ്റി ബ്ലോക്ക്‌ എന്നിവ ഉൾപ്പെടുന്ന കെട്ടിടസമുച്ചയത്തിൽ സ്‌ക്രാപ് യാഡ്‌, സോൾവന്റ്‌ യാഡ്‌, സെക്യൂരിറ്റി സംവിധാനങ്ങൾ എന്നിവയും ഉണ്ടാകും. ഇൻഡോർ ആസ്ഥാനമായ ദോഷി കൺസൾട്ടൻസിയാണ്‌ നിർമാണം ഏറ്റെടുത്തത്‌. ഡയറക്‌ടർ ഉൾപ്പെടെ ഏകദേശം 200 പുതിയ തസ്‌തികകളും സൃഷ്‌ടിക്കും. എൽഡിഎഫ്‌ സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി കല്ലിടാനാണ്‌ ലക്ഷ്യംവയ്ക്കുന്നത്‌. പദ്ധതി യാഥാർഥ്യമാകുന്നതോടെ അർബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ ചലനമായിരിക്കും കേരളം സൃഷ്ടിക്കുകയെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌ പറഞ്ഞു. സംസ്ഥാനത്തെ അർബുദരോഗികൾക്ക്‌ 80 ശതമാനം വിലകുറച്ച്‌ മരുന്നുകൾ ലഭ്യമാക്കുന്നതിനൊപ്പം ആവശ്യം വർധിക്കുന്ന ആഗോളവിപണിയിൽ ഇടംപിടിക്കാനും ഈ മരുന്നുകൾക്ക്‌ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top