തിരുവനന്തപുരം> ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് കൈക്കൂലി നൽകിയെന്ന ആരോപണം പൊളിഞ്ഞതോടെ പുതിയ വാദവുമായി പരാതിക്കാരൻ. പണം കൊടുത്തു എന്ന് പറയുന്ന 2023 ഏപ്രിൽ 10ന് പകൽ 2.30 മുതൽ അഖിൽ മാത്യു പത്തനംതിട്ടയിലാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് കാഴ്‌ചപരിമിതിയുണ്ടെന്നും അതിനാൽ തന്നെ ഇയാൾത്തന്നെയാണോ പണംവാങ്ങിയതെന്ന കാര്യത്തിൽ വ്യക്തതക്കുറവുണ്ടെന്നും പരാതിക്കാരനായ ഹരിദാസൻ പറഞ്ഞത്.
ഈ വർഷം ഏപ്രിൽ 10ന് തിരുവനന്തപുരം തൈക്കാട് വച്ച് പകൽ മൂന്നിന് അഖിൽ മാത്യുവിന് പണം നൽകിയെന്നാണ് പരാതിക്കാരൻ ആരോപിച്ചത്. എന്നാൽ ഈ സമയം പത്തനംതിട്ട ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രി സെക്രട്ടറി അലൻ മാത്യു തോമസിന്റെയും ഹൈക്കോടതി അഭിഭാഷക ക്രിസ്റ്റീന പി ജോർജിന്റെയും വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന അഖിലിന്റെ വീഡിയോ ആണ് പുറത്തുവന്നത്.
അഖിലിന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് അലൻ. വൈകിട്ട് നാലിന് പത്തനംതിട്ട മൈലപ്ര ശാലേം മാർത്തോമ്മ പള്ളിയിലായിരുന്നു വിവാഹം. തുടർന്ന് മൈലപ്ര പള്ളിപ്പടി സാം ഓഡിറ്റോറിയത്തിലായിരുന്നു വിരുന്ന്. ഇതിൽ രണ്ടിലും അഖിൽ മാത്യു പങ്കെടുത്തിട്ടുണ്ട്.
അടിമുടി ദുരൂഹത
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹരിദാസന്റെ പരാതിയിൽ അടിമുടി ദുരൂഹത. വണ്ടൂർ ചേതന ഹോമിയോ ആശുപത്രിയിലേക്ക് സ്‌പെഷലിസ്‌റ്റ് ഹോമിയോ മെഡിക്കൽ ഓഫീസറുടെ താൽക്കാലിക തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചത് മാർച്ച് എട്ടിനാണ്. പിജി യോഗ്യതവേണ്ട തസ്‌തികയിലേക്ക് 12 പേരാണ് മാർച്ച് 21ന് അഭിമുഖത്തിനെത്തിയത്. ഇതിൽ ഹരിദാസന്റെ മകന്റെ ഭാര്യ ഇല്ല. പിജി യോഗ്യതയില്ലാത്ത അവർ ഈ തസ്‌തികയിലേക്ക് അപേക്ഷിച്ചു എന്നാണ് പരാതിയിൽ സൂചിപ്പിച്ചത്.
എന്നാൽ, 2022 ജൂൺ ആറിന് ജില്ലാ ഹോമിയോ ആശുപത്രിയിൽ താൽക്കാലിക മെഡിക്കൽ ഓഫീസർ നിയമനത്തിന് ഹരിദാസന്റെ മരുമകൾ അപേക്ഷിച്ചിരുന്നു. പരീക്ഷാ അറിയിപ്പ് ജില്ലാ ആയുഷ് മിഷന്റെ dpmayushmlp@gmail.com എന്ന ഇ–- മെയിലിൽനിന്ന് ഈ വർഷം മാർച്ച് ഒമ്പതിന് പകൽ മൂന്നിന് അയച്ചിട്ടുണ്ട്. മാർച്ച് 15നായിരുന്നു പരീക്ഷ. ജൂൺ മൂന്നിനായിരുന്നു അഭിമുഖം. ഉദ്യോഗസ്ഥർ മാത്രമുള്ളതായിരുന്നു ഇന്റർവ്യൂ ബോർഡ്. ഇതിലും നിയമനംനടന്നു. ഹരിദാസന്റെ മരുമകൾക്ക് നിയമന അറിയിപ്പു വന്ന ഇ മെയിൽ ഐഡി വ്യാജമാണെന്ന് തെളിഞ്ഞതോടെ അന്വേഷണം ആവശ്യപ്പെട്ട് ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാംമാനേജർ ഡോ. കെ എസ് സുനിത ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.
പത്തനംതിട്ട സ്വദേശിയായ അഖിൽ സജീവും മന്ത്രിയുടെ ഓഫീസിൽചെന്ന് പരാതി പറഞ്ഞ മലപ്പുറം പന്തല്ലൂർ സ്വദേശിയായ ബാസിതും തമ്മിലുള്ള ബന്ധവും ദുരൂഹമാണ്. ഹരിദാസനെതിരെ നേരത്തെ നിരവധി പരാതികളുണ്ട്. കസ്‌തൂരിരംഗൻ കമീഷൻ റിപ്പോർട്ടിനെത്തുടർന്ന് താമരശേരി വനംവകുപ്പ് ഓഫീസിന് തീയിട്ട സംഭവത്തിൽ ഗൂഢാലോചനാക്കുറ്റത്തിൽ ഉൾപ്പെട്ടിരുന്നു. ടിവി ചാനൽ പ്രവർത്തകനെ ആക്രമിച്ച സംഭവവുമുണ്ടായി.
ജൂലൈയിൽ അഖിൽ
പുറത്തുവിട്ട ചിത്രം ‘ഏപ്രിലിൽ’ കിട്ടിയെന്ന് ഹരിദാസൻ
ഏപ്രിലിൽ അഖിൽ സജീവ് അയച്ചുതന്ന ചിത്രമെന്നുപറഞ്ഞ് ഹരിദാസൻ ചാനലുകളെ കാണിക്കുന്നത് അഖിൽ മാത്യു ജൂലൈയിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം. ജൂലൈയിൽ "ഹൃദയമാണ് ഹൃദ്യം' ക്യാമ്പയിന്റെ ഭാഗമായി അഖിൽ സമൂഹമാധ്യമങ്ങളിൽ പ്രൊഫൈൽ ഫ്രെയിം ഉൾപ്പെടെ പങ്കുവച്ചതാണിത്. ഹൃദ്യം പദ്ധതിയെ തകർക്കാൻ "റിപ്പോർട്ടർ' ചാനൽ കൊണ്ടുവന്ന വാർത്താപ്രചാരണങ്ങൾ വ്യാജമെന്ന് തെളിഞ്ഞതോടെ ആരംഭിച്ചതാണ് ഈ പ്രൊഫൈൽ ക്യാമ്പയിൻ. എന്നാൽ, ഈ ചിത്രം ഏപ്രിലിൽ ലഭിച്ചെന്ന് പറയുന്നതോടെ കൈക്കൂലി വിവാദം മെനഞ്ഞെടുത്തതാണെന്ന് വ്യക്തമാക്കുന്നു. അഖിൽ സജീവാണ് ചിത്രം ഫോണിലേക്ക് അയച്ചതെന്നാണ് ഹരിദാസൻ പറയുന്നതെങ്കിലും അയച്ചത് ബാസിത്ത് എന്നയാളുടെ വാട്‌സാപ്പ് അക്കൗണ്ടിൽനിന്നാണെന്ന് ചാനൽ വീഡിയോയിൽനിന്നുതന്നെ വ്യക്തമാണ്.
പുറത്താക്കിയെന്നത് വ്യാജപ്രചാരണം
ഉപരിപഠനത്തിനായി ജോലിയിൽനിന്ന് വിടുതൽ വാങ്ങിയ പേഴ്സണൽ സ്റ്റാഫംഗത്തെ ആരോഗ്യമന്ത്രിയുടെ ഓഫീസിൽനിന്ന് പുറത്താക്കിയെന്ന വ്യാജപ്രചാരണവുമായി മാധ്യമങ്ങൾ. പേഴ്സണൽ സ്റ്റാഫിൽ ക്ലർക്കായി ജോലി ചെയ്തിരുന്ന വി എസ് ഗൗതമിനെ ഒഴിവാക്കിയുള്ള ഉത്തരവ് ചൊവ്വാഴ്ചയാണ് വന്നത്. എൽഎൽബി ബിരുദധാരിയായ വി എസ് ഗൗതമൻ തുടർപഠനത്തിനും പ്രാക്ടീസ് ചെയ്യുന്നതിനുമായി മൂന്നാഴ്ചയ്ക്കുമുമ്പ് മന്ത്രി വീണാ ജോർജിന് കത്ത് നൽകുകയും തുടർന്ന് ജോലിയിൽനിന്ന് ഒഴിവാകുകയും ചെയ്തു.
അഖില്‍ സജീവ് മുങ്ങിയിട്ട് ഒന്നരവർഷം
ആയുഷ് മിഷനിൽ ജോലി നൽകാമെന്നുപറഞ്ഞ് പണംതട്ടിയ സംഭവത്തിൽ ഇടനിലക്കാരനെന്ന് ആരോപണമുയർന്ന പത്തനംതിട്ട വള്ളിക്കോട് സ്വദേശി അഖിൽ സജീവ് നാടുവിട്ടിട്ട് ഒന്നര വർഷം. സിഐടിയു ജില്ലാകമ്മിറ്റി ഓഫീസിൽനിന്ന് 3,60,000 രൂപ രൂപ മോഷ്ടിച്ചതിൽ അന്നത്തെ ജില്ലാ സെക്രട്ടറി പി ജെ അജയകുമാർ പൊലീസിൽ പരാതി നൽകിയതോടെയാണ് ഇയാൾ മുങ്ങിയത്. സംഘടനയുടെ പണം ബാങ്കിൽ നിക്ഷേപിക്കാനും മറ്റും അഖിലാണ് പോയിരുന്നത്. മോഷണം കണ്ടുപിടിച്ചതോടെ ഓഫീസിൽനിന്ന് പുറത്താക്കി. പൊലീസിൽ പരാതിയും നൽകി. കേസിൽ അന്വേഷണം നടക്കുന്നു. അന്നുതന്നെ മാധ്യമങ്ങളെല്ലാം ഇത് വാർത്തയാക്കിയിരുന്നു. അഖിൽ സജീവ് മീൻ കച്ചവടം നടത്തി പലരെയും വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചതായും പരാതിയുണ്ട്. നിലവിൽ ഇയാളെകുറിച്ച് നാട്ടുകാർക്ക് വിവരമില്ല. വള്ളിക്കോട്ടെ വീട് ഒന്നരവർഷമായി പൂട്ടിക്കിടക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..