17 August Wednesday

'ബോംബിനെ പറ്റി നിങ്ങളുടെ നേതാവിനോട് ചോദിക്കൂ; അക്രമത്തെ അപലപിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തത് ആശ്ചര്യകരം': മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

തിരുവനന്തപുരം> എകെജി സെന്റര്‍ ആക്രമണത്തെ അപലപിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തത് ആശ്ചര്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം

 പ്രതികളെ പിടികൂടുമെന്നതില്‍ സംശയമില്ല. ഏതെങ്കിലും ഒരാളെ പിടിക്കുകയല്ല ലക്ഷ്യം. കൃത്യമായി കുറ്റവാളികളിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തരപ്രമേയം സഭ തള്ളി.

രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കുക എന്ന സമീപനം സിപിഐ എമ്മിനില്ല .പൊലീസിന് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായെന്ന് പറയാനാവില്ല.  കൃത്യമായി പൊലീസ് ഇല്ലാത്ത സ്ഥലം നോക്കിയ ശേഷമായിരുന്നു ആക്രമണം. ആസൂത്രണം ചെയ്താണ് ആക്രമണം നടത്തിയതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ തന്നെ വ്യക്തമാക്കുന്നുവെന്നും പിണറായി പറഞ്ഞു.

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റാണെന്ന് സിപിഐ  എം വ്യക്തമാക്കി. ഇതാണ് സിപിഐ എം  സമീപനം. ഓഫീസ് ആക്രമിച്ചത് തെറ്റാണെന്ന് രഹസ്യമായല്ല സര്‍ക്കാര്‍ പറഞ്ഞത്.പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. പ്രതിയെ പിടികൂടുക തന്നെ ചെയ്യും.  ബോംബിന്റെ രീതികളെപ്പറ്റി  തന്നോടല്ല,നിങ്ങളുടെ നേതാവിനോട് ചോദിച്ചാല്‍ മതി.

എസ്‌ഡിപിഐയുമായി കൂടിക്കാഴ്ച്ച എന്ന വാര്‍ത്തക്ക് പിന്നില്‍ ഗൂഢലക്ഷ്യമാണ്. എകെജി സെന്ററില്‍ ആര്‍ക്കും വരാം. പക്ഷെ ഇതു പോലുള്ള ആളുകള്‍ക്ക് വരാന്‍ കഴിയില്ല.നിങ്ങള്‍ ഒരു ആരോപണം ഉന്നയിച്ചാല്‍ നാടാകെ അത് ഏറ്റെടുക്കുമെന്ന് കരുതരുത്. സുപരീക്ഷിത ജീവിതമാണ് ഞങ്ങളുടെത്. എതെങ്കിലും ചിലര്‍ വന്ന് എന്തെങ്കിലും പറഞ്ഞാല്‍ അത് ഇടിഞ്ഞുപോകില്ല. അതുകൊണ്ടാണ് ശാന്തമായി നില്‍ക്കുന്നത്. ഒരുതരത്തിലുമുള്ള ഉള്‍ക്കിടിലമില്ലാതെ അത് നേരിടാന്‍ കഴിയുന്നത്. ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തണം. അങ്ങനെയായാല്‍ നിങ്ങള്‍ക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു


വാഹന ഡീലർമാരിൽനിന്ന്‌ വിവരം ശേഖരിക്കും
എ കെ ജി സെന്ററിനു നേരെ ബോംബെറിഞ്ഞയാൾ സഞ്ചരിച്ച വാഹനം തിരിച്ചറിയാൻ പൊലീസ്‌ ശ്രമം. പ്രതി ഓടിച്ച തരം സ്കൂട്ടർ വിൽക്കുന്ന ഇരുചക്ര വാഹന ഡീലർമാരുടെയും സഹായം പൊലീസ് ഇതിനായി തേടി. അതുവഴി പ്രതിയെ പിടിക്കാൻ സാധിക്കുമോയെന്ന ശ്രമവും നടക്കുന്നുണ്ട്.  സംഭവസമയത്ത് എ കെ ജി സെന്ററിന് സമീപത്തെ ടവർ ലൊക്കേഷനിൽ കാണപ്പെട്ട മൊബൈൽ ഫോ‍ൺ ഉടമകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടങ്ങി. മൊബൈൽ സേവന ദാതാക്കളിൽനിന്ന്‌ വിശദാംശം തേടി. പ്രതിക്ക് സഹായം നൽകിയെന്ന്‌ കരുതുന്നയാളെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഇയാളാണ്‌ സ്ഫോടകവസ്തു കൈമാറിയതെന്ന സംശയം പൊലീസിനുണ്ട്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top