23 April Tuesday

വൻ ഗൂഢാലോചന, 
അന്വേഷണം ഉന്നതരിലേക്കും ; നിലതെറ്റി കെപിസിസി 
നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022


തിരുവനന്തപുരം
എ കെ ജി സെന്ററിലേയ്ക്ക് സ്‌ഫോടകവസ്‌തു എറിഞ്ഞതിനു പിന്നിലെ വൻഗൂഢാലോചനയ്‌ക്ക്‌ പിന്നിൽ ഉന്നത നേതാക്കളും. ജിതിന്റെ ഉടമസ്ഥതയിൽ കുളത്തൂരിലുള്ളതും മറ്റൊരു യൂത്ത്‌കോൺഗ്രസ്‌ നേതാവിന്റെ മേനംകുളത്തെ ലോഡ്‌ജിലുമായിരുന്നു ഗൂഢാലോചന. കോൺഗ്രസ്‌ നേതൃത്വത്തിന്‌ അക്രമത്തിലുള്ള പങ്കും പ്രതിക്ക്‌ സൗകര്യമൊരുക്കിയതും അന്വേഷിച്ചുവരികയാണ്‌.  മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ചതിന്റെ തുടർച്ചയായാണ്‌ ജൂൺ 30ന്‌ രാത്രി എ കെ ജി സെന്ററിനു നേരെയും സ്‌ഫോടകവസ്‌തു എറിഞ്ഞത്‌.

പ്രതി ക്രൈംബ്രാഞ്ചിന്‌ നൽകിയ മൊഴി ഇത്‌ സാധൂകരിക്കുന്നു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി നേതൃത്വം  ആസൂത്രണംചെയ്‌തതാണ്‌ ആക്രമണമെന്ന്‌  വ്യക്തം. കോൺഗ്രസ്‌ ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ അക്രമം നടന്നുവെന്നും അതിന്റെ പ്രതികാരമായാണ്‌ എ കെ ജി സെന്ററിനുനേരെ സ്ഫോടകവസ്തു എറിഞ്ഞതെന്നുമാണ്‌ പ്രതിയുടെ മൊഴി.  ജിതിന്റെ സന്തത സഹചാരിയും കേസിൽ ബന്ധമുണ്ടെന്ന്‌ സംശയിക്കുന്ന യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനുമായി അടുത്ത ബന്ധമുണ്ട്‌. കെ എസ്‌ ശബരീനാഥൻ, ഷാഫി പറമ്പിൽ എംഎൽഎ, വി ടി ബൽറാം എന്നിവരടക്കമുള്ള യൂത്ത്‌കോൺഗ്രസ്‌ നേതാക്കളുമായി പ്രതിക്കും കൂട്ടാളികൾക്കും അടുത്ത ബന്ധമുണ്ട്‌. പ്രതി ജിതിന്റെ ഫോണിൽനിന്ന്‌ വിവരങ്ങൾ കണ്ടെടുക്കുന്നതോടെ ഈ കേസിലും ഗൂഢാലോചന സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവരും.

നിലതെറ്റി കെപിസിസി 
നേതൃത്വം
എ കെ ജി സെന്ററിനുനേരെ സ്‌ഫോടകവസ്‌തു എറിഞ്ഞ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ പിടിയിലായതോടെ നിലതെറ്റി കോൺഗ്രസ്‌ നേതൃത്വം. യൂത്ത്‌കോൺഗ്രസ്‌ പ്രവർത്തകരെ അറസ്റ്റ്‌ ചെയ്‌താൽ നോക്കിയിരിക്കില്ലെന്ന ഭീഷണിയുമായാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ നേരിട്ടത്‌. ശാസ്ത്രീയ തെളിവുകളോടെയാണ്‌ പ്രതി പിടിയിലായതെന്നത്‌ അംഗീകരിക്കാനും സുധാകരൻ തയ്യാറായില്ല.

ലഹരി കലർത്തിയ ചോക്ലേറ്റ്‌ നൽകിയാണ്‌ ജിതിനെക്കൊണ്ട്‌ കുറ്റസമ്മതം നടത്തിച്ചതെന്ന പരിഹാസ്യമായ വാദവും സുധാകരൻ ഉന്നയിച്ചു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച മറ്റൊരു യൂത്ത്‌കോൺഗ്രസ്‌ നേതാവിനും ലഹരിമരുന്ന്‌ കലർത്തിയ ചോക്ലേറ്റ്‌ നൽകിയെന്നും ഇയാളെ ലഹരിമുക്ത കേന്ദ്രത്തിലേക്ക്‌ മാറ്റേണ്ടി വന്നതായും സുധാകരൻ ആരോപിച്ചു.

ഭാരത്‌ ജോഡോ യാത്രയോടുള്ള അസ്വസ്ഥതയാലാണ്‌ ജിതിനെ കസ്റ്റഡിയിലെടുത്തതെന്നാണ്‌ യൂത്ത്‌കോൺഗ്രസ്‌ നേതാവ്‌ ഷാഫി പറമ്പിൽ പ്രതികരിച്ചത്‌. അക്രമത്തെ തള്ളിപ്പറയാൻ ഷാഫിയടക്കമുള്ള യൂത്ത്‌കോൺഗ്രസ്‌ നേതാക്കൾ തയ്യാറായിട്ടില്ല. അതേസമയം, കെ സുധാകരൻ കെപിസിസി പ്രസിഡന്റായശേഷമുള്ള ഗുണ്ടാരാജിൽ ഒരുവിഭാഗം മുതിർന്ന കോൺഗ്രസ്‌ നേതാക്കളടക്കം അസ്വസ്ഥരാണ്‌. ഇത്തരം പ്രവർത്തനങ്ങൾകൊണ്ട്‌ കോൺഗ്രസിനെ രക്ഷിക്കാനാകില്ലെന്നും നിലവിലുള്ള പിന്തുണ പോകാനേ ഇത്‌ ഉപകരിക്കൂവെന്നും ഒരു മുതിർന്ന എംപി അഭിപ്രായപ്പെട്ടു. മുൻ പ്രസിഡന്റുമാരടക്കമുള്ള നേതാക്കളിൽ ചിലർക്കും സമാന അഭിപ്രായമുണ്ട്‌.


 

കിട്ടി... കിട്ടിയപ്പോൾ മൗനം
പ്രതിയെ പിടികൂടാൻ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ്‌ നീങ്ങിയപ്പോൾ ‘കിട്ടിയോ’ എന്ന്‌ പരിഹസിച്ച ഒരുവിഭാഗം മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും ബിജെപിക്കും കുറ്റവാളി പിടിയിലായപ്പോൾ മൗനം. അതേസമയം, തന്റെ അടുപ്പക്കാരിലേക്ക്‌ പൊലീസ്‌ എത്തിയതോടെ ഭീഷണിയുടെ സ്വരത്തിലാണ്‌ കെ സുധാകരനടക്കമുള്ളവരുടെ പ്രതികരണം.

പ്രതി ഇല്ലാത്തതിനാലാണ്‌ പിടികൂടാത്തതെന്ന പരിഹാസമാണ്‌ കോൺഗ്രസ്‌ അനുകൂല കേന്ദ്രങ്ങൾ നടത്തിയത്‌. സമൂഹമാധ്യമങ്ങളിലൂടെയും ഒരു വിഭാഗം പത്ര– -ദൃശ്യ മാധ്യമങ്ങളിലൂടെയും ഇതിന്‌ വലിയ പ്രചാരണം നൽകി. പി സി വിഷ്ണുനാഥ്‌ എംഎൽഎ നിയമസഭയിൽ അടിയന്തരപ്രമേയംപോലും അവതരിപ്പിച്ചു. പ്രമേയത്തെ അനുകൂലിച്ച്‌ സംസാരിച്ച പ്രതിപക്ഷവും സംഭവത്തിന്റെ ഉത്തരവാദിത്വം സിപിഐ എമ്മിനുമേൽ കെട്ടിവയ്‌ക്കാനുള്ള ശ്രമമാണ്‌ നടത്തിയത്‌.

പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ലെന്ന്‌ മാധ്യമങ്ങൾ നിരന്തരം വാർത്ത നൽകി. ശാസ്ത്രീയത്തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി പിടിയിലാകുമെന്ന്‌ വ്യക്തമായതോടെ ഇതേ മാധ്യമങ്ങൾ വാർത്തയിൽനിന്ന്‌ പതിയെ പിൻവാങ്ങിത്തുടങ്ങി. വ്യാഴം രാവിലെ പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടും കാര്യമായ വാർത്താ പ്രാധാന്യം നൽകാൻ ചാനലുകൾ തയ്യാറായില്ല. പോപ്പുലർ ഫ്രണ്ട്‌ ഓഫീസുകളിൽ നടത്തിയ പരിശോധനയും പ്രതിഷേധവും തുടർച്ചയായി ലൈവിൽ നിർത്തി എ കെ ജി സെന്റർ ആക്രമണ പ്രതിയെ പിടികൂടിയ വാർത്ത തമസ്കരിക്കാനുള്ള ശ്രമമായിരുന്നു കേന്ദ്രമന്ത്രിയുടെ ഉടമസ്ഥതയിലുള്ള ചാനൽ നടത്തിയത്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top