തിരുവനന്തപുരം
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിലേക്ക് സ്‌ഫോടകവസ്‌തു എറിഞ്ഞ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ.
തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ വി കുളത്തൂരിനെ (കണ്ണൻ–- 31)യാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷക സംഘം വ്യാഴം ഉച്ചയോടെ അറസ്റ്റുചെയ്‌തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (അഞ്ച്) പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. കൂടുതൽ അന്വേഷണങ്ങൾക്ക് കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷ വെള്ളിയാഴ്‌ച കോടതി പരിഗണിക്കും.
രണ്ടരമാസത്തെ ശാസ്ത്രീയ അന്വേഷണത്തിലാണ് ജിതിൻ പിടിയിലായത്. കേസിൽ ഉന്നതനേതാക്കളുടെ അടുപ്പക്കാരൻ പിടിയിലായത് കോൺഗ്രസിന് തലവേദനയായി. കെപിസിസി ഓഫീസിനും രാഹുൽഗാന്ധിയുടെ ഓഫീസിനും നേരെ നടന്ന ആക്രമണങ്ങൾക്ക് പ്രതികാരമായാണ് കൃത്യം നടത്തിയത്. ഇക്കാര്യം പ്രദേശിക നേതാക്കളോടും കൂട്ടുകാരോടും പറഞ്ഞിരുന്നതായും ജിതിൻ പൊലീസിനോട് സമ്മതിച്ചു.

പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെ കവടിയാറിലെ
ക്രൈംബ്രാഞ്ച് ഓഫീസിൽനിന്ന് കോടതിയിൽ കൊണ്ടുപോകുന്നു
ജൂൺ 30നു രാത്രിയാണ് ജിതിൻ സ്കൂട്ടറിൽ എത്തി എ കെ ജി സെന്ററിലേക്ക് സ്‌ഫോടകവസ്‌തു എറിഞ്ഞത്. നിരീക്ഷണ കാമറാ ദൃശ്യങ്ങൾ വ്യക്തമല്ലാത്തതിനാൽ പൊലീസ് ആദ്യം ആളെ തിരിച്ചറിഞ്ഞില്ല. തുടർന്ന് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നിരവധി പേരെ ചോദ്യംചെയ്‌തും അക്രമിയുടെ സ്കൂട്ടറിനെ പിന്തുടർന്നും നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. സ്‌ഫോടകവസ്‌തു എറിഞ്ഞശേഷം മടങ്ങിയ സ്കൂട്ടറിന്റെ ദൃശ്യം ഗൗരീശപട്ടത്തിനുശേഷം കാണാതായി. ഇതേസമയം, കെഎസ്‌ഇബിയുടെ നീല ബോർഡ് പതിപ്പിച്ച കാർ ഹെഡ്‌ലൈറ്റില്ലാതെയും പിന്നിലെ ഡിക്കി തുറന്നിട്ടും ഇതുവഴി പോയത് ശ്രദ്ധയിൽപ്പെട്ടു. തുടരന്വേഷണത്തിൽ കെഎസ്‌ഇബി അസി. എക്‌സിക്യൂട്ടീവ് എൻജിനിയർക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന കാർ ജിതിന്റേതാണെന്ന് സ്ഥിരീകരിച്ചു. ആക്രമണസമയത്ത് ധരിച്ച ടീ ഷർട്ടിട്ടുള്ള ജിതിന്റെ ചിത്രം ഫെയ്‌സ് ബുക്കിൽ കണ്ടതും ധരിച്ച ഷൂ വാങ്ങിയ കട കണ്ടെത്തിയതും നിർണായകമായി. ഫോൺ രേഖകൾ പരിശോധിച്ചതിലും ജിതിന്റെ പങ്കാളിത്തം തെളിഞ്ഞു. തുടർന്നുള്ള ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചു.
പ്രതി സഞ്ചരിച്ച സ്കൂട്ടർ, കാർ ഓടിച്ചതാര്, കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ, സ്ഫോടകവസ്തു എത്തിച്ചത് എവിടെനിന്ന് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..