04 July Friday

എകെജി സെന്റര്‍ ആക്രമണം: പ്രതിക്ക് 
സ്കൂട്ടർ എത്തിച്ചത്‌ 
വനിതാ നേതാവ്‌

സ്വന്തം ലേഖകൻUpdated: Sunday Sep 25, 2022


തിരുവനന്തപുരം
എ കെ ജി സെന്ററിലേക്ക്‌ സ്ഫോടകവസ്തുവെറിഞ്ഞ കേസിലെ പ്രതി ജിതിനെ  സഹായിച്ചതിൽ വനിതാ നേതാവും. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ വനിതയാണ്‌  യൂത്ത്‌കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കൂടിയായ ജിതിന്‌ സ്കൂട്ടർ എത്തിച്ചുനൽകിയത്‌. മറ്റൊരു യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോണ്ട ഡിയോ സ്കൂട്ടറാണ്‌ ഇവർ കൈമാറിയത്‌.

ജിതിന്റെ സുഹൃത്തായ യുവതി ജൂൺ 30ന്‌ രാത്രി 11ന്‌ ഗൗരീശപട്ടത്താണ്‌ സ്കൂട്ടർ കൈമാറിയത്‌. തുടർന്ന്‌ സ്ഫോടകവസ്തുവെറിഞ്ഞ്‌ എത്തുംവരെ കാറിൽ കാത്തിരുന്നു. തിരികെയെത്തിയ ജിതിൻ കാറുമായി പോയപ്പോൾ ഇവർ വീണ്ടും സ്കൂട്ടറുമായി പോയതായും വ്യക്തമായിട്ടുണ്ട്‌. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ്‌ ശേഖരിച്ചിട്ടുണ്ട്‌.

സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സ്കൂട്ടർ രണ്ടുപേർ ഓടിച്ചതെന്നാണ്‌ നിഗമനം. സ്കൂട്ടറിന്റെ സഞ്ചാരം പതിഞ്ഞെങ്കിലും യുവതി ആയതിനാൽ പൊലീസിന്റെ ശ്രദ്ധയിലും പതിഞ്ഞിരുന്നില്ല. ടവർ ലൊക്കേഷനും മൊബൈൽ വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പിന്നീട്‌ ഇവരെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. സുഹൃത്ത്‌ എന്ന നിലയിൽ കാണാൻ പോയി എന്ന്‌ മാത്രമായിരുന്നു അന്ന്‌ നൽകിയ മൊഴി.

അതേസമയം, അറസ്റ്റിലായ ജിതിനുമായി ക്രൈംബ്രാഞ്ച്‌ സംഘം തെളിവെടുപ്പ്‌ നടത്തി. കഴക്കൂട്ടം, മേനകുളം എന്നിവിടങ്ങളിലും ആക്രമണസമയത്ത്‌ ധരിച്ച വസ്ത്രം വാങ്ങിയ പട്ടത്തെ കടയിലും തെളിവെടുപ്പിനെത്തി. ചോദ്യം ചെയ്യലും തുടരുകയാണ്‌. ആക്രമണത്തിന്‌ ഉപയോഗിച്ച സ്കൂട്ടർ, സ്ഫോടകവസ്തു എവിടെനിന്ന്‌ കൊണ്ടുവന്നു തുടങ്ങിയ വിവരങ്ങൾ വെളിപ്പെടുത്താൻ ഇനിയും ജിതിൻ തയ്യാറായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top