24 April Wednesday

എ കെ ജി സെന്റര്‍ ആക്രമണം: പ്രതിയെത്തിയ സ്‌കൂട്ടറിനെക്കുറിച്ച്‌ സൂചന

സ്വന്തം ലേഖകൻUpdated: Monday Sep 26, 2022

തിരുവനന്തപുരം> എ കെ ജി സെന്ററിലേക്ക്‌ സ്‌ഫോടകവസ്‌തു എറിയാൻ യൂത്ത്‌ കോൺഗ്രസ്‌ നേതാവായ പ്രതി ജിതിനെത്തിയ സ്‌കൂട്ടറിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. വാഹന നമ്പർ സംബന്ധിച്ച വിവരമാണ്‌ അന്വേഷകസംഘം ശേഖരിച്ചത്‌. മറ്റൊരു യൂത്ത്‌ കോൺഗ്രസ്‌ നേതാവാണ്‌ സ്‌കൂട്ടറിന്റെ  ഉടമ.  

ജിതിന്റെ സുഹൃത്തായ വനിതാ നേതാവാണ്‌ ഈ സ്‌കൂട്ടർ ഗൗരീശപട്ടത്ത്‌ എത്തിച്ചതും ആക്രമണത്തിനുശേഷം തിരികെ കൊണ്ടുപോയതും. ഇവരെ വീണ്ടും ചോദ്യം ചെയ്യും. എന്നാൽ, ജിതിൻ പിടിയിലായതോടെ യുവതി ഒളിവിൽപോയി. ജിതിന്റെ കസ്റ്റഡി കാലാവധി തിങ്കളാഴ്‌ച അവസാനിക്കും. ഉച്ചയോടെ പ്രതിയെ തിരുവനന്തപുരം ജെഎഫ്‌സിഎം (മൂന്ന്‌) കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലുമായി ഇയാൾ കാര്യമായി സഹകരിച്ചിട്ടില്ല. സ്കൂട്ടർ, സ്ഫോടകവസ്തു തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ നൽകാനോ ആക്രമണസമയത്ത്‌ ധരിച്ച ടീഷർട്ടടക്കമുള്ള വസ്‌ത്രങ്ങൾ നൽകാനോ തയ്യാറായിട്ടില്ല.  ഞായറാഴ്‌ച പ്രതിയുമായി  ഗൗരീശപട്ടം, ആറ്റിപ്ര, കഴക്കൂട്ടം എന്നിവിടങ്ങളിൽ പൊലീസ്‌ തെളിവെടുത്തു.

ജിതിനും വനിതാ നേതാവും മയക്കുമരുന്ന്‌ കണ്ണികൾ

എ കെ ജി സെന്ററിലേക്ക്‌ സ്‌ഫോടകവസ്‌തു എറിഞ്ഞ കേസിലെ പ്രതി യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിതിനും സഹായിയായ വനിതാ നേതാവിനും മയക്കുമരുന്ന്‌ കണ്ണികളുമായും ബന്ധം. ഇതുസംബന്ധിച്ച തെളിവുകൾ പൊലീസിന്‌ ലഭിച്ചു. ഇരുവരുമായുള്ള ഫോൺ സംഭാഷണങ്ങളിലും സന്ദേശങ്ങളിലും  മയക്കുമരുന്ന്‌ കൈമാറ്റം സംബന്ധിച്ച വിവരങ്ങളുണ്ട്‌.

ജിതിനാണ്‌ ആക്രമണം നടത്തിയതെന്ന്‌ സംശയമുദിച്ചതോടെ ഇയാളുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷത്തിലാണ്‌ മയക്കുമരുന്നു സംബന്ധിച്ച വിവരങ്ങളും ലഭ്യമായത്‌. ജിതിൻ   2017ൽ കഞ്ചാവ്‌ കേസിൽ പൊലീസിന്റെ പിടിയിലായിരുന്നു. ഇയാളുടെ ലോഡ്‌ജ്‌ കേന്ദ്രീകരിച്ചാണ്‌ മയക്കുമരുന്ന്‌ ഇടപാടുകൾ. സ്‌ഫോടകവസ്‌തു എറിഞ്ഞ കേസിൽ പൊലീസ്‌ പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ മയക്കുമരുന്ന്‌ മാറ്റാൻ ജിതിൻ യുവതിക്ക്‌ നിർദേശം നൽകിയത്‌ സംബന്ധിച്ച വിവരവും പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top