20 April Saturday

എ കെ ജി സെന്റർ ആക്രമണം: പ്രതി ജിതിനെ റിമാൻഡ് ചെയ്‌‌തു

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

തിരുവനന്തപുരം> സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ അക്രമിച്ച യൂത്ത്‌കോൺഗ്രസ്‌ നേതാവ്‌ ജിതിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (അഞ്ച്) ആണ്  പ്രതിയെ റിമാൻഡ് ചെയ്‌തത്. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റ്‌ ജിതിൻ വി കുളത്തൂപ്പുഴയെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണ സംഘം വ്യാഴാഴ്‌ച‌ രാവിലെയാണ് അറസ്റ്റ്‌ ചെയ്‌തത്‌. രണ്ടരമാസം നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ്‌ പ്രതി പിടിയിലായത്‌. അക്രമത്തിന്‌ പിന്നിൽ തങ്ങളല്ലെന്ന്‌ സ്ഥാപിക്കാൻ നേതൃത്വം ശ്രമിക്കുന്നതിനിടെ ഉന്നത കോൺഗ്രസ്‌ നേതാക്കളുമായി ബന്ധമുള്ള യൂത്ത്‌കോൺഗ്രസ്‌ നേതാവ്‌ പിടിയിലായത്‌ യുഡിഎഫിനും തലവേദനയായി.

കഴിഞ്ഞ ജൂൺ 30ന്‌ രാത്രിയാണ്‌ എകെജി സെന്ററിന്‌ നേരെ ആക്രമണമുണ്ടായത്‌. സ്കൂട്ടറിലെത്തിയ യുവാവ്‌ സ്ഫോടക വസ്‌തുവെറിഞ്ഞ്‌ മടങ്ങുന്ന ദൃശ്യങ്ങൾ കിട്ടിയെങ്കിലും വ്യക്തതക്കുറവ്‌ മൂലം ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ്‌ കേസ്‌ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തത്‌. ക്രൈംബ്രാഞ്ച്‌ എസ്‌പി മധുസൂദനൻ, ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ നിരവധിയാളുകളെ ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്‌തിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ വ്യക്തതക്കുറവിൽത്തട്ടി അന്വേഷണം നിലയ്‌ക്കുമെന്ന ഘട്ടത്തിലാണ്‌ നിർണായക വഴിത്തിരിവുണ്ടായത്‌.

അക്രമി സഞ്ചരിച്ച സ്‌കൂട്ടറിന്റെ സഞ്ചാരപാത അന്വേഷണ സംഘം തേടിയത്‌. എകെജി സെന്ററിൽ നിന്ന്‌ മടങ്ങിയ സ്‌കൂട്ടർ ഗൗരീശപട്ടത്ത്‌ എത്തിയതോടെ അദൃശ്യമായി. ശേഷം ഒരു സിസിടിവിയിലും സ്കൂട്ടർ കണ്ടെത്താനായില്ല. തുടർന്ന്‌ നടത്തിയ പരിശോധനയിൽ കെഎസ്‌ഇബിയുടെ നീല ബോർഡ്‌ പതിപ്പിച്ച കാർ ഈ ഭാഗത്ത്‌ കൂടി കടന്നുപോകുന്നത്‌ ശ്രദ്ധയിൽപ്പെട്ടു. ഹെഡ്‌ലൈറ്റ്‌ പ്രകാശിപ്പിക്കാതിരുന്നതും പിന്നിലെ ഡിക്കി തുറന്ന്‌ കിടന്നതും സംശയം വർധിപ്പിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ പിടിയിലായ ജിതിന്റെ ഉടമസ്ഥതയിലുള്ള കാറാണിതെന്നും കെഎസ്‌ഇബി അസി. എക്‌സിക്യുട്ടീവ്‌ എൻജിനീയർക്ക്‌ വേണ്ടി കരാർ നൽകിതയാണെന്നും വ്യക്തമായി.

അക്രമസമയത്ത്‌ ജിതിൻ ധരിച്ച ടീഷർട്ടുമായുള്ള ഇയാളുടെ ചിത്രം ഫേസ്‌ബുക്കിലും കണ്ടു. ഇതും നിർണായക തെളിവായി. ഫോൺ രേഖകൾ പരിശോധിച്ചതിലും ഇയാളെ സംശയിക്കത്തക്ക നിരവധി വസ്തുതകൾ കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ്‌ പ്രതി കുറ്റം സമ്മതിച്ചത്‌. വ്യാഴം രാവിലെ കസ്റ്റഡിയിലെടുത്ത ഇയാളെ ഉച്ചയോടെ അറസ്റ്റ്‌ ചെയ്‌തു. വൈകിട്ട്‌ കോടതിയിൽ ഹാജരാക്കി. അക്രമസമയത്ത്‌ പ്രതി സഞ്ചരിച്ച സ്കൂട്ടറടക്കമുള്ള തെളിവുകൾ കണ്ടെത്തേണ്ടതുണ്ട്‌. അക്രമസമയത്ത്‌ കാർ ഓടിച്ചതാര്‌, കൂടുതലാളുകൾക്ക്‌ പങ്കുണ്ടോ, സ്ഫോടക വസ്തു എത്തിച്ചത്‌ എവിടെ നിന്ന്‌ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്‌.

ഉപയോഗിച്ചത് നിരോധിത രാസവസ്തു
മനുഷ്യജീവനും സ്വത്തിനും നാശം വരുത്തണമെന്ന ലക്ഷ്യത്തോടെയാണ്‌ ജിതിൻ എ കെ ജി സെന്ററിന്‌ നേരെ സ്ഫോടകവസ്തു എറിഞ്ഞതെന്ന്‌ റിമാൻഡ്‌ റിപ്പോർട്ട്‌. നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ്‌ ഉപയോഗിച്ച്‌ നിർമിച്ച സ്ഫോടകവസ്തുവാണ്‌ ആക്രമണത്തിന്‌ ഉപയോഗിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ക്രിമിനൽ ഗൂഢാലോചന, വസ്തുവകകൾക്ക്‌ നാശനഷ്ടമുണ്ടാക്കൽ,   സ്ഫോടകവസ്തു ഉപയോഗിച്ച്‌ നാശനഷ്ടമുണ്ടാക്കൽ, സ്ഫോടകവസ്തു നിയമവിരുദ്ധമായി കൈവശംവയ്‌ക്കൽ, സ്ഫോടനം നടത്തൽ എന്നീ വകുപ്പുകളാണ്‌ ചുമത്തിയത്‌.
കൃത്യത്തിന്‌ ഉപയോഗിച്ച ഹോണ്ട ഡിയോ സ്കൂട്ടർ തന്റെ സുഹൃത്തിന്റേതാണെന്നും വണ്ടി നമ്പർ അറിയില്ലെന്നുമാണ്‌ ജിതിന്റെ മൊഴി. അതേസമയം, അക്രമത്തിനുശേഷം രക്ഷപ്പെട്ട കാർ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. സ്കൂട്ടർ, സംഭവസമയത്ത്‌ ധരിച്ചിരുന്ന വസ്ത്രങ്ങൾ, ഷൂ എന്നിവ കണ്ടെടുക്കാനായി കസ്റ്റഡിയിൽ വേണമെന്നും 14 ദിവസം റിമാൻഡിൽ പാർപ്പിക്കണമെന്നും പൊലീസ്‌ കോടതിയിൽ ആവശ്യപ്പെട്ടു. സ്ഫോടകവസ്തുവിന്റെ ഉറവിടവും സഹായിച്ചവരെയും കണ്ടെത്താനുണ്ടെന്നും തുമ്പ പൊലീസ്‌ സ്റ്റേഷനിൽ മൂന്ന്‌ ക്രിമിനൽ കേസ്‌ ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ടെന്നും പൊലീസ്‌ കോടതിയെ അറിയിച്ചു.

പ്രതികൾ നിരപരാധിയാണെന്നും സ്ഫോടകവസ്തു എറിഞ്ഞിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റടക്കമുള്ളവ ഉപയോഗിച്ചുള്ള സ്ഫോടകവസ്തുവാണ്‌ എറിഞ്ഞതെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ അസി. പബ്ലിക്‌ പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി വാദിച്ചു. പൊട്ടാസ്യം നൈട്രേറ്റ്‌, അലുമിനിയം, സൾഫർ പൊടികൾ എന്നിവ ഫോറൻസിക്‌ പരിശോധനയിൽ കണ്ടെത്തിയതായും അദ്ദേഹം വാദിച്ചു. ഇക്കാര്യങ്ങൾ അംഗീകരിച്ചാണ്‌ കോടതി പ്രതികളെ രണ്ടാഴ്‌ചത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top