29 March Friday

എ കെ ജി സെന്ററിൽ ബോംബേറ്: ആദ്യമല്ല തീക്കളി

പ്രത്യേക ലേഖകൻUpdated: Saturday Jul 2, 2022

തിരുവനന്തപുരം> എ കെ ജി സെന്ററിനുനേരെ ഉണ്ടായ ബോംബേറിൽ നാടാകെ നടുങ്ങി, വ്യാപക പ്രതിഷേധം ഉയരുമ്പോൾ പ്രതിരോധിക്കാനാകാതെ കോൺഗ്രസ്‌ നേതാക്കൾ. കെ സുധാകരനടക്കം വിഭ്രാന്തരായി പ്രതികരിച്ച്‌ പ്രത്യാക്രമണം നടത്തുന്ന രീതിതന്നെ അക്രമത്തിലെ അവരുടെ പങ്കിനെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തുകയാണ്‌.

തങ്ങൾക്ക്‌ പങ്കില്ലെന്ന്‌ പറഞ്ഞതിനു തുടർച്ചയായി ‘ഇ പി ജയരാജന്റെ നാടകമാണെന്ന’ ഹീനമായ പ്രതികരണമാണ്‌ കെ സുധാകരൻ നടത്തിയത്‌. ബോംബേറിൽ ദുരൂഹതയുണ്ടെന്ന രമേശ്‌ ചെന്നിത്തലയുടെയും ഉമ്മൻചാണ്ടി അടക്കമുള്ളവരുടെയും പ്രതികരണങ്ങളും ഇതേ വഴിക്ക്‌. പാർടി ഓഫീസ്‌ അക്രമത്തെ അപലപിക്കാതെ സംഭവത്തെ ന്യായീകരിക്കാനാണ്‌ ഇവർ മുതിർന്നത്‌. ജനാധിപത്യത്തെക്കുറിച്ച്‌ വാചാലരാകുന്ന കോൺഗ്രസ്‌ നേതാക്കൾ ഒരാഴ്‌ചമുമ്പ്‌ വയനാട്‌ നടന്ന സംഭവത്തിൽ സിപിഐ എം സ്വീകരിച്ച മാതൃകാ നിലപാടും നടപടിയും മറന്നതായി നടിക്കുന്നു. എന്നാൽ, എ കെ ജി സെന്റർ  മുമ്പ്‌ ആക്രമിച്ച ചരിത്രം കോൺഗ്രസിന്‌ മറക്കാനാകില്ല.

കോൺഗ്രസ്‌ നേരിട്ട്‌ നടത്തിയ ആക്രമണത്തിന്റെയും കോൺഗ്രസ്‌ ഭരിച്ചവേളയിൽ നേതാക്കളുടെ അറിവോടെ നടത്തിയ പൊലീസ്‌ വെടിവയ്‌പിന്റെയും ലക്ഷ്യം ഒന്നുതന്നെയായിരുന്നു; നേതാക്കളെ വകവരുത്തുക. 1983 ഒക്‌ടോബറിൽ പാർടി സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗം നടക്കുന്നതിനിടെയാണ്‌ കോൺഗ്രസുകാർ എ കെ ജി സെന്റർ ആക്രമിച്ചത്‌. രമേശ്‌ ചെന്നിത്തലയുടെയും ബെന്നി ബെഹനാന്റെയും എംഎൽഎ ഓഫീസുകളിൽനിന്ന്‌ അക്രമത്തിൽ പങ്കെടുത്ത ചിലരെ എ കെ ജി സെന്ററിലെ ജീവനക്കാരും മറ്റും ചേർന്ന്‌ പിടികൂടി. ഇതോടെ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിഞ്ഞുമാറാനുള്ള ശ്രമം പാളി.

1991ൽ ഭീകര സാഹചര്യം ഉണ്ടാക്കിയാണ്‌ എ കെ ജി സെന്ററിനു നേരെ കോൺഗ്രസ്‌ നേതാക്കളുടെ ഒത്താശയോടെ പൊലീസ്‌  വെടിവയ്പുണ്ടായത്‌.
ഒട്ടേറെ നേതാക്കൾ അന്നും എ കെ ജി സെന്ററിനുള്ളിലുണ്ടായിരുന്നു. ഈ ആക്രമണങ്ങളെ തള്ളിപ്പറയാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top