25 April Thursday

എ കെ ജി സെന്ററിൽ ബോംബേറ് ഒന്നര മിനിറ്റിൽ; വന്നത് ക്രിമിനൽ

സ്വന്തം ലേഖകൻUpdated: Saturday Jul 2, 2022

ബോംബേറുണ്ടായ എ കെ ജി സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നു

തിരുവനന്തപുരം> എ കെ ജി സെന്ററിനു നേരെ ബോംബെറിഞ്ഞ്‌ അക്രമി തിരികെ മടങ്ങിയത്‌ ഒന്നര മിനിറ്റിനുള്ളിൽ. കൃത്യമായ പരിശീലനത്തോടെയും ആസൂത്രണത്തോടെയും നടത്തിയ ആക്രമണമെന്ന വിലയിരുത്തലിനെ ശരിവയ്‌ക്കുന്നതാണ്‌ പൊലീസ്‌ ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ. ഇത്തരം വസ്‌തുക്കൾ കൈകാര്യം ചെയ്യാൻ പരിശീലിച്ചവരാണ്‌ അക്രമത്തിനു പിന്നിലെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌.

രാത്രി 11.23നാണ്‌ അക്രമി സ്കൂട്ടറിൽ എ കെ ജി സെന്ററിന്‌ മുന്നിലെത്തിയത്‌. സ്കൂട്ടർ നിർത്തി കൈയിൽ കരുതിയിരുന്ന ബോംബ്‌ എറിഞ്ഞ്‌ തിരികെ മടങ്ങാനെടുത്തത്‌  ഒരു മിനിറ്റും 32 സെക്കൻഡും മാത്രം. പാളയം ഭാഗത്തുനിന്ന്‌ വരുമ്പോൾ വലതുഭാഗത്തായാണ്‌ എ കെ ജി സെന്റർ സ്ഥിതി ചെയ്യുന്നത്‌. എ കെ ജി സെന്ററിനോട്‌ ചേർന്ന്‌ താഴേക്കുള്ള കുന്നുകുഴി റോഡിൽനിന്നാണ്‌ അക്രമി സ്കൂട്ടറിൽ എത്തിയത്‌. അക്രമം കഴിഞ്ഞയുടൻ ഇതേ വഴിയാണ്‌ രക്ഷപ്പെട്ടതും.

അക്രമം നടക്കുന്ന സമയത്ത്‌ മറ്റൊരു ബൈക്കും ഇതുവഴി  വേഗത്തിൽ  കടന്നുപോകുന്നുണ്ട്‌.  ആ ബൈക്ക്‌ യാത്രക്കാരൻ  വേഗം കുറച്ച്‌ ബൈക്ക്‌ ഓഫാക്കി. വീണ്ടും ബെക്ക്‌ സ്റ്റാർട്ടാക്കി ഇയാളും കുന്നുകുഴി ഭാഗത്തേക്കാണ്‌ പോയത്‌.
ഈ ബൈക്കിലെത്തിയ വ്യക്തിക്ക്‌ അക്രമവുമായി ബന്ധമുണ്ടോയെന്നും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

നടപ്പാക്കിയത്‌ സതീശന്റെ ആഹ്വാനം

എ കെ ജി സെന്ററിനു നേരെ നടന്ന ബോംബാക്രമണത്തിലേക്ക്‌ നയിച്ചത്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനടക്കമുള്ളവരുടെ കലാപാഹ്വാനം. കഴിഞ്ഞ രണ്ടാഴ്‌ചയായി സതീശന്റെ പ്രസംഗങ്ങളിലും വാർത്താസമ്മേളനങ്ങളിലുമെല്ലാം നിഴലിക്കുന്നത്‌ കലാപാഹ്വാനങ്ങളും ഭീഷണിയുമായിരുന്നു. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ്‌ ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലും കലാപത്തിനുള്ള ആഹ്വാനമാണ്‌ സതീശൻ നൽകിയത്‌. നേരത്തെയുണ്ടായിരുന്ന രീതിയിൽ ഇനിയും പോകാനാകില്ലെന്നും ഏത്‌ രീതി വേണമെന്ന്‌ ആലോചിക്കുകയാണെന്നുമായിരുന്നു സതീശന്റെ പ്രസ്താവന.

പലപ്പോഴും ഇങ്ങനെ ചെയ്യുമെന്ന്‌ പറഞ്ഞിട്ടുണ്ട്‌. ഇപ്പോൾ എത്തിനിൽക്കുന്ന ഒരു ഘട്ടമുണ്ട്‌. എല്ലാവരും ആഗ്രഹിക്കുന്നത്‌ ഞങ്ങൾ സമാധാനപ്രിയരായിരിക്കണം എന്നാണ്‌. പ്രവർത്തകരുടെ ആത്മവിശ്വാസം കളയാൻ പാടില്ല. യൂത്ത്‌ കോൺഗ്രസുകാർ തല്ലുകൊള്ളാൻ മാത്രമുള്ളവരാണെന്ന്‌ സൈബറിടങ്ങളിലുള്ളവർ പറയുന്നത്‌ മാനസിക പിരിമുറുക്കമുണ്ടാക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ മുൻരീതികൾക്ക്‌ മാറ്റംവരുത്തുമെന്നുമായിരുന്നു സതീശൻ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞത്‌. അണിയറയിൽ നടക്കുന്ന കലാപനീക്കത്തിന്റെ തുറന്നുപറച്ചിലാണ്‌ അന്ന്‌ സതീശൻ നടത്തിയത്‌. നേതാവിന്റെ മനമറിഞ്ഞ അണികളാണ്‌ എ കെ ജി സെന്ററിലേക്ക്‌ ബോംബുമായെത്തിയതെന്ന്‌ വ്യക്തം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top