23 April Tuesday

എ കെ ജി സെന്ററിന് ബോംബേറ്: കേരളം ജ്വലിച്ചു, പ്രതിപക്ഷത്തിനെതിരെ രോഷം

പ്രത്യേക ലേഖകൻUpdated: Saturday Jul 2, 2022

എ കെ ജി സെന്ററിനുനേരെ ബോംബ് എറിഞ്ഞതിൽ പ്രതിഷേധിച്ചു സിപിഐ എം തിരുവനന്തപുരത്തു നടത്തിയ പ്രകടനം

തിരുവനന്തപുരം> സാധാരണക്കാരുടെ വികാരവായ്‌പും വിയർപ്പുംകൊണ്ട്‌ കെട്ടിപ്പടുത്ത പ്രസ്ഥാനത്തിനും ആസ്ഥാന മന്ദിരത്തിനും നേരെയുള്ള രാഷ്‌ട്രീയ എതിരാളികളുടെ ആക്രമണത്തിൽ ആളിക്കത്തി കേരളം. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനുനേരെ ഉണ്ടായ ബോംബേറിൽ സംസ്ഥാനമെങ്ങും പ്രതിഷേധമുയർന്നു. ജനാധിപത്യ വിശ്വാസികളും സാംസ്കാരിക ലോകവുമടക്കം ഒരേ സ്വരത്തിൽ പ്രതിപക്ഷത്തിന്റെ ബോംബ്‌ രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടു.

വ്യാഴം രാത്രി 11.25നാണ്‌ നാട്‌ നടുങ്ങിയ ബോംബാക്രമണം. നേതാക്കളെ അപായപ്പെടുത്തുക ലക്ഷ്യമിട്ട അക്രമി ബോംബെറിഞ്ഞ്‌ ഞൊടിയിടയിൽ സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. ഉടൻ പാർടി നേതാക്കളും പൊലീസും സ്ഥലത്തെത്തി. വിവിധ നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്കായിരുന്നു എ കെ ജി സെന്ററിലേക്ക്‌. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽനിന്ന്‌ അക്രമിയെ ഉടൻ പിടികൂടാനാകുമെന്നാണ്‌ പൊലീസിന്റെ കണക്കുകൂട്ടൽ. പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, കാനം രാജേന്ദ്രൻ തുടങ്ങി നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും യുവജന വിദ്യാർഥി സമൂഹവും ശക്തമായി പ്രതിഷേധിച്ചു. പുലർച്ചെമുതൽതന്നെ സംസ്ഥാന വ്യാപകമായി പ്രകടനങ്ങളും യോഗങ്ങളും നടന്നു. പാർടി ആഹ്വാനപ്രകാരം സമാധാനപരമായിട്ടായിരുന്നു പ്രതിഷേധം. നവകേരള മുന്നേറ്റത്തിൽ വിറളിപൂണ്ടാണ്‌ യുഡിഎഫും ബിജെപിയും എസ്‌ഡിപിഐയും അടക്കം ഇടതുപക്ഷ വിരുദ്ധരൊന്നിച്ച്‌ ആക്രമണം നടത്തുന്നത്‌. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാണ്‌ എൽഡിഎഫ്‌ തീരുമാനം.

പ്രത്യേക സംഘം അന്വേഷണം തുടങ്ങി

എ കെ ജി സെന്ററിനു നേരേ ബോംബെറിഞ്ഞ സംഭവത്തിൽ പതിനാലംഗ പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. തിരുവനന്തപുരം ഡിസിആർബി അസി. കമീഷണർ ജെ കെ ദിനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസന്വേഷിക്കുന്നത്‌. ഡിസിപി ഡോ. എ നസീമിനാണ്‌ അന്വേഷണ മേൽനോട്ടച്ചുമതല. എ കെ ജി സെന്റർ ജീവനക്കാരന്റെ പരാതിയിൽ കന്റോൺമെന്റ്‌ പൊലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്‌തിരുന്നു.  
 

വ്യാഴം രാത്രി 11.20ന്‌ കുന്നുകുഴി ഭാഗത്തുനിന്ന്‌  നമ്പർ തിരിച്ചറിയാത്ത സ്കൂട്ടറിലെത്തിയ അക്രമി സ്ഫോടകവസ്തു വലിച്ചെറിയുകയായിരുന്നുവെന്ന്‌ എഫ്‌ഐആറിൽ പറയുന്നു. എ കെ ജി ഹാളിലേക്കുള്ള ഗേറ്റിനടുത്തുനിന്നാണ്‌  ബോംബെറിഞ്ഞത്‌. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 436, സ്ഫോടകവസ്തു നിയമത്തിലെ മൂന്ന്‌ എ വകുപ്പുകൾ പ്രകാരമാണ്‌ കേസെടുത്തത്‌. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്‌.  ബോംബെറിഞ്ഞ്‌ മടങ്ങുന്ന ദൃശ്യം എ കെ ജി സെന്ററിലെ സിസിടിവിയിലുണ്ട്‌. ഇതടക്കം പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. അക്രമി സഞ്ചരിച്ച വാഹനം കണ്ടെത്താനാണ്‌ ആദ്യശ്രമം. ശേഖരിച്ച ദൃശ്യങ്ങളിൽ സ്കൂട്ടറിന്റെ നമ്പർ വ്യക്തമല്ല. അക്രമിക്ക്‌ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന അന്വേഷണവും നടത്തുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top