24 April Wednesday

അമ്മയോട്‌ സംസാരിക്കാം, ലൗഡ്‌ സ്‌പീക്കറിൽ; ഐശ്വര്യയുടെ ഭർത്താവ്‌ മറ്റുള്ളവരെ വേദനിപ്പിച്ച്‌ ആനന്ദം കണ്ടെത്തിയിരുന്നെന്ന്‌ നാട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022
ചടയമംഗലം > മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ആളാണ്‌ കണ്ണൻനായരെന്ന്‌ നാട്ടുകാർ പറയുന്നു. മുത്തശ്ശിയെയും സഹോദരിയെയും ബധിരയും മൂകയുമായ അമ്മയെയും മർദിക്കുന്നതിൽ കുട്ടിക്കാലത്തുതന്നെ സന്തോഷം കണ്ടെത്തിയിരുന്നു. ഈ മർദനമുറയാണ്‌ വിവാഹശേഷം ഭാര്യയിലും പരീക്ഷിച്ചത്‌.
 
ഫെയ്‌സ്‌ബുക്ക് വഴിയാണ്‌ കണ്ണൻനായരും ഐശ്വര്യയും പരിചയപ്പെട്ടത്‌. പരിചയം പ്രണയമായി മാറി വിവാഹത്തില്‍ എത്തുകയായിരുന്നു. തക്കല നൂറുൽഇസ്ലാം കോളേജ് ഓഫ് എൻജിനിയറിങ്ങിൽനിന്ന്‌ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയ കണ്ണൻ തിരുവനന്തപുരം ലോ അക്കാദമിയിൽ നിയമപഠനത്തിനു ചേർന്നെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്‌, അച്ഛനോടൊപ്പം തടിമില്ലിൽ സഹായിയായി കൂടുകയായിരുന്നു.
 
ഐശ്വര്യക്ക്‌ കോഴിക്കോട്‌ ജോലി ലഭിച്ചെങ്കിലും പോകാൻ കണ്ണൻനായർ അനുവദിച്ചില്ല. ചെറിയ കാര്യങ്ങൾക്കുപോലും ക്രൂരമായി മർദിച്ചു. ചായയ്ക്ക് കടുപ്പം കൂടിയതിനുപോലും ഗ്ലാസ് എറിഞ്ഞുപൊട്ടിക്കുകയും മര്‍ദിക്കുകയുംചെയ്‌തു. വിവരണാതീതമായ ക്രൂരതയാണ്‌ ഐശ്വര്യ നേരിട്ടതെന്നാണ്‌ ഡയറി പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. ആവശ്യത്തിലേറെ സ്വർണവും പണവും നൽകിയാണ്‌ രക്ഷിതാക്കൾ മകളെ വിവാഹജീവിതത്തിലേക്ക് അയച്ചത്‌. അമ്മ ജീവനൊടുക്കിയതോടെ ഒരുവയസ്സുകാരി മകൾ ജാനകി ഏവരുടെയും കണ്ണുനിറയ്‌ക്കുന്ന കാഴ്‌ചയായി.
  
അമ്മയോട്‌ സംസാരിക്കാം; ലൗഡ്‌ സ്‌പീക്കറിൽ
 
‘സ്വന്തം അമ്മയോട്‌ സംസാരിക്കുന്നതിനും മകൾക്ക്‌ വിലക്കുണ്ടായിരുന്നു. കണ്ണൻനായരുടെ സാന്നിധ്യത്തിൽ ലൗഡ്‌സ്‌പീക്കറിൽ മാത്രം സംസാരിക്കാനായിരുന്നു അനുമതി. എല്ലാ ദിവസവും അവളുടെ ഫോൺ പരിശോധിച്ച്‌ ഞാൻ വിളിച്ചോ എന്ന്‌ പരിശോധിക്കും. എത്രനേരം സംസാരിച്ചു, എന്ത്‌ സംസാരിച്ചു തുടങ്ങിയ വിവരങ്ങൾ കണ്ണൻനായരെ അറിയിക്കണമായിരുന്നു–-ഐശ്വര്യയുടെ അമ്മ ഷീല പറഞ്ഞു.  എൽഎൽഎം ഫസ്റ്റ്‌ ക്ലാസിൽ പാസായ ഐശ്വര്യക്ക്‌ നിയമ അധ്യാപികയാകാനായിരുന്നു ആഗ്രഹം. എന്നാൽ, ജോലിക്കു പോകാൻ അയാൾ അനുവദിച്ചിരുന്നില്ല.
 
പ്രാക്‌ടീസീനു പോകാനും സമ്മതിച്ചില്ല. വീട്ടിലിരുന്ന്‌ അസൈൻമെന്റ്‌ തയ്യാറാക്കി സമ്പാദിച്ചിരുന്ന പണം കണ്ണന്റെ അക്കൗണ്ടിലേക്ക്‌ കൈമാറണമായിരുന്നു. അവളുടെ അക്കൗണ്ടിൽ 100രൂപ പോലും ഇടാൻ സമ്മതിക്കില്ലായിരുന്നു. ഭിന്നശേഷിക്കാരിയായ അയാളുടെ അമ്മയെ ശുശ്രൂഷിച്ച്‌ വീട്ടിൽ ഇരുന്നാൽ മതിയെന്നാണ്‌ മകളോടു പറഞ്ഞത്‌. അസഭ്യംവിളിയും മർദനവും തുടർന്നതോടെ 2020ൽ ഐശ്വര്യ സ്വന്തം വീട്ടിലേക്ക്‌ താമസംമാറ്റി.
 
കൗൺസലിങ്ങിനു ശേഷമാണ്‌ ഒരുമിച്ചത്‌. ഇരുവരുടെയും നിർബന്ധത്തിനു വഴങ്ങിയാണ്‌ മനസ്സില്ലാമനസ്സോടെ ഭർതൃവീട്ടിലേക്ക്‌ പോകാൻ സമ്മതിച്ചത്‌. അതിനുശേഷവും നിസ്സാര കാര്യങ്ങൾക്കുപോലും ശാരീരിക പീഡനം ഏറ്റുവാങ്ങിയിരുന്നു. പലതും ഞങ്ങളിൽനിന്നു മറച്ചുവച്ചു. കുഞ്ഞിന്റെ ജന്മദിനാഘോഷദിവസം നിസ്സാര കാര്യത്തിന്‌ എന്റെ കൺമുന്നിൽ അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ച്‌ അടിച്ചു. ഭർത്താവിന്റെ അച്ഛൻ ചൂലുകൊണ്ട്‌ അടിച്ചതായും ഷീല പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top