20 April Saturday

പെൺകുട്ടി ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമായി കാണുന്നു; എഐഎസ്‌എഫ്‌ വ്യാജപ്രചാരണം അവസാനിപ്പിക്കണം: എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

കോഴിക്കോട്‌  > വലതുപക്ഷ - വർഗീയ വിദ്യാർഥി സംഘടനകളുടെ ആയുധമായി എഐഎസ്‌എഫ്‌ മാറുകയാണെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എം സച്ചിൻദേവ്‌ എംഎൽഎ പറഞ്ഞു. എംജി സർവകലാശാല സെനറ്റ്‌ -സ്‌റ്റുഡന്റ്‌ കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ എഐഎസ്‌എഫ്‌ നടത്തുന്ന വ്യാചപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പെൺകുട്ടി ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമായാണ്‌ കാണുന്നത്‌.  ഇതിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണം. എസ്‌എഫ്‌ഐ പ്രവർത്തകരുടെ ഭാഗത്തുനിന്ന്‌ വീഴ്‌ചയുണ്ടായോ എന്നതും ആരാണ്‌ അക്രമത്തിന്റെ ഭാഗമായതെന്നും പരിശോധിക്കും. എസ്‌എഫ്‌ഐയെ കടന്നാക്രമിക്കുന്നതിന്റെ പിന്നിൽ ഗൂഢലക്ഷ്യമുണ്ട്‌. ചരിത്രത്തിലെ ഏറ്റവും വലിയ  ഭൂരിപക്ഷം സമ്മാനിച്ചാണ്‌  സെനറ്റ്‌–-സ്‌റ്റുഡന്റ്‌ കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയെ വിജയിപ്പിച്ചത്‌. എന്നാൽ, കെഎസ്‌എയു, എംഎസ്‌എഫ്‌, എബിവിപി തുടങ്ങിയ സംഘടകളുമായി  ചേർന്ന്‌  എസ്‌എഫ്‌ഐ വിരുദ്ധ പ്രചാരണങ്ങൾ നടത്തി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള ശ്രമമാണ്‌ എഐഎസ്‌എഫിന്റെ ഭാഗത്തുനിന്നുണ്ടായത്‌.

 10 കൗൺസിലർമാർ തങ്ങൾക്കൊപ്പമുണ്ട്‌ എന്ന്‌ അവകാശപ്പെട്ട എഐഎസ്‌എഫ്‌ സ്‌റ്റുഡന്റ്‌ കൗൺസിൽ സീറ്റുകളിൽ ഒരു സ്ഥാനാർഥിയെ  പോലും നിർത്താഞ്ഞത്‌ കെഎസ്‌യു –-എഐഎസ്‌ഫ്‌–-എംഎസ്‌എഫ്‌ സഖ്യത്തിന്റെ ഭാഗമായാണ്‌. എസ്‌എഫ്‌ഐ നേതാക്കളാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ കൗൺസിലേഴ്‌സിനെ വിളിച്ച്‌ ഡ്യൂപ്ലിക്കേറ്റ്‌ കാർഡുകൾ സംഘടിപ്പിച്ച്‌ കള്ളവോട്ട്‌ ചെയ്യാനുള്ള എഐഎസ്‌എഫിന്റെ ശ്രമം എസ്‌എഫ്‌ഐക്കാർ തടഞ്ഞതാണ്‌  സംഘർഷങ്ങൾക്ക്‌ കാരണം. വസ്‌തുതകൾ ഇതായിരിക്കേ ബോധപൂർവം തെറ്റിദ്ധാരണ പരത്തുകയാണ്‌.  സംഭവത്തിൽ എഐഎസ്‌എഫിന്റെ ദേശീയ നേതൃത്വം അപക്വമായ നിലപാടാണ്‌ സ്വകീരിക്കുന്നത്‌.

നേതാക്കളെ ഒരുവിഭാഗം പ്രവർത്തകർ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്നും സംശയമുണ്ട്‌. എല്ലാ ഘട്ടത്തിലും എഐഎസ്‌എഫുമായി സഹകരിക്കാൻ ശ്രമിച്ചിട്ടുണ്ട്‌. എസ്‌എഫ്‌ഐയെ തകർക്കാനുള്ള ശ്രമം വിദ്യാർഥികളെ മുൻനിർത്തി പ്രതിരോധിക്കുമെന്നും സച്ചിൻദേവ്‌ പറഞ്ഞു. സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ആദർശ്‌ എം സജി, സെക്രട്ടറിയറ്റ്‌ അംഗം ടി അതുൽ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top