24 April Wednesday

എയിംസ്‌ കിനാലൂരിൽ; 100 ഏക്കർ കൂടി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻUpdated: Saturday Jun 25, 2022

കോഴിക്കോട്‌ > ബാലുശേരി കിനാലൂരിൽ എയിംസ്‌ സ്ഥാപിക്കാൻ 100 ഏക്കർ സ്വകാര്യഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടി അന്തിമഘട്ടത്തിൽ.  ആകെ 260 ഏക്കറാണ്‌ ഏറ്റെടുക്കുന്നത്‌. ഇതിൽ സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ 160 ഏക്കർ ഏറ്റെടുക്കാനുള്ള നടപടി പൂർത്തിയായി. സർക്കാരിന്റെ തീവ്ര ഇടപെടലിനെ തുടർന്നാണ്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിൽ എയിംസ്‌ പരിഗണിച്ചത്‌. സംസ്ഥാനത്തിന് അനുവദിച്ച എയിംസ്‌ കിനാലൂരിൽ തന്നെ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് 2021 നവംബർ 20ന്‌ പ്രഖ്യാപിച്ചിരുന്നു.

തന്റെ ഇടപെടലിനെ തുടർന്നാണ്‌ എയിംസ്‌ സ്ഥാപിക്കപ്പെടുന്നതെന്ന്‌ വരുത്താനുള്ള കെ മുരളീധരൻ എംപിയുടെ നീക്കങ്ങൾക്ക്‌ വസ്തുതകൾ തിരിച്ചടിയാവുകയാണ്‌. കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്ന്‌ കെ മുരളീധരൻ എംപി കഴിഞ്ഞ ബജറ്റ് സമ്മേളനത്തിനിടെയാണ്‌ ലോക്‌സഭയിൽ ഉന്നയിക്കുന്നത്‌. എന്നാൽ 2015 -ലെ പൊതുബജറ്റിൽ പ്രഖ്യാപനം മുടങ്ങിക്കിടക്കുകയായിരുന്നു. ഇതിനെതിരെ ചെറുപ്രതിഷേധംപോലും ഉയർത്താൻ കോൺഗ്രസിന്‌ കഴിഞ്ഞില്ല.

സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുക്കൽ നടപടിയുമായി മുന്നേറിയതോടെയാണ്‌ മുരളീധരൻ ഇടപെട്ടത്‌. ഭൂമിയേറ്റെടുക്കൽ അവസാന ഘട്ടത്തിലെത്തിയിട്ടും ധനമന്ത്രാലയത്തിന്റെ അനുമതിക്ക്‌ കാത്തിരിക്കുന്ന സ്ഥിതിയിലാണ്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം.

കെട്ടിട നിർമാണത്തിനും അനുബന്ധ ആവശ്യങ്ങൾക്കും വേണ്ടി 200 ഏക്കറും പ്രാദേശികമായ ഭാവി വികസനം കണക്കിലെടുത്ത് 60 ഏക്കറുമാണ്‌ ഏറ്റെടുക്കുന്നത്‌. 2018 ജൂലൈ 18ന്‌ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ്‌ മാത്യുവിന്റെ  നേതൃത്വത്തിലുള്ള സംഘവും ആഗസ്ത്‌ 14ന്‌ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും 17ന്‌ ആരോഗ്യ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറിയും കിനാലൂരിലെത്തി സ്ഥലം പരിശോധിച്ച്‌ എയിംസിന്‌ അനുകൂലമാണെന്ന്‌ സാക്ഷ്യപ്പെടുത്തിയിരുന്നു. തുടർന്നാണ്‌ ഭൂമി ഏറ്റെടുക്കൽ ഊർജിതമാക്കിയത്‌.

ഫലം കണ്ടത്‌ കേരളത്തിന്റെ നിരന്തര ഇടപെടൽ

കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌ (എയിംസ്‌) അനുമതി ലഭ്യമാകുമെന്ന പ്രതീക്ഷ കൈവന്നത്‌ സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും നടത്തിയ നിരന്തര ഇടപെടലിന്റെ ഫലം. എയിംസ്‌ കേരളത്തിൽ അനുവദിക്കാൻ നടപടി എടുത്തുവരുന്നതായുള്ള ആരോഗ്യമന്ത്രാലയത്തിന്റെ വിശീകരണത്തിൽത്തന്നെ കേരളം നടത്തിയ പ്രവർത്തനങ്ങൾ വ്യക്തമാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചകളിലെല്ലാം കേരളത്തിന്റെ അവശ്യപദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നായി എംയിംസ്‌ മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യം കത്തുകളിലൂടെയും നേരിട്ടും സംസ്ഥാന സർക്കാർ നിരവധിതവണ ഉന്നയിച്ചിരുന്നു. കേരളത്തിൽ എവിടെ വേണമെങ്കിലും ആവശ്യമായ സ്ഥലം കണ്ടെത്തി നൽകാമെന്നും അറിയിച്ചിരുന്നു.

പ്രധാനമന്ത്രി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ കോഴിക്കോട്‌ കിനാലൂരിൽ 260 ഏക്കർ കണ്ടെത്തിയത്‌. ഈ സ്ഥലം  ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മാസങ്ങൾക്കു മുന്നേ പരിശോധിക്കുകയും ചെയ്‌തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top