29 March Friday

കർഷകക്ഷേമത്തിലും ഒന്നാണ്‌ കേരളം ; കർഷക പെൻഷൻ നൽകിയത്‌ 1830 കോടി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021


തിരുവനന്തപുരം
കർഷകർക്ക്‌ തുണയാകുന്ന പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം ഒന്നാമത്‌. വിളകൾക്ക്‌ ന്യായവില ഉറപ്പാക്കൽ, സബ്‌സിഡി, കർഷകരുടെ ക്ഷേമം, ഇൻഷുറൻസ്‌ എന്നിവയിലെല്ലാം രാജ്യത്ത്‌ ഒന്നാമതാണ്‌ കേരളമെന്ന്‌ എൽഡിഎഫ്‌ സർക്കാരിന്റെ വിവിധ പദ്ധതികൾ തെളിയിക്കുന്നു. രാജ്യത്തെ കർഷകർ നിലനിൽപ്പിനായി പോരാട്ടഭൂമിയിൽ മരിച്ചുവീഴുമ്പോൾ കർഷകർക്ക്‌ ആത്‌മഹത്യചെയ്യേണ്ട സാഹചര്യമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുത്തു.

കർഷക ക്ഷേമ ബോർഡ്‌
രാജ്യത്ത്‌ ആദ്യമായി കർഷകർക്ക്‌ ക്ഷേമ ബോർഡ്‌ നടപ്പാക്കിയത്‌ കേരളമാണ്‌. കർഷക ക്ഷേമ ബോർഡ്‌ പ്രാബല്യത്തിൽ വന്നതോടെ 60 കഴിഞ്ഞ മുഴുവൻ കർഷകർക്കും 3000 മുതൽ 5000 രൂപവരെ പെൻഷൻ ബോർഡ്‌ ഉറപ്പാക്കും. നിലവിലെ കർഷക പെൻഷൻ പദ്ധതി പുതിയ ക്ഷേമ ബോർഡിൽ ലയിപ്പിച്ച്‌ കൂടുതൽ പെൻഷൻ തുക കർഷകർക്ക്‌ ഉറപ്പാക്കാനുള്ള വിശദ പദ്ധതി തയ്യാറാകുന്നു.

നെല്ലിന്‌ ഏറ്റവും ഉയർന്ന താങ്ങുവില
രാജ്യത്ത്‌ ഏറ്റവും ഉയർന്ന താങ്ങുവില നൽകി കർഷകരിൽനിന്ന്‌ നെല്ല്‌ സംഭരിക്കുന്ന സംസ്ഥാനം കേരളമാണ്‌. കേന്ദ്രത്തിന്റെ സംഭരണവില 18.15 രൂപയായിരിക്കെ കേരളം ഒമ്പതുരൂപകൂടി നൽകി 27.48 രൂപയ്‌ക്കാണ്‌ നെല്ല്‌ സംഭരിക്കുന്നത്‌. നെൽവയലുകൾ സംരക്ഷിക്കുന്ന കർഷകർക്ക്‌ ആദ്യമായി 2000 രൂപ റോയൽറ്റി പ്രഖ്യാപിച്ചതും വിതരണം ചെയ്യുന്നതും കേരളത്തിലാണ്‌.


 

കർഷക കടാശ്വാസ കമീഷൻ
കർഷക കടാശ്വാസ കമീഷൻ എന്ന സർക്കാർ സംവിധാനം നിലവിലുള്ള ഏക സംസ്ഥാനവും കേരളമാണ്‌. വായ്‌പ തിരിച്ചടയ്‌ക്കാൻ നിർവഹമില്ലാത്ത കുടുംബങ്ങൾക്ക്‌ അത്താണിയാണ്‌ കേരളത്തിലെ കർഷക കടാശ്വാസ കമീഷൻ. കർഷക ആത്‌മഹത്യ തടയുന്നതിൽ കമീഷന്റെ പ്രവർത്തനം വലിയ പങ്കാണ്‌ വഹിക്കുന്നത്‌.

റബർ കർഷകർക്ക്‌ താങ്ങ്‌
കേന്ദ്രത്തിന്റെ റബർ ഇറക്കുമതിയുടെ ഫലമായി കർഷകർ നിരാലംബരായപ്പോൾ റബർ കർഷകർക്ക്‌ പ്രൊഡക്‌ഷൻ ഇൻസന്റീവ്‌ നൽകി ഒരു കിലോ റബറിന്‌ കുറഞ്ഞത്‌ 150 രൂപ ഉറപ്പാക്കിയതും കേരളമാണ്‌. 

16 പച്ചക്കറിക്ക്‌ തറവില
സംസ്ഥാനത്തെ പച്ചക്കറി കർഷകർക്ക്‌ ഉൽപ്പന്നങ്ങൾക്ക്‌ ന്യായ വില ഉറപ്പാക്കാൻ 16 ഇനം പച്ചക്കറിക്കാണ്‌ സർക്കാർ തറവില നിശ്ചയിച്ചത്‌.

26 വിളയ്‌ക്ക്‌ ഇൻഷുറൻസ്‌
പ്രധാനമന്ത്രിയുടെ ഫസൽബീമ യോജന പ്രീമിയം തുകയുടെ 50 ശതമാനം വഹിക്കുന്നത്‌ സംസ്ഥാന സർക്കാരാണ്‌. ഇതിലെ ഗുണഭോക്താക്കൾക്കായി 26 ഇനം കാർഷിക വിളയ്‌ക്ക്‌ സംസ്ഥാന വിള ഇൻഷുറൻസ്‌ പദ്ധതിയും നടപ്പാക്കുന്നു. രണ്ട്‌ പദ്ധതിയിലും ചേരാനും രണ്ടിന്റെയും ആനുകൂല്യം വാങ്ങാനും കർഷകർക്ക്‌ സർക്കാർ അനുമതി നൽകി.

കർഷക പെൻഷൻ നൽകിയത്‌ 1830 കോടി
സംസ്ഥാനത്ത്‌ 2,56,855 പേർക്കാണ്‌ 1400 രൂപ വീതം പെൻഷൻ നൽകുന്നത്‌. ജനുവരിമുതൽ ഇത്‌ 1500 ആക്കി. യുഡിഎഫ്‌ ഭരണത്തിൽ 500 രൂപ മാത്രമായിരുന്ന പെൻഷൻപോലും കുടിശ്ശികയായിരുന്നു. എൽഡിഎഫ്‌ സർക്കാർ വന്നതോടെ പെൻഷൻ തുക മൂന്നിരട്ടിയാക്കി കുടിശ്ശിക തീർത്തു. കർഷക പെൻഷനായി ഇതുവരെ 1830 കോടി രൂപ നൽകി.
കേന്ദ്രം ആറായിരം രൂപ വീതം പ്രതിവർഷം കർഷകർക്ക്‌ നൽകുന്നതായി കൊട്ടിഘോഷിക്കോമ്പോഴാണ് കേരളം കർഷകർക്ക്‌ 18,000 രൂപ നൽകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top