28 March Thursday

അഗ്നിപഥ്‌; ദൂരവ്യാപക പ്രത്യാഘാതം സൃഷ്‌ടിക്കും: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

തൃശൂർ> അധികാരം ജനങ്ങളെ ഭിന്നിപ്പിക്കാൻ മാത്രമായി നടപ്പാക്കുന്ന കേന്ദ്രസർക്കാർ ഇപ്പോൾ യുവജനങ്ങളെ വഞ്ചിക്കുന്ന നിലപാടിലേക്ക്‌ മാറിയെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ. വികസിത മുതലാളിത്ത രാജ്യങ്ങളുടെ മുന്നിൽ കടക്കാനുള്ള ഇന്ത്യയുടെ കരുത്തിനെയാണ്‌ കേന്ദ്രസർക്കാർ അഗ്നിപഥിന്റെ പേരിൽ വഞ്ചിച്ചിരിക്കുന്നത്‌. എൽഡിവൈഎഫ്‌ തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസായാഹ്നം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ യുവജനശേഷിയെ ജനനന്മയ്‌ക്ക്‌ ഉപകരിക്കും വിധം വളർത്തിക്കൊണ്ടുവരാനോ അവർക്ക്‌ തൊഴിൽ നൽകാനോ ബിജെപി സർക്കാരിനായില്ല. സാമൂഹ്യസുരക്ഷയില്ലാത്ത, ലോകത്തെതന്നെ ഒന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. അഗ്നിപഥിന്റെപേരിൽ പരിശീലനവും മറ്റും നൽകി സേനയിൽ കേവലം നാലുവർഷത്തേക്ക്‌ മാത്രം യുവാക്കളെ നിയമിച്ച്‌ പെൻഷൻപോലും നൽകാതെ  തെരുവിൽ തള്ളുകയാണ്‌. ഇന്ത്യൻ പട്ടാളത്തെ ആകെ അപമാനിക്കുന്നതിന്‌ തുല്യമാണിത്‌. ബിജെപി സർക്കാരിന്റെ ഗൂഢനീക്കത്തോടെയുള്ള ഈ പദ്ധതി നടപ്പാക്കുന്നതോടെ, സൈന്യത്തിന്റെ ആത്മവീര്യം തകരുകയും  രാജ്യത്ത്‌ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി ഉയർന്നുവന്ന യുവജനരോഷം കേന്ദ്രസർക്കാരിനുള്ള മുന്നറിയിപ്പാണ്‌. ആർഎസ്‌എസ്‌ നയിക്കുന്ന കേന്ദ്രഭരണത്തിന്റെ കളങ്കങ്ങൾ ജനങ്ങൾ കഴുകിക്കളയുകതന്നെ ചെയ്യും. കരിനിയമങ്ങൾ കൊണ്ടുവന്ന്‌ കർഷകരെ ദുരിതത്തിലേക്ക്‌ ഇറക്കിവിട്ട കേന്ദ്രസർക്കാരിനെതിരെയുള്ള സമരം വിജയം കണ്ടതുപോലെതന്നെ യുവജനങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന ഈ സമരത്തിനു മുന്നിൽ കേന്ദ്രസർക്കാരിന്‌ മുട്ടുമടക്കേണ്ടിവരുമെന്നും വിജയരാഘവൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top