27 April Saturday

വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി; ഫാമിൽ 200 പന്നികൾ, ജാഗ്രതാ നിർദ്ദേശം

വെബ് ഡെസ്‌ക്‌Updated: Monday Aug 1, 2022

കൽപ്പറ്റ> വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. നെന്മേനി പഞ്ചായത്തിലുൾപ്പെട്ട ചീരാൽ പൂളക്കുണ്ടിൽ സ്വകാര്യ ഫാമിലെ പാന്നികൾക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഏതാനും ദിവസംമുമ്പ്‌ മൂന്ന്‌ പന്നികൾ ഇവിടെ പനി ബാധിച്ച്‌ ചത്തിരുന്നു. തുടർന്ന്‌ പരിശോധന നടത്തണമെന്ന്‌ ഉടമ മൃഗ സംരക്ഷണ വകുപ്പിനോട്‌ ആവശ്യപ്പെടുകയായിരുന്നു. പത്ത്‌ പന്നികളിൽ നടത്തിയ പരിശോധനയിലാണ്‌ രണ്ടെണ്ണത്തിന്‌ രോഗം സ്ഥിരീകരിച്ചത്‌. 200 പന്നികൾ ഫാമിലുണ്ട്‌.

24നാണ്‌ ഇവിടെനിന്ന്‌ സാമ്പിൽ ശേഖരിച്ച്‌ പൂനെയിലേക്ക്‌ പരിശോധനയ്‌ക്ക്‌ അയച്ചത്‌. ഞായർ വൈകിട്ടാണ്‌ ഫലം വന്നത്‌. ഇവയെ കൊല്ലുന്നതിനായി മൃഗ ഡോക്ടറുടെ നേതൃത്വത്തിൽ റാപ്പിഡ്‌ റെസ്‌പോൺസ്‌ ടീമിനെ രൂപീകരിച്ചു. കൊല്ലുന്നതിനുള്ള നടപടികൾ ചൊവ്വ ആരംഭിക്കുമെന്ന്‌ ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. വി ആർ രാജേഷ്‌ പറഞ്ഞു. ഈ ഫാമിന്റെ ഒരു കിലോമീറ്റർ പരിധിയിൽ ഒരു ഫാം കൂടി പ്രവർത്തിക്കുന്നുണ്ട്‌.

കഴിഞ്ഞയാഴ്‌ച മാനന്തവാടിയിലും തവിഞ്ഞാലിലും സംസ്ഥാനത്ത്‌ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇവിടങ്ങളിലെയും ഇതിന്റെ ഒരു കിലോമീറ്റർ പരിധിയിലുള്ള രണ്ട്‌ ഫാമുകളിലുമായി 460 പന്നികളെ ജില്ലയിൽ കൊന്നു. മാനന്തവാടി, തവിഞ്ഞാൽ ഫാമുകളുടെ പത്ത്‌ കിലോമീറ്റർ പരിധിയിലുള്ള വിവിധ ഫാമുകളിലെ പന്നികളുടെ സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌. ഇതിന്റെ ഫലംകൂടി വന്നാൽ മാത്രമേ കൂടുതലിടങ്ങളിൽ രോഗം ബാധിച്ചിട്ടുണ്ടോ എന്ന്‌ വ്യക്തമാകൂ.

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. ആഫ്രിക്കൻ പന്നിപ്പനി ജന്തുജന്യ രോഗമല്ലാത്തതിനാൽ മനുഷ്യർ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാൽ പന്നികളിൽ ഇത് അതീവ മാരകവും സാംക്രമികവും ആയതിനാൽ പന്നിവളർത്തൽ മേഖലയെ ഈ രോഗബാധയിൽ നിന്നും സംരക്ഷിച്ചു നിർ ത്തേണ്ടത് അനിവാര്യമാണ്. അതിനാൽ പന്നിവളർത്തൽ കർഷകർ താഴെപ്പറയുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

പന്നി ഫാമുകളിൽ പാലിക്കേണ്ട കാര്യങ്ങൾ

1.കാട്ടുപന്നികളുടെയും അലഞ്ഞുതിരിയുന്ന പന്നികളുടെയും സമ്പർക്കം ഒഴിവാക്കണം.

2. പന്നി ഫാമിലേയ്ക്ക് വരുകയോ പോവുകയോ ചെയ്യുന്ന വാഹനങ്ങൾ കൃത്യമായി അണുനാശനം ചെയ്യുക. (2% വീര്യമുള്ള സോഡിയം ഹൈപ്പോക്ലോറൈറ്റ്, സോഡിയം ഹൈഡ്രോക്സൈഡ്, പെർ അസെറ്റിക് ആസിഡ്, കുമ്മായം അണുനാശിനികളായി ഉപയോഗിക്കാം).

3. പന്നി ഫാമിലേയ്ക്കുള്ള സന്ദർശകരെ നിജപ്പെടുത്തിയും അവരുടെ വിവരങ്ങൾ എഴുതി സൂക്ഷിക്കുകയും വേണം.

4. പന്നി ഫാമിൽ പ്രവേശിയ്ക്കുന്നതിന് മുൻപ് ശുചിത്വം പാലിക്കുകയും കൈകൾ
അണുനാശനം ചെയ്യുകയും വേണം.

5. പന്നി ഫാമിലേയ്ക്ക് മറ്റു മൃഗങ്ങളോ എലികളോ പക്ഷികളോ കടക്കുന്നത് തടയുക. പക്ഷികൾ ഫാമിൽ കയറാതിരിക്കാൻ വശങ്ങളിൽ നെറ്റ് ക്രമീകരിക്കേണ്ടതാണ്.

6. പന്നികളിൽ രോഗലക്ഷണം കാണുകയാണെങ്കിൽ അടുത്തുള്ള വെറ്ററിനറി
ഡോക്ടറുമായി ബന്ധപ്പെടുക.

7. പുതിയതായി ഫാമിലേയ്ക്ക് പന്നികുഞ്ഞുങ്ങളെ വാങ്ങുന്നത് താത്കാലികമായി
ഒഴിവാക്കുക.

8. പന്നി ഫാമിലെ തൊഴിലാളികളെ പന്നികളിലെ രോഗലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക. തൊഴിലാളികൾ മറ്റു ഫാമുകളിലേയ്ക്ക് പോകാൻ പാടുള്ളതല്ല.

പന്നി ഫാമുകളിൽ ഒഴിവാക്കേണ്ട കാര്യങ്ങൾ

1. അറവുശാലകളിൽ നിന്നുള്ള മാലിന്യം പന്നികൾക്ക് ഭക്ഷണമായി നല്കുന്നത് ഒഴിവാക്കണം. അടുക്കള വേസ്റ്റും ഹോട്ടൽ വേസ്റ്റും പ്രത്യേകിച്ച് മാംസം അടങ്ങിയവ ഭക്ഷണമായി നൽകുന്നത് ഒഴിവാക്കണം. സസ്യഭോജനമാണെങ്കിലും 20 മിനിറ്റ് നേരം വേവിച്ച് മാത്രം ഹോട്ടൽ വേസ്റ്റ് ഭക്ഷിക്കാനായി പന്നികൾക്ക് നല്കുക.

2. പന്നിയിറച്ചിയും മറ്റ് പന്നിയുത്പന്നങ്ങളും ഫാമിലേയ്ക്ക് കൊണ്ടുവരുന്നതും ഫാമിൽ നിന്ന് പുറത്തേയ്ക്ക് കൊണ്ടുപോകുന്നതും ഒഴിവാക്കണം.

3. ഭക്ഷണ സാധനങ്ങൾ കൊണ്ടുവരുന്ന പാത്രങ്ങളിൽ നിന്നും ഭക്ഷണ വസ്തുക്കൾ ഫാമിലുള്ള പാത്രങ്ങളിലേയ്ക്ക് പകർന്ന ശേഷം അവ തിരികെ നല്കണം. പാത്രങ്ങൾ (ബിന്നുകൾ) കൈമാറാൻ പാടുള്ളതല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top