25 April Thursday

അഡ്വ. കെ ബാലകൃഷ്‌ണൻ നായർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023


തളിപ്പറമ്പ്‌
കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (കെഎസ്‌എഫ്‌) ആദ്യ സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനുമായ  കെ ബാലകൃഷ്ണൻനായർ (82) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്‌ച പകൽ മൂന്നിന്‌ വട്ടപ്പാറ എൻഎസ്‌എസ്‌ ശ്‌മശാനത്തിൽ. പൂക്കോത്തുനടയിലെ വീട്ടിൽ രാവിലെ എട്ടുമുതൽ പകൽ മൂന്നുവരെ പൊതുദർശനം.

എസ്എഫ്ഐയുടെ ആദ്യരൂപമായ കേരള സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ സംസ്ഥാനത്ത്‌ ശക്തിപ്പെടുത്തുന്നതിന്‌ നേതൃത്വം നൽകിയവരിൽ പ്രധാനിയാണ്‌. അടിയന്തരാവസ്ഥയിൽ 20 മാസം ജയിൽവാസമനുഭവിച്ചു.  

 നെരുവമ്പ്രത്തെ പരേതരായ കെ കെ ഗോപാലൻനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനാണ്‌. ഭാര്യ: ഒ വി പാർവതി. മക്കൾ: ഡോ. ഒ വി സനൽ (ദന്തൽ ക്ലിനിക്‌ പയ്യാവൂർ, ലയൺസ്‌ ക്ലബ്‌ മുൻ ഡിസ്‌ട്രിക്ട്‌ ഗവർണർ), അഡ്വ. ഒ വി ബിന്ദു (ഗവ. പ്ലീഡർ, ഹൈക്കോടതി), ഡോ. ഒ വി സിന്ധു (യുകെ). മരുമക്കൾ: സിത്താര (അധ്യാപിക, സീതിസാഹിബ്‌ ഹയർസെക്കൻഡറി സ്‌കൂൾ, തളിപ്പറമ്പ്‌), രാധാകൃഷ്‌ണൻ (ബിസിനസ്‌), ഡോ. വിനൂപ്‌ (യുകെ). സഹോദരങ്ങൾ: കമലാക്ഷി, ഗംഗാധരൻ (റിട്ട. അധ്യാപകൻ), രുഗ്‌മിണി (ബംഗളൂരു), ഡോ. പത്മിനി (പാലക്കാട്‌), പ്രൊഫ. ഗോവിന്ദൻകുട്ടി (തൃശൂർ), ഉഷാകുമാരി, രാജലക്ഷ്‌മി (യുഎസ്‌എ), പരേതരായ ഡോ. പത്മനാഭൻ, പ്രേമലത.

കമ്യൂണിസ്‌റ്റ്‌ കരുത്തിൽ തിളങ്ങിയ അഭിഭാഷകൻ
രാജേഷ്‌ ബക്കളം
തളിപ്പറമ്പ്
വിദ്യാർഥി –-യുവജന നേതാവ്‌, കരുത്തനായ കമ്യൂണിസ്‌റ്റ്‌, നീതിപീഠങ്ങൾക്കുമുന്നിൽ തിളങ്ങിയ അഭിഭാഷകൻ, മികച്ച വാഗ്‌മിയും പരിഭാഷകനും സംഘാടകനും –- തളിപ്പറമ്പിൽ ശനിയാഴ്‌ച അന്തരിച്ച അഡ്വ.  കെ ബാലകൃഷ്‌ണൻനായർക്ക്‌ ഈ വിശേഷണങ്ങൾ അധികമാകില്ല. അരനൂറ്റാണ്ടിലേറെ തളിപ്പറമ്പ്‌ ബാറിലെ അഭിഭാഷകനായി പ്രവർത്തിച്ചു. കമ്യൂണിസ്‌റ്റ്‌ കരുത്തിൽ ഉരുകിത്തെളിഞ്ഞ വ്യക്തിത്വമാണ്‌ അദ്ദേഹത്തിന്‌.
സ്‌കൂൾ വിദ്യാർഥിയായിരിക്കെ പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിൽ ആകൃഷ്‌ടനായി.  മികച്ച സംഘാടകനെന്നനിലയിൽ കേരള സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്റെ (കെഎസ്എഫ്) ആദ്യ സംസ്ഥാന സെക്രട്ടറിയായി.  മുഖ്യമന്ത്രി പിണറായി വിജയൻ ആ കാലയളവിൽ കെഎസ്എഫ് ജില്ലാ പ്രസിഡന്റായിരുന്നു.

മാടായി ഗവ. ഹൈസ്‌കൂളിലും തലശേരി ബ്രണ്ണൻ കോളേജിലുമായി പഠനം. ബിരുദത്തിനുശേഷം പയ്യന്നൂർ ഹൈസ്‌കൂളിൽ അധ്യാപകനായി. കമ്യൂണിസ്‌റ്റുകാരനായതിനാൽ ജോലിയിൽനിന്ന്‌ പിരിച്ചുവിട്ടു. എറണാകുളം ലോ കോളേജിൽ ബിരുദപഠനത്തിനുചേർന്നു. പഠനം പൂർത്തിയാക്കിയതിനുശേഷം, തളിപ്പറമ്പ്‌ എംഎൽഎയായിരുന്ന അഡ്വ. കെ പി രാഘവപൊതുവാളിന്റെ ജൂനിയറായി. 1967 മുതൽ തളിപ്പറമ്പ്‌ ബാറിൽ  അഭിഭാഷകനായി. അക്കാലത്ത്‌  സിപിഐ എം നേതാവ്‌  ജ്യോതിബസു കേരളം സന്ദർശിച്ചപ്പോൾ പ്രസംഗം പരിഭാഷപ്പെടുത്തിയത്‌ ഇദ്ദേഹമായിരുന്നു.

വിദ്യാർഥി സംഘടനാരംഗത്തുനിന്ന്‌ യുവജനസംഘടനാ രംഗത്തെത്തിയപ്പോൾ കേരള സോഷ്യലിസ്‌റ്റ്‌ യുവജന ഫെഡറേഷന്റെ സംസ്ഥാന നേതാവുമായി. ഇടക്കാലത്ത്‌ നക്‌സലൈറ്റ്‌ പ്രവർത്തനവുമായി സഹകരിച്ചെങ്കിലും നിലപാടു മാറ്റി സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനായി. അടിയന്തരാവസ്ഥക്കാലത്ത്‌ ഇ എം എസിനെ പങ്കെടുപ്പിച്ച്‌ തളിപ്പറമ്പിലെ തന്റെ വീടിനുമുന്നിൽ പൊതുസമ്മേളനം നടത്തി. രണ്ടുവർഷത്തോളമാണ്‌ അടിയന്തരാസ്ഥയിൽ ജയിൽവാസമനുഭവിച്ചത്‌.  കുറച്ചുകാലം സിഎംപിയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിച്ചെങ്കിലും പിന്നീട്‌ ഉപേക്ഷിച്ചു.

രാഷ്‌ട്രീയ എതിരാളികളായ അഭിഭാഷകരുമായി സംവാദം നടത്താനും വസ്‌തുതകൾ തുറന്നുകാട്ടാനും തയാറായി. ബാബറി മസ്ജിദ് തകർത്ത കാലത്തും  ജമ്മു കശ്മീരിന്  പ്രത്യേക പദവി  എടുത്തുകളഞ്ഞപ്പോഴും മതനിരപേക്ഷതയും അഖണ്ഡതയും ഉയർത്തിപ്പിടിച്ച്‌ സംവദിച്ചു. ജ്യോതിബസു ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി  അടുത്ത ബന്ധമുണ്ടായിരുന്നു.

അഡ്വ. കെ ബാലകൃഷ്ണൻനായരുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അനുശോചിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top