25 April Thursday
മൊബൈൽഫോൺ വേണമെങ്കിൽ എഴുതി നൽകണമെന്ന്‌ ദിലീപ്‌

ദിലീപിന്റെ വീട്ടിൽ 7 മണിക്കൂർ നീണ്ട റെയ്‌ഡ്‌; കംപ്യൂട്ടറും മൊബൈൽഫോണും പിടിച്ചെടുത്തു

സ്വന്തം ലേഖകൻUpdated: Thursday Jan 13, 2022

കൊച്ചി / ആലുവ > നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന്റെ  ആലുവയിലെ വീട്ടിലും സ്ഥാപനത്തിലും ക്രൈംബ്രാഞ്ച്‌ റെയ്‌ഡ്‌ നടത്തി. ഗൂഢാലോചന നടന്നുവെന്ന്‌ കണ്ടെത്തിയ ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരം, എറണാകുളം ചിറ്റൂർ റോഡിലെ നിർമാണ കമ്പനിയായ ഗ്രാൻഡ്‌ പ്രൊഡക്‌ഷൻ ഓഫീസ്‌, സഹോദരൻ അനൂപിന്റെ ആലുവ തോട്ടക്കാട്ടുകരയിലെ വീട്‌ എന്നിവിടങ്ങളിലായിരുന്നു പരിശോധന. കംപ്യൂട്ടർ ഹാർഡ്‌ ഡിസ്‌ക്‌, ദിലീപിന്റെ ഉൾപ്പെടെ അഞ്ച്‌ മൊബൈൽഫോണുകൾ, രണ്ട് പെൻഡ്രൈവുകൾ, രണ്ട്‌ ടാബ്‌ എന്നിവ അന്വേഷകസംഘം പിടിച്ചെടുത്തു.

പരിശോധന ഏഴു മണിക്കൂർ നീണ്ടു. ദിലീപിന്റെ കൈവശമുള്ള തോക്ക്‌, ദൃശ്യങ്ങൾ കണ്ടുവെന്ന്‌ കരുതുന്ന കംപ്യൂട്ടർ എന്നിവ കണ്ടെത്താനായിരുന്നു പ്രധാന പരിശോധന. ദിലീപ്‌ തോക്ക്‌ നിറയ്‌ക്കുന്നത്‌ കണ്ടുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഈ തോക്കിന്‌ ലൈസൻസുണ്ടായിരുന്നില്ലെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. വീട്ടിലെ പരിശോധനയിൽ തോക്ക്‌ കണ്ടെത്താനായില്ല. കോടതിയുടെ അനുമതിയോടെയാണ് റവന്യു, ക്രൈംബ്രാഞ്ച് സംയുക്തസംഘം പരിശോധനയ്ക്ക് എത്തിയത്.
അന്വേഷകസംഘം എത്തുമ്പോൾ വീട്‌ അടച്ചിട്ട നിലയിലായിരുന്നു. ഗേറ്റ് ചാടിക്കടന്നാണ്‌ അന്വേഷകസംഘം അകത്തു കടന്നത്‌. തുടർന്ന് ഗേറ്റ് തുറന്ന് അന്വേഷണ ഉദ്യോഗസ്ഥർ എല്ലാവരും അകത്തു കടന്നു. പിന്നീട് സഹോദരി എത്തി വീട് തുറന്നുനൽകി. ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ പരിശോധിച്ചത്‌. വീട്ടിലെ കംപ്യൂട്ടർ ഹാർഡ്‌ ഡിസ്‌ക്‌, മൊബൈൽഫോൺ എന്നിവ  പിടിച്ചെടുത്തു. പരിശോധനയ്‌ക്കിടെ ദിലീപ്‌ എത്തിയതായും എസ്‌പി പറഞ്ഞു.

എറണാകുളം ചിറ്റൂർ റോഡിലെ ഗ്രാൻഡ് പ്രൊഡക്‌ഷൻസ് നിർമാണ കമ്പനി ഓഫീസ്‌ അഭിഭാഷകരുടെ സന്നിധ്യത്തിലാണ്‌ ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ പരിശോധിച്ചത്‌. അടച്ചിട്ടിരുന്ന ഓഫീസ്, ജീവനക്കാരെ വിളിച്ചുവരുത്തിയാണ് തുറന്നത്‌. ദിലീപിന്റെ സഹോദരൻ അനൂപിന്റെ തോട്ടക്കാട്ടുകരയിലെ വീട്ടിലും പരിശോധന നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top