26 April Friday

നടിയെ ആക്രമിച്ച കേസ്; ദിലീപ് വീണ്ടും പൊലീസിന് മുന്നിലേക്ക്, ചോദ്യാവലി തയ്യാർ

സി എൻ റെജിUpdated: Saturday Jan 22, 2022


കൊച്ചി
നടിയെ ആക്രമിച്ച്‌ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ എട്ടാം പ്രതി നടൻ ദിലീപ്‌ വീണ്ടും പൊലീസിന്റെ മുന്നിലേക്ക്‌. ദൃശ്യങ്ങൾ ദിലീപ്‌ കണ്ടുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമുള്ള സംവിധായകൻ പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ്‌ ദിലീപിനെ വീണ്ടും കുരുക്കിലാക്കിയത്‌. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപടക്കം അഞ്ച് പ്രതികളെയും ചോദ്യംചെയ്യാൻ വ്യത്യസ്ത ചോദ്യാവലികള്‍ തയ്യാറാക്കി. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്, സൂപ്രണ്ട് എം പി മോഹനചന്ദ്രന്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും ചോദ്യംചെയ്യല്‍.

2017 ഫെബ്രുവരി 17ന്‌ രാത്രിയാണ്‌ നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത്‌. ദിലീപിന്റെ നിർദേശപ്രകാരമാണ്‌ ഇത്‌ ചെയ്‌തതെന്ന്‌ ഒന്നാംപ്രതി സുനിൽകുമാർ (പൾസർ സുനി) പൊലീസിന്‌ നൽകിയ മൊഴികളും തെളിവുകളുമാണ്‌ കേസിൽ ദിലീപിന്റെ പങ്ക്‌ വെളിപ്പെടുത്തിയത്‌. 2017 ജൂൺ 28ന്‌ 13 മണിക്കൂറാണ്‌ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും ചോദ്യംചെയ്‌തത്‌. സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദം പൊളിക്കുന്ന തെളിവുകൾ പൊലീസ്‌ നിരത്തി. ജൂലൈ 10ന്‌ ദിലീപിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. ദിലീപ്, നാദിർഷ എന്നിവരെ ചോദ്യംചെയ്ത്‌ വിട്ടയച്ചതിന്റെ പിറ്റേന്ന് അന്വേഷകസംഘത്തിനു ലഭിച്ച രഹസ്യസന്ദേശമാണ് അറസ്റ്റിലേക്ക്‌ വഴി തുറന്നത്‌.

ആലുവ സബ്‌ജയിലിൽ 85 ദിവസത്തെ  വാസത്തിനൊടുവിൽ ദിലീപ്‌ പുറത്തിറങ്ങി. സിനിമയെ വെല്ലുന്ന അണിയറക്കഥകളാണ്‌ കേസിന്റെ തുടക്കംമുതൽ കേരളം ശ്രദ്ധിച്ചത്‌. ക്വട്ടേഷൻ നൽകി നടിയെ  തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസ്‌ രാജ്യത്ത്‌ ആദ്യത്തേതായിരുന്നു. ലൈംഗിക കുറ്റകൃത്യത്തിന്‌ ക്വട്ടേഷൻ നൽകിയതും ആദ്യകേസാണ്‌. നടിയോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ 2013ലാണ്‌ സുനിക്ക്‌ ദിലീപ്‌ ക്വട്ടേഷൻ നൽകിയതെന്ന്‌ പൊലീസ്‌ കണ്ടെത്തി. 

അറസ്റ്റിലായ സുനി ബ്ലാക്‌മെയിൽചെയ്ത്‌ പണം തട്ടാൻ ശ്രമിക്കുന്നതായി ആരോപിച്ച്‌ ദിലീപ് ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്ക്‌ നൽകിയ പരാതിയാണ്  വഴിത്തിരിവായത്. സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ മൊഴിയും സുനിയുടെ കത്തും ദിലീപിനെതിരെ തെളിവായി. ദിലീപാണ്‌ ക്വട്ടേഷൻ നൽകിയതെന്നും ഇതിന്‌ ഒന്നരക്കോടി രൂപ വാഗ്‌ദാനം നൽകിയെന്നും സുനി ജിൻസനോട്‌ പറഞ്ഞിരുന്നു.

നടി ആക്രമിക്കപ്പെട്ട്‌ അഞ്ചുവർഷമാകുന്ന വേളയിലാണ്‌ ദിലീപ്‌ വീണ്ടും പൊലീസിന്റെ മുന്നിലെത്തുന്നത്‌. 14 പ്രതികളുള്ള കേസിന്റെ വിചാരണ തുടരുകയാണ്‌.

അന്വേഷണം തടയാൻ 
ശ്രമമെന്ന്‌ പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം ഏതു വിധേനയും തടയാനാണ് പ്രതികൾ ശ്രമിക്കുന്നതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. കേസ്‌ അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ്‌ അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ്‌  പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്‌.

ഗൂഢാലോചനയ്‌ക്ക്‌ ഡിജിറ്റൽ തെളിവുകളടക്കം ലഭിച്ചിച്ചുണ്ട്.  നടിയെ സിനിമയിൽനിന്ന്‌ പുറത്താക്കി. പ്രതികൾക്ക്‌ അനുകൂലമായി അഭിപ്രായം പറയാൻ മാധ്യമങ്ങളിൽവരെ ആളുകളെ അയച്ചു.  ലഭിച്ച തെളിവുകളിൽ അന്വേഷണം വേണം. കൊലപാതകം നടത്താനാണ്‌ ഗൂഢാലോചന നടന്നത്. തെളിവുകൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ല. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

തെളിവുകൾ മുദ്രവച്ച കവറിൽ ഹാജരാക്കിയായിരുന്നു വാദം. പകർപ്പ്  ലഭിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകട്ടെയെന്നും കൂടുതൽ തെളിവുകൾ ഉണ്ടോയെന്ന് പരിശോധിക്കാമെന്നും കോടതി പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ വി ജോർജിന്റെ ചിത്രങ്ങൾ കാണവേ, ഇവരൊക്കെ അനുഭവിക്കുമെന്നു ദിലീപ് പറഞ്ഞത് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് ദിലീപിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ള വാദിച്ചു. ഇത് ശാപവാക്കായേ കാണാനാകൂവെന്നും പറഞ്ഞു. എന്നാൽ പരാമ‌ർശം ഗൂഢാലോചനയിലേക്ക് വിരൽചൂണ്ടുന്നതാണെന്ന്‌ പ്രോസിക്യൂഷൻ പറഞ്ഞു. ഇതിന് കൂടുതൽ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top