19 March Tuesday

നടിയെ ആക്രമിച്ച കേസ്‌; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി

സ്വന്തം ലേഖകൻUpdated: Tuesday Jun 28, 2022

കൊച്ചി> നടിയെ ആക്രമിച്ച കേസിൽ എട്ടാംപ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി വിചാരണക്കോടതി തള്ളി. ദിലീപിന് ജാമ്യത്തിൽ തുടരാമെന്നും കോടതി വ്യക്തമാക്കി. ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന്‌ പ്രോസിക്യൂഷൻ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ്‌ പ്രോസിക്യൂഷൻ വിചാരണക്കോടതിയെ സമീപിച്ചത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം. മുംബൈയിലെ സ്വകാര്യ ലാബിൽവച്ചും സൈബർ ഹാക്കർ സായ് ശങ്കറിന്റെ സഹായത്തോടെയുമാണ്‌ മൊബൈൽഫോണിലുള്ള തെളിവുകൾ നശിപ്പിച്ചതെന്നും വിശദീകരിച്ചു. ജാമ്യത്തിലിരിക്കെ ദിലീപ് വധഗൂഢാലോചന കേസിൽ പ്രതിയായത് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് പ്രധാന തെളിവാണെന്നും ദിലീപ് സമാന്തര ജുഡീഷ്യൽ സംവിധാനം സൃഷ്‌ടിക്കുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

എന്നാൽ, ദിലീപ് അഭിഭാഷകർ വഴി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള പ്രോസിക്യൂഷൻ ആരോപണങ്ങൾ തെറ്റാണെന്ന് പ്രതിഭാഗം വാദിച്ചു. മാപ്പുസാക്ഷിയായ വിപിൻലാലിന് ദിലീപ് ഭീഷണിക്കത്ത് അയച്ചെന്ന വാദവും തെറ്റാണ്. കത്ത് അന്വേഷകസംഘം വ്യാജമായി സൃഷ്ടിച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ വിചാരണക്കോടതി 2021ൽ തള്ളിയതാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. വിശദവാദം കേട്ട കോടതി പ്രോസിക്യൂഷന്റെ ആവശ്യം തള്ളുകയായിരുന്നു. 2017 ഒക്ടോബർ മൂന്നിനാണ് ഹൈക്കോടതി ദിലീപിന്‌ ജാമ്യം അനുവദിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top