18 April Thursday

ദിലീപിന്റെ വീട്ടിൽ കണ്ട വിഐപിയെ തിരിച്ചറിയാനാകും: ബാലചന്ദ്രകുമാർ

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022


കൊച്ചി
ദിലീപിന്റെ വീട്ടിൽ കണ്ട വിഐപിയെ തിരിച്ചറിയാനാകുമെന്ന്‌ സംവിധായകൻ പി ബാലചന്ദ്രകുമാർ. പ്രത്യേക രീതിയിൽ സംസാരിക്കുന്നയാളാണ് വിഐപി. എറണാകുളം എഫ്‌സിജെഎം കോടതിയിൽ രഹസ്യമൊഴി നൽകിയശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷകസംഘത്തിനു നൽകിയ മൊഴിയുടെ  കൂടുതൽ വിശദാംശങ്ങൾ കോടതിയിൽ നൽകി. മൊഴി  51 പേജിലായി കോടതി  രേഖപ്പെടുത്തിയിട്ടുണ്ട്‌. സത്യം അറിയിക്കാൻ വൈകിയതിന്റെ  കാരണവും കോടതിയോട് പറഞ്ഞിട്ടുണ്ട്.  സിനിമാ മേഖലയിൽനിന്ന്‌ കേസിൽ കൂടുതൽ സാക്ഷികളുണ്ടാകുമെന്നും പി ബാലചന്ദ്രകുമാർ പറഞ്ഞു.


ദൃശ്യങ്ങൾ ചോർന്നുവെന്ന്‌ നിഗമനം
നടിയെ ആക്രമിച്ച്‌ പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ കേസിലെ ഒന്നാംപ്രതി സുനിൽകുമാർ വഴി മറ്റു പലരിലേക്കും എത്തിയതായി പൊലീസ്‌ നിഗമനം. ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിന്‌ ഒരു വിഐപി വഴിയാണ്‌ ദൃശ്യങ്ങൾ എത്തിച്ചതെന്ന്‌ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്റെ പശ്‌ചാത്തലത്തിലാണ്‌ ഈവഴിക്ക്‌ അന്വേഷണം നീളുന്നത്‌. വിഐപിയെ കണ്ടെത്താനും പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

സുനിൽകുമാർ (പൾസർ സുനി) പകർത്തിയ ദൃശ്യങ്ങൾ ദിലീപുമായി ഏറെ അടുപ്പമുള്ള വിഐപിയുടെ കൈയിലെത്തി. ഇത് കൊച്ചിയിലെ സ്റ്റുഡിയോയിലെത്തിച്ച് ശബ്ദം 20 ഇരട്ടിയായി കൂട്ടിയശേഷം ദിലീപിന്‌ വിഐപി കൈമാറിയെന്നാണ്‌ ബാലചന്ദ്രകുമാർ പറയുന്നത്. സ്‌റ്റുഡിയോയിൽ വച്ച്‌ ശബ്ദം വർധിപ്പിച്ചപ്പോൾ അവിടെയുണ്ടായിരുന്ന സാങ്കേതികവിദഗ്‌ധരും ഈ ദൃശ്യങ്ങൾ കണ്ടിരിക്കാമെന്നാണ്‌ പൊലീസ്‌ നിഗമനം. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ കംപ്യൂട്ടർവഴി പെൻഡ്രൈവിലേക്ക്‌ മാറ്റിയാണ്‌ സ്‌റ്റുഡിയോയിൽ എത്തിച്ചതെന്നാണ്‌ സൂചന. ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയെ ഇല്ലാതാക്കുന്ന ദൃശ്യങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്‌ ക്രൈംബ്രാഞ്ച്‌.

ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ, കവറിലാക്കി തമ്മനം ഭാഗത്തെ ഓടയിൽ കളഞ്ഞുവെന്നാണ്‌ സുനി ആദ്യം പൊലീസിനോട്‌ പറഞ്ഞത്‌. എന്നാൽ, ഇത്‌ കണ്ടെടുക്കാനായില്ല. ഒളിവിൽ പോകുംമുമ്പ്‌ മൊബൈൽഫോണും സിം കാർഡും അങ്കമാലിയിലെ അഭിഭാഷകനെ ഏൽപ്പിച്ചുവെന്നും പിന്നീട്‌ പറഞ്ഞു. അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയത്‌ മറ്റൊരു മൊബൈൽഫോണായിരുന്നു. ദൃശ്യങ്ങൾ പകർത്തിയത്‌ മറ്റൊരു ഫോണിലായിരുന്നുവെന്ന്‌ നടി പൊലീസിനോട്‌ പറഞ്ഞിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top