26 April Friday

ആ ചിരി ഇനിയില്ല; ഇന്നസെന്റിനെ നാട്‌ യാത്രയാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

തൃശൂർ> അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിന് നാടിന്റെ യാത്രാമൊഴി.ചിരിപ്പിച്ചു ചിരിപ്പിച്ചു നടന്നു മറഞ്ഞ ഇരിഞ്ഞാലക്കുടയുടെ സ്വന്തം നടന് വീട്ടുകാരും നാട്ടുകാരും കണ്ണീരോടെയാണ് യാത്രയാക്കിയത്. വീട്ടിലെ പ്രത്യേക പ്രാർത്ഥനകൾക്ക്  ശേഷം  വിലാപയാത്രയായാണ്  മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. പൊലീസ് ഗാർഡ്ഓഫ് ഓണർ നൽകി. തുടർന്ന് രാവിലെ  പത്തിന്‌ ഇരിങ്ങാലക്കുട സെന്റ്‌ തോമസ്‌ കത്തീഡ്രൽ സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതിയോടെ സംസ്കാരം നടത്തി.

ഞായറാഴ്‌‌ച രാത്രി പത്തരയോടെ കൊച്ചി ലേക് ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നസെന്റിനെ അവസാനമായി കാണാനും അന്ത്യാഞ്ജലിയേകാനും  സിനിമാലോകത്തേയും കലാസാംസ്‌‌കാരിക, രാഷ്‌ട്രീയ മേഖലകളിലെയും പ്രമുഖരടക്കം പതിനായിരങ്ങളാണ്‌ ആശുപത്രിയിലും കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും  ഇരിങ്ങാലക്കുട ടൗൺ ഹാളിലും അദ്ദേഹത്തിന്റെ വീട്ടിലുമായി എത്തിയത്.പലരും അദ്ദേഹത്തിൽ ഓർമ്മകളിൽ പൊട്ടികരഞ്ഞും വിതുമ്പിയുമാണ് അന്ത്യമൊഴിയേകിയത്.

ഇന്നലെ ഇരിങ്ങാലക്കുട ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ എം എ ബേബി, എ വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, ജില്ലാ സെക്രട്ടറി എം എം വർഗീസ്‌, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  എ സി മൊയ്തീൻ എംഎൽഎ,  എൻ ആർ ബാലൻ, എം കെ കണ്ണൻ, സി എൻ മോഹനൻ, എസ്‌ ശർമ, സ്‌പീക്കർ  എ എൻ ഷംസീർ, മന്ത്രിമാരായ  കെ രാധാകൃഷണൻ, ആർ ബിന്ദു,  എം ബി രാജേഷ്‌, വി എൻ വാസവൻ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. സംവിധായകരായ സത്യൻ അന്തിക്കാട്,  പ്രിയദർശൻ,  പി ടി കുഞ്ഞുമുഹമ്മദ്,   അഭിനേതാക്കളായ മോഹൻലാൽ,   ബിജു മേനോൻ,  ദിലീപ്,  ടോവിനോ തോമസ്‌, സിദ്ദിഖ്,  ജയരാജ്‌ വാര്യർ,  ജോജു, ബാബുരാജ്, വിനു മോഹൻ, ശിവാനി,  ഇടവേള ബാബു,  ബാബു നമ്പൂതിരി, വി കെ ശ്രീരാമൻ,ഹരീഷ്‌ കണാരൻ, സംഗീത സംവിധായകൻ വിദ്യാധരൻ, ഐ എം വിജയൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാനെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top