ആലപ്പുഴ > എ.സി റോഡ് നവീകരണത്തിന് പുതുക്കിപ്പണിയുന്ന കിടങ്ങറ - മുട്ടാർ പാലത്തിന്റെ ബോസ്‌ട്രിങ് ആർച്ച് കോൺക്രീറ്റിങ് തുടങ്ങി. എസി റോഡ് നവീകരണ പ്രോജക്‌ടിനൊപ്പം റീബിൽഡ് കേരള പദ്ധതിയും ചേർന്നാണ് പാലം പുതുക്കിപ്പണിയുന്നത്.
പഴയ കിടങ്ങറപാലത്തിന് താഴെ ഭാഗത്തെത്തി പാലത്തിന് അരികിലൂടെ റോഡിലേക്ക് കയറുന്ന തരത്തിലായിരുന്നു മുട്ടാർ പാലവും റോഡും നിർമിച്ചത്. എസി റോഡ് നവീകരണത്തിൽ കിടങ്ങറപാലത്തിന്റെ മധ്യഭാഗത്തായി ബന്ധിപ്പിക്കുന്ന തരത്തിലാണ് മുട്ടാർ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. മുട്ടാർ, ചക്കുളത്തുകാവ്, ഇടത്തോട്ട് തിരുവല്ലയ്‌ക്കും വലത്തോട്ട് തിരിഞ്ഞാൽ എടത്വ - തകഴി ഭാഗത്തേക്കും വേഗം എത്താൻ കഴിയുന്ന റോഡിലെ പ്രധാനപാലമാണ് കിടങ്ങറ - മുട്ടാർ പാലം.
പള്ളാത്തുരുത്തി പാലത്തിന്റെ നിർമാണവും ചുരുക്കം പ്രദേശവും ഒഴിച്ചാൽ എ സി റോഡിൽ ടാറിങ് അടക്കം പൂർത്തിയായിട്ടുണ്ട്. പണ്ടാരക്കളത്ത് പുതുതായി നിർമിക്കുന്ന പാലത്തിന്റെ നിർമാണം പാതിയെത്തി. പാലത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന വൈദ്യുതി വകുപ്പിന്റെ ഹൈടെൻഷൻ ടവറിന്റെ ലൈനുകൾ ഉയർത്തിയാൽ മാത്രമേ പാലത്തിന്റെ നിർമാണം പുനരാരംഭിക്കാൻ കഴിയൂ. ഇത് സംബന്ധിച്ച് നിർവഹണ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റി ജില്ലാ അധികൃതർക്കും വൈദ്യുതി വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും രേഖാമൂലം കത്ത് നൽകിയിട്ടുണ്ട്.
വൈദ്യുതി വകുപ്പിൽ ട്രാൻസ്‌മിഷൻ വിഭാഗത്തിനാണ് എച്ച് ടി ലൈനിന്റെ ചുമതല. ആദ്യം ഉയരംകുറഞ്ഞ മേൽപ്പാലമാണ് ഡിസൈൻ ചെയ്‌തതെങ്കിലും പിന്നീട് നാട്ടുകാരുടെയും കർഷക സംഘടനകളുടെയും ആവശ്യപ്രകാരം പാലം ഉയർത്തി നിർമിച്ചതോടെയാണ് ഹൈടെൻഷൻ ലൈൻ പ്രതിസന്ധി ഉണ്ടായത്. ഈ ഭാഗത്തുമാത്രം ഗർഡർ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..