28 March Thursday
തടസങ്ങൾ നീക്കുമെന്ന് സ്ഥലം സന്ദർശിച്ച കലക്‍ടർ

ആലപ്പുഴ - ചങ്ങനാശേരി റോഡ് നവീകരണം 77 ശതമാനം പൂർത്തിയായി

സ്വന്തം ലേഖകൻUpdated: Thursday Mar 30, 2023
ആലപ്പുഴ > എ സി റോഡിന്റെ നിർമാണപുരോഗതി വിലയിരുത്താൻ കലക്‌ടർ ഹരിത വി കുമാർ സന്ദർശനം നടത്തി. 77 ശതമാനം നിർമാണം ഇതിനകം പൂർത്തിയായി. റോഡ് നിർമാണത്തിൽ നേരിടുന്ന തടസങ്ങൾ മനസിലാക്കാനും പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനുമായിരുന്നു സന്ദർശനം.
 
മുട്ടാർ പാലത്തിനുള്ള ഭൂമിയേറ്റെടുക്കൽ, മങ്കൊമ്പ് ജങ്‌ഷനിലെ അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയുടെ രണ്ട് സെന്റ് സ്ഥലത്തിന്റെ കൈമാറ്റ നടപടി, കളർകോട് ജങ്‌ഷനും പക്കിപ്പാലത്തിനും ഇടയിലുള്ള റോഡിനടിയിലൂടെയുള്ള പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കൽ, പള്ളാത്തുരുത്തി പാലത്തിനരികിലായുള്ള ടൂറിസംവകുപ്പിന്റെ കെട്ടിടം പൊളിച്ചുനീക്കൽ, പണ്ടാരക്കുളം മേൽപ്പാലത്തിനരികിലായുള്ള കെഎസ്ഇബിയുടെ ടവർ ലൈനിന്റെ ഉയരം വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ തടസങ്ങളുണ്ട്‌. ഇത്‌ സമയബന്ധിതമായി തീരുമാനമെടുത്ത് പരിഹരിക്കുമെന്ന് കലക്‌ടർ പറഞ്ഞു.
 
റോഡിൽ നിർമിക്കുന്ന കലുങ്കുകളുടെ പണി പൂർത്തിയായി. കാന നിർമാണം 80 ശതമാനവും ഫ്ലൈ ഓവറുകളുടെ നിർമാണം 92 ശതമാനവും പ്രധാന പാലങ്ങളുടെ നിർമാണം 50 ശതമാനവും ചെറിയ പാലങ്ങളുടെ നിർമാണം 88 ശതമാനവും കോസ്‌വേകളുടെ നിർമാണം 95 ശതമാനവും റോഡ്‌ നിർമാണം 67 ശതമാനവും പൂർത്തീകരിച്ചു. കുട്ടനാട് തഹസിൽദാർ എസ് അൻവർ, കെഎസ്‌ടിപി ഉദ്യോഗസ്ഥർ, ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റി അധികൃതർ, പ്രോജക്‌ട്‌ കൺസൾട്ടന്റ്സ് തുടങ്ങിയവരും കലക്‌ടർക്കൊപ്പമുണ്ടായി. 

നെല്ല് കൊണ്ടുപോകാൻ ഗതാഗതം നിരോധിക്കും

പൊങ്ങ -പൂപ്പള്ളിക്കായൽ പാടശേഖര സമിതിയുടെ പണ്ടാരക്കളം ഭാഗത്തുള്ള പാടത്തെ നെല്ല് കൊണ്ടുപോകാൻ എ സി റോഡിൽ പണ്ടാരക്കളം വഴിയുള്ള  വാഹന ഗതാഗതം ശനി രാവിലെ ഒമ്പതുമുതൽ വൈകിട്ട് ഏഴുവരെ പൂർണമായിനിരോധിക്കും.
 ഈ സമയത്ത്‌ എമർജൻസി വാഹനങ്ങളുൾപ്പടെ പെരുന്ന - തിരുവല്ല - അമ്പലപ്പുഴ വഴിയോ പൂപ്പള്ളി - ചമ്പക്കുളം - എസ്എൻ കവല വഴിയോ പൂപ്പള്ളി - കൈനകരി -കൈനകരി ജങ്‌ഷൻ വഴിയോ ആലപ്പുഴയ്‌ക്കും ആലപ്പുഴയിൽ നിന്ന്‌ അമ്പലപ്പുഴ - തിരുവല്ല വഴിയോ എസ്എൻ കവല -ചമ്പക്കുളം - പൂപ്പള്ളി വഴിയോ കൈനകരി ജങ്‌ഷൻ, കൈനകരി, പൂപ്പള്ളിവഴിയോ പോകണം. പാടശേഖരസമിതി നൽകിയ അപേക്ഷയിലാണ്‌ നടപടിയെന്ന്‌ അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top