കരുമാല്ലൂർ
കളിയാരവമായിരുന്നു ആ അമ്പലമുറ്റത്ത്. ആഞ്ഞടിച്ച കാറ്റിനുശേഷം പൊടുന്നനെ ആരവം കൂട്ടക്കരച്ചിലിന് വഴിമാറി. അഭിനവ് കൃഷ്‌ണ നാടിന്റെ തീരാനോവായി. ആൽമരക്കൊമ്പ് ഒടിഞ്ഞുവീണ് ഒമ്പതുകാരൻ മരിച്ച വിവരം നാടിനെ സങ്കടത്തിലാക്കി. വെളിയത്തുനാട് വെള്ളാംഭഗവതി ക്ഷേത്രമുറ്റത്ത് ഫുട്‌ബോൾ കളിക്കുകയായിരുന്നു അഭിനവും കൂട്ടുകാരും.
ഉച്ചയോടെ കുട്ടികളുടെ കൂട്ടക്കരച്ചിൽ കേട്ട സമീപവാസികളാണ് ആദ്യം ഓടിയെത്തിയത്. ആൽമരത്തിന്റെ കൂറ്റൻ ശിഖരം വീണുകിടക്കുന്നതും കുട്ടികൾ നിലവിളിക്കുന്നതുമാണ് കണ്ടത്. ആലിനുസമീപത്തുള്ള ഗോൾ പോസ്റ്റിൽ ഗോളിയായി നിൽക്കുകയായിരുന്നു അഭിനവ്. ഓടിമാറുന്നതിനുമുന്നേ ശിഖരം ശരീരത്തിലേക്ക് വീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ക്ഷേത്രത്തിനുസമീപമുള്ള വീടുകളിലെ കുട്ടികളാണ് എല്ലാവരും. രാവിലത്തെ കനത്ത മഴ ശമിച്ചശേഷമാണ് ഇവർ കളിക്കാനെത്തിയത്. കൂടെ കളിച്ചിരുന്ന കെ എസ് സച്ചിനും ആദിദേവ് വിനോദിനും ഗുരുതരപരിക്കേറ്റു. മറ്റുള്ളവർക്ക് ഓടിമാറാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ വൻ ദുരന്തമായേനെ. ക്ഷേത്രത്തിനും കരോട്ടുപറമ്പിൽ ഉണ്ണിയുടെ വീടിനും കേടുപാടുകളുണ്ടായി.
ആൽമരം അപകടാവസ്ഥയിലാണെന്ന വിവരം പലവട്ടം ക്ഷേത്രഭാരവാഹികളെ അറിയിച്ചതാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ജാഗ്രതക്കുറവുമൂലം ഒരു ജീവൻ നഷ്ടമായതിന്റെ വേദനയിലും രോഷത്തിലുമാണ് നാട്ടുകാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..