29 March Friday

അഭിമന്യുവിന്റെ സ്വപ്നം, വഴികാട്ടിയാകും പുതുതലമുറയ്‌ക്ക്‌

പ്രത്യേക ലേഖകൻUpdated: Sunday Dec 5, 2021

കൊച്ചി> പഠിച്ച്‌ തൊഴിൽ നേടുന്നതിനൊപ്പം സഹജീവികളെ സഹായിക്കാനുമാണ്‌ വട്ടവടയിലെ ഒറ്റമുറി വീട്ടിൽനിന്ന്‌ അഭിമന്യു എറണാകുളത്ത്‌ എത്തിയത്‌. മഹാരാജാസിന്റെ കിഴക്കേ കവാടത്തിൽ വർഗീയവാദികളുടെ കൊലക്കത്തിക്ക്‌ ഇരയായെങ്കിലും അവന്റെ  സ്വപ്‌നങ്ങൾക്ക് മരണമില്ല. പിന്നാക്കവിഭാഗങ്ങൾക്ക്‌ വിദ്യാഭ്യാസ മുന്നേറ്റത്തിനുള്ള വഴികാട്ടിയാകുകയാണ്‌ എറണാകുളത്തെ അഭിമന്യു സ്‌മാരകം.

2018 ജൂലൈ ഒന്നിന്‌ പുലർച്ചെ 12.45ന്‌, നേരംപുലരുമ്പോൾ കോളേജിലെത്തുന്ന നവാഗതരെ വരവേൽക്കാനുള്ള ചുവരെഴുതുന്ന തിരക്കിലായിരുന്നു അഭിമന്യുവിന്റെ നേതൃത്വത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർ. അതിനിടെയാണ്‌ എസ്‌ഡിപിഐ–ക്യാമ്പസ്‌ഫ്രണ്ട്‌ തീവ്രവാദികളുടെ കൊലക്കത്തിക്കുമുന്നിൽ അഭിമന്യു പിടഞ്ഞുവീണത്‌. കൂട്ടുകാരായ വിനീതിനും അർജുൻ കൃഷ്‌ണയ്‌ക്കും കുത്തേറ്റു. അന്ന്‌ അഭിമന്യു അവസാനമായി എഴുതിയ  ‘വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യത്തിനുവേണ്ടിയുള്ള വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടത്തിനൊപ്പം ജില്ലയിൽ സിപിഐ എം ഏറ്റെടുത്ത പ്രധാന ദൗത്യമാണ്‌ അഭിമന്യുവിന്റെ സ്വപ്‌നം സഫലമാക്കുന്ന സ്‌മാരകം.
ആദിവാസികളുൾപ്പെടെയുള്ള പിന്നാക്ക വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയെന്ന ആഗ്രഹം അഭിമന്യു എപ്പോഴും പറയുമായിരുന്നു.

അത്‌  സാക്ഷാൽക്കരിക്കാനാണ്‌ അഭിമന്യു സ്‌മാരക ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ കലൂരിൽ സ്മാരകം സ്ഥാപിച്ചത്‌. സിപിഐ എം ജില്ലാ കമ്മിറ്റി പൊതുജനങ്ങളിൽനിന്ന്‌ സമാഹരിച്ച രണ്ടേമുക്കാൽ കോടി രൂപ ഉപയോഗിച്ച് ആറര സെന്റ് സ്ഥലത്താണ് സ്‌മാരകം. ആദ്യഘട്ടത്തിൽ പത്താംക്ലാസ് കഴിഞ്ഞ പട്ടികവർഗ വിഭാഗത്തിലെ 30 കുട്ടികൾക്ക് ഇവിടെ താമസിച്ചുപഠിക്കാം. പഠനയോഗ്യതയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്‌.  ഇവർക്കും മറ്റു കുട്ടികൾക്കും മത്സരപരീക്ഷകൾക്ക്‌ പരിശീലനം നൽകും.

വിദേശ സർവകലാശാലകളിലെ ഓൺലൈൻ കോഴ്‌സുകൾ ലഭ്യമാക്കുകയും തൊഴിൽപരിശീലനം നൽകുകയും ചെയ്യും. വിദഗ്‌ധരെ പങ്കെടുപ്പിച്ച്‌ വെബിനാറുകളും മാനസികോല്ലാസത്തിന്‌ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. പ്രവർത്തനങ്ങൾ ആരംഭിച്ചതായും കോവിഡുകാലമായതിനാൽ വിദ്യാർഥികൾ താമസിച്ചുപഠിക്കാനുള്ള സംവിധാനം ഈ അധ്യയനവർഷമാണ്‌ ആരംഭിക്കുകയെന്നും അഭിമന്യു ട്രസ്‌റ്റ്‌ ചെയർമാൻകൂടിയായ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.

 2019 ജൂലൈ രണ്ടിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കല്ലിട്ട സ്മാരകം, 2020 ഡിസംബർ 29ന് മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഉദ്ഘാടനം ചെയ്‌തത്‌.

കലാമത്സരങ്ങൾ ഇന്ന്


കളമശേരി
സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന കലാമത്സരങ്ങൾ ഏലൂർ എസ്‌ സി എസ് മേനോൻ ഹാളിൽ ഞായർ രാവിലെ ആരംഭിക്കും. പതിമൂന്നിനും പതിനെട്ടിനുമിടയിൽ പ്രായമുള്ളവർക്കായി നടത്തുന്ന ചിത്രരചന, പെയിന്റിങ് (വാട്ടർ കളർ) മത്സരം രാവിലെ 9.30ന് ചിത്രകാരൻ ടി എ സത്യപാൽ ഉദ്ഘാടനം ചെയ്യും.

വരയ്ക്കാനുള്ള പേപ്പർ നൽകും.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി കവിതാലാപന മത്സരം പകൽ രണ്ടിന് തുടങ്ങും. മത്സര സമാപനത്തിൽ പുരോഗമന കലാസാഹിത്യ സംഘം_സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എം കെ മനോഹരൻ സംസാരിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top