29 March Friday

കേരളത്തിന്റെ വികേന്ദ്രീകരണ മാതൃക 
ആകർഷണീയം : അഭിജിത്‌ ബാനർജി

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023


തിരുവനന്തപുരം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വികേന്ദ്രീകൃതരീതിയിൽ സ്വന്തം പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാൻ ഫണ്ട് അനുവദിക്കുന്ന കേരള മാതൃക ആകർഷണീയമെന്ന്‌ നൊബേൽ സമ്മാനജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത്‌ ബാനർജി. കേരളത്തിന്റെ ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ മാതൃകാപരമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘ദാരിദ്ര്യം തുടച്ചുനീക്കൽ: കേരളത്തിൽനിന്നും ഇന്ത്യയിൽനിന്നും ലോകത്തുനിന്നുമുള്ള പാഠങ്ങൾ' വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിരുപാധികമായി പാവപ്പെട്ടവർക്ക് നൽകുന്ന പണം അവരെ മടിയന്മാരാക്കുമെന്ന വാദത്തിന് തെളിവിന്റെ പിൻബലമില്ല. ‘ജനങ്ങൾക്ക് എളുപ്പത്തിൽ പണം നൽകുന്നത് അവരെ മടിയന്മാരാക്കും, ജനങ്ങളെ ഒരുപരിധിയിൽ കവിഞ്ഞ് സഹായിക്കാൻ പാടില്ല' തുടങ്ങിയ ഉദാരവൽക്കൃത ലോകത്തിലെ വാദങ്ങളിൽ കഴമ്പില്ലെന്നാണ്‌ 13 രാജ്യത്തിൽ നടത്തിയ പഠനത്തിൽനിന്ന്‌ വ്യക്തമായത്‌.ദാരിദ്ര്യനിർമാർജനത്തിന്‌ പാവപ്പെട്ടവരെ വിശ്വാസത്തിലെടുക്കണം. പണം നേരിട്ടേൽപ്പിച്ചാൽ ദുർവ്യയം ചെയ്യുമെന്ന വാദം  അസ്ഥാനത്താണ്. ഇന്തോനേഷ്യയിൽ ക്രെഡിറ്റ്‌ കാർഡിന് സമാനമായ കാർഡ്‌ ഉപയോഗിച്ച് ജനങ്ങൾ അവശ്യസാധനങ്ങൾ വാങ്ങുകയും കാലക്രമേണ ദാരിദ്ര്യനിരക്ക് 20 ശതമാനം കുറയുകയും ചെയ്തു.

അതിദരിദ്രർക്ക് കന്നുകാലികൾ, മറ്റ് ജീവനോപാധികൾ എന്നിവ വിതരണംചെയ്ത്‌ 10 വർഷത്തിനുശേഷം അവരിൽ പലരും സമ്പന്നരായി കഴിഞ്ഞു. സിലബസ്‌ അനുസരിച്ചുള്ള പഠനമല്ല വേണ്ടത്‌, എന്ത് പഠിക്കണമെന്ന്‌ അവരെ പരിശീലിപ്പിക്കുകയാണ്‌ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. ധനമന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി  വി പി ജോയി, അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top