24 April Wednesday

കേന്ദ്ര സർക്കാർ വർഗീയധ്രുവീകരണത്തിന്‌ ശ്രമിക്കുന്നു: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

തിരൂർ > വർഗീയധ്രുവീകരണത്തിലൂടെ അധികാരം നിലനിർത്തി രാജ്യം കൊള്ളയടിക്കാനാണ് കേന്ദ്ര സർക്കാറും സംഘപരിവാറും ശ്രമിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ പറഞ്ഞു. ന്യൂനപക്ഷ–-ദളിത് വേട്ടക്കെതിരെ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ സമരം തിരൂരിൽ ഉദ്ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാർ ദുഷ്‌പ്രചാരണങ്ങൾ അഴിച്ചുവിട്ട് രാജ്യത്ത് ന്യൂനപക്ഷവിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പൊതുതെരഞ്ഞെടുപ്പിനുമുമ്പ്‌ രാജ്യത്തെ വർഗീയമായി ചേരിതിരിക്കാൻ നീക്കംനടത്തുന്നു. ഇതിനെതിരായി ജനങ്ങളെ അണിനിരത്തണം.  എന്നാൽ, വർഗീയതക്ക് മറുമരുന്നായി മറ്റൊരു വർഗീയത വളരുന്നത് അപകടമാണ്. കേരളത്തിൽപോലും ബിജെപി വർഗീയ ചേരിതിരിവിന് ശ്രമിക്കുമ്പോൾ   മുസ്ലിം വർഗീയശക്തികൾ ഇടതുപക്ഷത്തിനെതിരായി നീങ്ങുന്നു. മുസ്ലിംലീഗ് വർഗീയശക്തികളുടെ സഹായത്തോടെ യുഡിഎഫിനെ  വിപുലീകരിക്കുന്നു. സമൂഹത്തെ വർഗീയവൽക്കരിക്കാൻ ശ്രമിച്ച ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയ - യുഡിഎഫിനെ ജനം തെരഞ്ഞെടുപ്പിൽ തകർത്തുകളഞ്ഞത്‌ കേരളത്തിന്റെ ശക്തമായ മതനിരപേക്ഷ അടിത്തറമൂലമാണെന്നും എ വിജയരാഘവൻ പറഞ്ഞു.

ജനങ്ങളെ വർഗീയമായി അണിനിരത്താൻ നീക്കം

രാഷ്‌ട്രീയ ലാഭത്തിനായി ജനങ്ങളെ വർഗീയമായി അണിനിരത്താനാണ് ലീഗും ജമാഅത്തെ ഇസ്ലാമിയും വഖഫ് നിയമന വിഷയം ഉപയോഗിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. തിരൂരിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതവിഭാഗങ്ങളുടെയും താൽപ്പര്യം സംരക്ഷിക്കുന്നതിനാണ്‌ സംസ്ഥാന സർക്കാർ  മുഖ്യപരിഗണന നൽകുന്നത്. മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയതാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ലീഗ്‌ ശൈലിയുടെ ഗുണഭോക്താക്കളായി ആർഎസ്എസും സംഘപരിവാറും മാറും എന്ന തിരിച്ചറിവ് അവർക്ക്‌ ഇല്ലാതാകുന്നത്‌ ഖേദകരമാണെന്നും എ വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top