20 April Saturday

എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ വലതുപക്ഷ ഗൂഢാലോചന: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

തൃശൂർ > കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ വലതുപക്ഷ ഗൂഢാലോചന നടക്കുകയാണെന്ന് കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ പ്രസിഡൻ്റ് എ വിജയരാഘവൻ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് ബദലായി വൻ വികസന കുതിപ്പ് കേരളത്തിൽ നടത്തുകയാണ്. ഈ മുന്നേറ്റം അട്ടിമറിക്കാനാണ് നീക്കം. യുഡിഎഫും ബിജെപിയും എല്ലാ തീവ്ര വർഗീയ സംഘടനകളും ഒത്ത് ചേർന്നാണ്  സർക്കാരിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ഇത് തിരിച്ചറിഞ്ഞ് കർഷകത്തൊഴിലാളി ഉൾപ്പെടെയുള്ള എല്ലാജനവിഭാഗങ്ങളും പ്രതിരോധം തീർക്കണം. കെഎസ് കെ ടി യു സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് സർക്കാർ ദരിദ്ര ജനവിഭാഗങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള  പദ്ധതികൾക്കാണ്‌  രൂപം നൽകുന്നത്‌.  അതുവഴി തുടർഭരണവും ലഭിച്ചു. ഇത്‌  വലതുപക്ഷ ശക്തികളെ  ആശങ്കയിലാക്കി. അതിനാൽ കേന്ദ്രസർക്കാരിനെയും കേന്ദ്ര നയങ്ങൾ ഉപയോഗപ്പെടുത്തിയും കേരളത്തിന്റെ  വികസനം തടസപ്പെടുത്തുകയാണ്. ഭരണഘടനാ സ്ഥാപനമായ രാജ്‌ഭവനെയും ഗവർണറെയും ഉപയോഗപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുന്നു. ഇതിനെ എതിർക്കുന്നതിനു പകരം കോൺഗ്രസ്  അവസരവാദ രാഷ്ട്രീയം കളിക്കുകയാണ്‌. ബിജെപിക്കെതിരായ  സമരരംഗത്ത് കോൺഗ്രസ്  ദുർബലമാണ്.

ബിജെപിയാകട്ടെ  പ്രാദേശിക പാർട്ടികൾ ഭിന്നിപ്പിച്ച്  അനുകൂല സ്ഥിതയുണ്ടാക്കുന്നു. ഇഡി, സിബിഐ, എൻഫോഴ്‌സമെന്റ്‌  തുടങ്ങിയ സ്ഥാപനങ്ങളെയെല്ലാം  ഉപയോഗിച്ചാണ്‌ വരുതിയിലാക്കാൻ നീക്കം നടക്കുന്നത്‌. ഒരു വിഭാഗം മാധ്യമങ്ങളും  ഇടതുപക്ഷ സർക്കാരിനെതിരെയും മന്ത്രിമാർക്കെതിരെയും കുപ്രചാരണം നടത്തുകയാണ് മോദിയുടെ അനുകൂലം പറ്റുന്ന മാധ്യമ മുതലാളികളാണ് ഇതിന് പിന്നിൽ.

ബിജെപി സർക്കാർ തീവ്ര കോർപ്പറേറ്റ്‌ നയങ്ങളും തീവ്ര വർഗീയതയുമാണ്‌  നടപ്പാക്കുന്നത്.   പൊതുമേഖല,  പൊതു വിദ്യാഭ്യാസം,   പൊതുവിതരണ സമ്പ്രദായം  എന്നിവയെല്ലാം തകർക്കുന്നു. തൊഴിലുറപ്പ്‌ പദ്ധതിയും തകർത്തു. ഈ പദ്ധതി ഇല്ലാതാക്കാൻ ഗുഡാലോചന നടക്കുകയാണ്‌. ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ വിലക്കയറ്റവും രൂക്ഷമായ തൊഴിലില്ലായ്‌മയും  രൂക്ഷമാണ്. ജനത തീവ്ര ദാരിദ്ര്യവൽക്കരണത്തിലേക്കാണ് നീങ്ങുന്നത്‌. എന്നാൽ ഇന്ത്യ   കുതിക്കുകയാണെന്ന്‌   മോദി കുപ്രചാരണം നടത്തുകയാണ്. കുത്തക മുതലാളിമാരാണ്‌ കുതിക്കുന്നത്‌.   കോർപ്പറേറ്റുകൾക്ക് 11 ലക്ഷം കോടിയുടെ അനുകൂല്യങ്ങളാണ് മോഡി സർക്കാർ നൽകിയത്.  ഇത്തരം നയങ്ങൾക്കെതിരെ  രാജ്യത്താകെ സമരോത്സുകത വളർത്തിയെടുക്കണമെന്നും വിജയരാഘവൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top