19 March Tuesday

വർഗീയവൽക്കരണത്തിന്‌ കേന്ദ്രം 
വിദ്യാഭ്യാസമേഖലയെ 
ഉപയോഗിക്കുന്നു: എ വിജയരാഘവൻ

സ്വന്തം ലേഖകൻUpdated: Wednesday May 25, 2022

പെരിന്തൽമണ്ണ > പുതിയ തലമുറയെ വർഗീയവൽക്കരിക്കാൻ കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും വിദ്യാഭ്യാസ മേഖലയെ ഉപയോഗിക്കുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ. വലിയ വിലകൊടുത്ത്‌ വാങ്ങേണ്ട വസ്‌തുവാണ്‌ ഇന്ന്‌ വിദ്യാഭ്യാസം. ഈരംഗത്ത്‌ കേന്ദ്രം നടപ്പാക്കുന്ന നയങ്ങൾ കുട്ടികളെ കടക്കെണിയിലാക്കുന്നതാണ്‌.  അത്യാപത്‌കരമായ കേന്ദ്രനയങ്ങൾ കേരളത്തിലെ ജനകീയ വിദ്യാഭ്യാസ മേഖലയെ തകർക്കും. ഇതിനെതിരെ ജനങ്ങൾ  ജാഗരൂകരായിരിക്കണമെന്നും എ വിജയരാഘവൻ പറഞ്ഞു. 

എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം അഭിമന്യുനഗറിൽ (മുനിസിപ്പൽ സ്‌റ്റേഡിയം) ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയവൽക്കരണത്തിനായി കേന്ദ്ര സർക്കാരും ചില സംസ്ഥാനങ്ങളും സിലബസ്‌ മാറ്റുന്നു. ശ്രീനാരായണഗുരു, ഭഗത്‌സിങ്‌, ഇ വി രാമസ്വാമി നായ്‌ക്കർ എന്നീ മഹാൻമാരെ പുതുതലമുറ പഠിക്കേണ്ടതില്ലെന്നാണ്‌ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ  തീരുമാനം. കുത്തബ്‌മിനാറിന്റെയും താജ്‌മഹലിന്റെയും ജ്ഞാന്‍വാപി മസ്‌ജിദിന്റെയും അടി തുരക്കുകയാണ്‌. രാജ്യത്തെ മധ്യകാല ബോധത്തിലേക്ക്‌ നയിക്കുന്നതാണ്‌ ഈ ചരിത്രനിഷേധം. എന്നാൽ, എൽഡിഎഫ്‌ ഭരിക്കുന്ന  കേരളത്തിൽ ഇത്തരം വർഗീയ -പ്രതിലോമ നയങ്ങൾക്ക്‌ സ്ഥാനമില്ല. പാഠപുസ്‌തകത്തിൽനിന്ന്‌ മാറ്റാൻ ബിജെപി ശ്രമിച്ചാൽ ഇല്ലാതാകുന്നതല്ല രാജ്യത്തിന്റെ ഭൂതകാലം.
 
പുതുതലമുറയെ ഭീകരവാദികളാക്കുന്ന നയമാണ്‌ രാജ്യത്ത്‌ നടപ്പാക്കുന്നത്‌. കുഞ്ഞിനെ ചുമലിലേറ്റി മതവിദ്വേഷത്തിന്റെ മുദ്രാവാക്യം വിളിപ്പിക്കുന്ന ആപൽക്കരമായ കാലമാണിത്‌. പ്രതിലോമതയുടെ മൂന്ന്‌ മുഖങ്ങളാണ്‌  മുസ്ലിംതീവ്രവാദ സംഘടനകളും സംഘപരിവാറും കോൺഗ്രസും. ഇവരുടെ കൊലക്കത്തി എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ തിരിയുന്നു.
 
ഇത്തരം കൊലപാതകങ്ങളെ കോൺഗ്രസ്‌ നേതാക്കളടക്കം ന്യായീകരിക്കുന്നു. വിമോചനസമരത്തിന്‌ വിദ്യാർഥികളെയാണ്‌ കോൺഗ്രസ്‌ ആയുധമായി തെരുവിലിറക്കിയത്‌. ഇന്നത്തെ എൽഡിഎഫ്‌ സർക്കാരിനെതിരെ അത്തരമൊരു നീക്കംനടത്താൻ കോൺഗ്രസിന്‌ ശേഷിയില്ല. അതിനാലാണ്‌ ക്യാമ്പസുകളിൽ കയറി എസ്‌എഫ്‌ഐ പ്രവർത്തകരെ കൊലപ്പെടുത്തുന്നതും ന്യായീകരിക്കുന്നതും. ഇതിനുമുന്നിൽ തളരാതെ കൂടുതൽ കരുത്തോടെ എസ്‌എഫ്‌ഐ മുന്നോട്ടുപോകുമെന്നും വിജയരാഘവൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top