19 April Friday

വേഗതയുള്ള യാത്രാസൗകര്യം സംസ്ഥാനത്തിന്‌ അത്യാവശ്യം; വികസനം മുടക്കികൾ ആരെന്ന്‌ ജനത്തിന്‌ ബോധ്യമായി: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

തിരുവനന്തപുരം > വേഗതയുള്ള യാത്രാസൗകര്യങ്ങൾ സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന്‌ അനിവാര്യമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. കെ റെയിൽ പദ്ധതിയെ എതിർക്കുന്നത്‌ ശരിയായ നിലപാടല്ല. വികസിത രാജ്യങ്ങളിൽ വർഷങ്ങൾക്ക്‌ മുന്നേയുള്ള യാത്രാസൗകര്യമാണിത്‌. അതിനെയാണ്‌ കോൺഗ്രസും, ബിജെപിയും അടക്കമുള്ളവർ എതിർക്കുന്നത്‌. തിരുവനന്തപുരത്ത്‌ മീറ്റ്‌ ദ പ്രസ്‌ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.

കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ പുനർനിർമിക്കുന്ന തരത്തിലായിരിക്കണം വികസനപദ്ധതികളെന്ന്‌ എൽഡിഎഫിന്റെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യമാണ്‌. അതിന്‌ അനുസരിച്ചുള്ള പദ്ധതികളാണ്‌ സർക്കാർ നടപ്പാക്കുന്നതും. സ്ഥലം ഏറ്റെടുക്കുന്നതിൽ വന്ന എല്ലാ തടസ്സങ്ങളെയും, ഭൂമി നഷ്‌ടപ്പെടുന്നവരുമായി ചർച്ച ചെയ്‌ത്‌ അവർ പ്രതീക്ഷിക്കുന്നതിനപ്പുറമുള്ള നഷ്‌ടപരിഹാരം നൽകി നമുക്ക്‌ വികസനത്തിന്റെ വേഗത വർധിപ്പിക്കാൻ കഴിഞ്ഞു. അതാണ്‌ ഇച്ഛാശക്തി എന്ന്‌ പറയുന്നത്‌. ജനങ്ങൾ കെ റെയിലിനെതിരല്ല. സംശയാലുക്കൾ വിചാരിച്ചതുപോലെയല്ല കാര്യങ്ങൾ നടക്കുന്നത്‌. കമ്പ്യൂട്ടറിനെ എതിർത്തവർ, ട്രാക്‌ടറിനെതിരെ സമരംചെയ്‌തവർ എന്നെല്ലാം ഇടതുപക്ഷത്തെ ആക്ഷേപിച്ചവരാണ്‌ ഇപ്പോൾ കെ റെയിലിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്‌. ഇടതുപക്ഷം എന്നും വേഗതയ്‌ക്കൊപ്പമാണ്‌. ശാസ്‌ത്രത്തിന്റെ വളർച്ചയ്‌ക്കൊപ്പമാണ്‌.

കെ റെയിലിനേക്കാളും വേഗതയുള്ള പദ്ധതിയായിരുന്നു ഉമ്മൻചാണ്ടിയുടെ കാലത്ത്‌ വിഭാവനം ചെയ്‌തിരുന്നത്‌. അത്‌ അഴിമതിക്ക്‌ വേണ്ടിയായിരുന്നോ എന്ന്‌ വ്യക്തമാക്കേണ്ടത്‌ രമേശ്‌ ചെന്നിത്തലയാണ്‌. വികസിത രാജ്യങ്ങളിൽ 50 വർഷം മുമ്പ്‌ നടപ്പാക്കിയതാണ്‌ ഇത്തരം വേഗതയുള്ള യാത്രാസൗകര്യങ്ങൾക്കായുള്ള പദ്ധതികൾ. വേഗതയുള്ള യാത്രാസൗകര്യങ്ങൾ ഇല്ലാതെ മുന്നോട്ടുപോകാൻ സംസ്ഥാനത്തിന്‌ കഴിയില്ല.

വികസനത്തിന്റെ സമഗ്രതയും വേഗതയുമാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ പ്രത്യേകത. അനേക വർഷത്തേക്കുള്ള പ്രവർത്തനങ്ങളാണ്‌ സർക്കാർ നടത്തുന്നത്‌. കേരളത്തിന്‌ ഇനിയും മുന്നോട്ട്‌ പോകാനുണ്ട്‌. ജനങ്ങൾ പ്രതീക്ഷയോടെയാണ്‌ മുഖ്യമന്ത്രിയേയും ഈ സർക്കാരിനെയും കാണുന്നത്‌. അതിനുള്ള ആത്മാർത്ഥമായ പ്രവർത്തനം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൽ നിന്നുണ്ടാകും - വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top