20 April Saturday

കേന്ദ്രം പയറ്റുന്നത്‌ കൈയൂക്കിന്റെ രാഷ്ട്രീയം: എ വിജയരാഘവൻ

സ്വന്തം ലേഖകൻUpdated: Thursday Oct 7, 2021

തിരുവനന്തപുരം>  കർഷകസമരത്തെ ചോരയിൽമുക്കുന്ന കേന്ദ്ര സർക്കാരിന്റെ കിരാത നടപടിക്കെതിരെ കർഷകത്തൊഴിലാളികളുടെ ഉജ്വല പ്രതിഷേധം. യുപിയിലെ കർഷകവേട്ടയിൽ പ്രതിഷേധിച്ചും രാജ്യത്തെ പൊരുതുന്ന കർഷകർക്ക്‌ പിന്തുണ പ്രഖ്യാപിച്ചുമാണ്‌ കെഎസ്‌കെടിയു നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾ രാജ്‌ഭവനിലേക്ക്‌ മാർച്ച്‌ സംഘടിപ്പിച്ചത്‌. തുടർന്ന്‌ രാജ്‌ഭവനുമുന്നിൽ നടന്ന ധർണ അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു.

എന്ത്‌ അതിക്രമവും കർഷകരോടാകാം എന്ന ധാർഷ്ട്യമാണ്‌ കേന്ദ്ര സർക്കാരിനെ നയിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. കൈയൂക്കിന്റെ രാഷ്ട്രീയമാണ്‌ ബിജെപി സർക്കാർ പയറ്റുന്നത്‌. കർഷകവിരുദ്ധ നിയമനിർമാണങ്ങൾ മുഴുവൻ കോർപറേറ്റുകളെ സഹായിക്കാനാണ്‌. കോവിഡിന്റെ കാലത്ത്‌ കൂടുതൽ തൊഴിൽ നഷ്ടപ്പെട്ടത്‌ കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്കുമാണ്‌. അവരെ സംരക്ഷിക്കുന്നതിനു പകരം നിലവിലുള്ള ആനുകൂല്യങ്ങൾപോലും ഇല്ലാതാക്കാനാണ്‌ ശ്രമം.
ബിജെപി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ വർഗപരമായ ഐക്യം രാജ്യത്ത്‌ രൂപപ്പെടുകയാണ്‌.  ജനങ്ങളെ വർഗീയവൽക്കരിച്ച്‌ തെരഞ്ഞെടുപ്പുകളിൽ ജയിക്കുക എന്ന ബിജെപിയുടെ രസതന്ത്രത്തിനാണ്‌ ഈ വർഗപരമായ ഐക്യം തടസ്സം സൃഷ്ടിക്കുന്നത്‌. കർഷകസമരത്തിൽ കാണുന്ന ഐക്യം അതിനു തെളിവാണ്‌. വിജയിക്കാതെ പിന്മാറുന്ന സമരമല്ല ഇതെന്നും എ വിജയരാഘവൻ പറഞ്ഞു.

മ്യൂസിയം ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച മാർച്ചിൽ തെരഞ്ഞെടുക്കപ്പെട്ട വളന്റിയർമാരാണ്‌ പങ്കെടുത്തത്‌. കറുത്ത കൊടികളും ബാനറും ഉയർത്തിയാണ്‌ മാർച്ച്‌ സംഘടിപ്പിച്ചത്‌. രാജ്‌ഭവനു മുന്നിൽ മാർച്ച്‌ പൊലീസ്‌ തടഞ്ഞു. തുടർന്ന്‌ നടന്ന ധർണയിൽ കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ എ ഗണേശൻ അധ്യക്ഷനായി.
അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജോയിന്റ്‌ സെക്രട്ടറി ഡോ. വി ശിവദാസൻ, വൈസ്‌ പ്രസിഡന്റ്‌ കെ കോമളകുമാരി, കെഎസ്‌കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ, വൈസ്‌ പ്രസിഡന്റുമാരായ ആനാവൂർ നാഗപ്പൻ, ആർ ചിന്നക്കുട്ടൻ, ലളിതാ ബാലൻ, ജോയിന്റ്‌ സെക്രട്ടറിമാരായ സി ബി ദേവദർശൻ, വി നാരായണൻ, ജില്ലാ സെക്രട്ടറി കെ ശശാങ്കൻ, ജോയിന്റ്‌ സെക്രട്ടറി ആർ ദിനേശ്‌കുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top