06 June Tuesday

താലിബാൻ ഭീകരർക്കായി ഓൺലൈൻ കോഴ്‌സ്‌ സംഘടിപ്പിച്ച്‌ മോദി സർക്കാർ

സ്വന്തം ലേഖകൻUpdated: Tuesday Mar 14, 2023

ന്യൂഡൽഹി> അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭീകരർക്കായി പ്രത്യേക ഓൺലൈൻ കോഴ്‌സ്‌ ഒരുക്കി മോദി സർക്കാർ. നാലു ദിവസത്തെ ഓൺലൈൻ കോഴ്‌സിന്‌ ചൊവ്വാഴ്‌ച കോഴിക്കോട്‌ ഐഐഎമ്മിൽ തുടക്കമായി. കോഴ്‌സിൽ തങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ടെന്ന്‌ താലിബാൻ ഭീകരർ തന്നെയാണ്‌ അറിയിച്ചത്‌. അഫ്‌ഗാനിലെ താലിബാൻ ഭരണകൂടവുമായി മോദി സർക്കാർ കൂടുതൽ അടുക്കുന്നതിന്റെ സൂചനയായാണ്‌ ഓൺലൈസ്‌ കോഴ്‌സിലെ പങ്കാളിത്തം വിലയിരുത്തപ്പെടുന്നത്‌.

അഫ്‌ഗാനിലെ താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഇതുവരെയായി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. 2021 ൽ താലിബാൻ അഫ്‌ഗാൻ ഭരണം പിടിച്ച ശേഷം പലവട്ടം ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ അഫ്‌ഗാനുമായി ചച്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ട്‌ കേന്ദ്രബജറ്റുകളിലും 200 കോടി രൂപ വീതം ധനസഹായവും താലിബാൻ ഭരണകൂടത്തിന്‌ നൽകി. ഇതിന്‌ പുറമെ ഗോതമ്പ്‌, മരുന്നുകൾ, കോവിഡ്‌ വാക്‌സിൻ എന്നിവയും നിർലോഭം നൽകി സഹായിച്ചു. 2022 ജൂലൈയിൽ കാബൂളിൽ ഇന്ത്യൻ എംബസിയും തുറന്നു. ഇതിനെല്ലാം ശേഷമാണ്‌ ഇപ്പോൾ പ്രത്യേക പഠനക്ലാസിനായി താലിബാൻ പ്രതിനിധികളെ ക്ഷണിച്ചിരിക്കുന്നത്‌.

‘ഇമ്മേഴ്‌സിങ്‌ വിത്ത്‌ ഇന്ത്യൻ തോട്ട്‌’ എന്നാണ്‌ നാലുദിവസത്തെ കോഴ്‌സിന്‌ പേരിട്ടിരിക്കുന്നത്‌. വിദേശമന്ത്രാലയമാണ്‌ താലിബാൻ പ്രതിനിധികളെ ക്ഷണിച്ചത്‌. ഇന്ത്യൻ ടെക്‌നിക്കൽ ആൻഡ്‌ ഇക്കണോമിക്ക്‌ കോർപ്പറേഷൻ പരിപാടിയിൽ അംഗങ്ങളായ രാജ്യങ്ങൾക്കും ക്ഷണമുണ്ട്‌. ആകെ മുപ്പത്‌ പേരാണ്‌ കോഴ്‌സിൽ പങ്കെടുക്കുന്നത്‌. അഫ്‌ഗാനിൽ ഇപ്പോഴും മനുഷ്യാവകാശങ്ങളെയും സ്‌ത്രീ സ്വാതന്ത്ര്യത്തെയും അടിച്ചമർത്തുന്ന താലിബാനുമായി മോദി സർക്കാർ കൂട്ടുകൂടുന്നതിനെതിരായി വലിയ പ്രതിഷേധമാണ്‌ സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്നത്‌.

സംഘപരിവാർ ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടുമ്പോഴാണ്‌ മറുവശത്ത്‌ ഭീകര സംഘടനയായ താലിബാനുമായി കൈകോർക്കുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്‌. പ്രതിപക്ഷ പാർടികളും മോദി സർക്കാർ നടപടിയെ അപലപിച്ച്‌ രംഗത്തുവന്നു. താലിബാൻ സർക്കാർ വന്ന ശേഷം എല്ലാ അഫ്‌ഗാൻ വിസകളും ഇന്ത്യ റദ്ദാക്കിയതിനെ തുടർന്ന്‌ പഠനം മുടങ്ങിയ അഫ്‌ഗാൻ വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്തുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top