16 April Tuesday

കാണാതായത്‌ ആന്റണിയുടെ കാലത്തെ അഴിമതിരേഖ

എം വി പ്രദീപ്‌Updated: Sunday Jan 9, 2022

തിരുവനന്തപുരം > ഹെൽത്ത്‌ ഡയറക്ടറേറ്റിൽനിന്ന്‌ കാണാതായ ഫയൽ എ കെ ആന്റണി ഭരണകാലത്തെ അഴിമതി രേഖകളടങ്ങിയത്‌. 2001ൽ മരുന്നുവാങ്ങൽ ഇടപാടിൽ നടത്തിയ തട്ടിപ്പിന്റെ റഫറൻസ്‌ ഫയലാണ് ഇത്‌. ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വലിയ അഴിമതിയാണ്‌ അരങ്ങേറിയത്‌. പ്രതിപക്ഷം വിഷയത്തിൽ ശക്തമായ പ്രതിഷേധവും നടത്തി. തുടർന്ന്‌ ഉദ്യോഗസ്ഥനെ കോടതി ശിക്ഷിച്ചു.

ഇതാണ്‌ മെഡിക്കൽ സർവീസസ്‌ കോർപറേഷനിൽനിന്ന്‌ കോവിഡ്‌കാലത്ത്‌ മെഡിക്കൽ ഉപകരണം സംഭരിച്ചതുമായി ബന്ധപ്പെട്ട രേഖ ചോർത്തി എന്ന പേരിൽ മാധ്യമങ്ങൾ വാർത്ത നൽകിയത്‌.
2007ൽ ആണ്‌ മെഡിക്കൽ സർവീസസ്‌ കോർപറേഷൻ രൂപീകരിച്ചത്.

അതിനുശേഷം മരുന്ന്‌, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ സംബന്ധിച്ച വാങ്ങൽ, വിതരണ ഇടപാടിന്റെ ഫയൽ ഡയറക്ടറേറ്റിൽ സൂക്ഷിക്കാറില്ല. ഒന്നരമാസംമുമ്പാണ്‌ അലമാരയുടെ പൂട്ട്‌ പൊളിഞ്ഞുകിടക്കുന്നതായി കണ്ടത്‌. ഫയൽ നഷ്ടപ്പെട്ടതായും കണ്ടെത്തി. ഉടൻ ഹെൽത്ത്‌ ഡയറക്ടർ പൊലീസിൽ പരാതി നൽകി. വകുപ്പുതല അന്വേഷണവും ആരംഭിച്ചു.  യുഡിഎഫ്‌ ഭരണത്തിലെ അഴിമതിയുടെ രേഖ നശിപ്പിക്കാൻ കോൺഗ്രസ്‌ അനുകൂല ജീവനക്കാർ ശ്രമിച്ചതാണോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്‌.

ഫയലുകള്‍ കോർപറേഷൻ തുടങ്ങുംമുമ്പുള്ളത്‌: മന്ത്രി

പത്തനംതിട്ട > കേരള മെഡിക്കൽ സർവീസ് കോർപറേഷൻ തുടങ്ങുന്നതിന് വർഷങ്ങൾ മുമ്പുള്ള ഫയലുകളാണ് കാണാതായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. രണ്ടുമാസംമുമ്പ്‌ സെക്‌ഷനിൽ പുതിയ ഉദ്യോഗസ്ഥ ചുമതലയേൽക്കാൻ എത്തിയപ്പോഴാണ് ഫയലുകൾ കാണാതായ വിവരം അറിഞ്ഞത്. എന്നുമുതലാണ്‌ കാണാതായതെന്ന്‌ അറിയില്ല.

എന്തായാലും മെഡിക്കൽ സർവീസ് കോർപറേഷൻ രൂപീകൃതമാകുന്നതിന് മുമ്പത്തെ ഫയലുകളാണ്. അതിനാലാണ്‌ ആരോ​​ഗ്യവകുപ്പ് പൊലീസിനോട് അന്വേഷണം ആവശ്യപ്പെട്ടത്.  ധനവകുപ്പ് ഇൻസ്പെക്ഷൻ വിഭാ​ഗത്തോടും അന്വേഷണം ആവശ്യപ്പെട്ടു. റിപ്പോർട്ട് കിട്ടിയാൽ കൂടുതൽ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top