24 April Wednesday

ആലപ്പുഴ – ചങ്ങനാശേരി റോഡ്‌ നവീകരണം; ചരക്ക് വാഹനങ്ങൾക്ക്‌ നിരോധനം

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

എ സി റോഡ് നിർമാണം പുരോഗമിക്കുന്നു

ആലപ്പുഴ > ആലപ്പുഴ – ചങ്ങനാശേരി റോഡ്‌ (എസി റോഡ്‌) നവീകരണത്തിനായി വ്യാഴാഴ്‌ച മുതൽ കളർകോട് മുതൽ ചങ്ങനാശേരി പെരുന്ന വരെയുള്ള 24.16 കിലോമീറ്റർ ദൂരത്തിൽ ചരക്ക്‌, ദീർഘദൂര വാഹനങ്ങളുടെ ഗതാഗതം പൂർണമായി നിരോധിച്ചു.

തദ്ദേശവാസികൾക്ക് ചെറുവാഹനങ്ങളിൽ യാത്ര ചെയ്യാം. ചെറുപാലങ്ങൾ പൊളിച്ചുപണിയുന്ന സ്ഥലങ്ങളിൽ തദ്ദേശവാസികളുടെ ചെറിയവാഹനങ്ങളും ആംബുലൻസും കടന്നുപോകാൻ താൽക്കാലിക മാർഗമൊരുക്കും. നിയന്ത്രണവിധേയമായി കെഎസ്ആർടിസി സർവീസുണ്ടാകും. കലക്‌ടർ എ അലക്‌സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ്‌ തീരുമാനം.

ജങ്കാർ ഉപയോഗിച്ച് എസി റോഡിലേയ്‌ക്കും മറ്റും പ്രവേശിക്കുന്ന യാത്രികർ മറ്റ് റോഡുകൾ ഉപയോഗിക്കണമെന്ന്‌ ജില്ല പൊലീസ് മേധാവി ജി ജയ്‌ദേവ് അറിയിച്ചു. എസി റോഡിലേക്ക് പ്രവേശിക്കുന്നതിനും തിരികെ പോകുന്നതിനും ചെറിയ ചരക്ക് വാഹനങ്ങളും മറ്റ് അത്യാവശ്യ യാത്രക്കാരും മറ്റ്‌ ഇടറോഡുകൾ ഉപയോഗിക്കണം.

യാത്രക്കാർക്ക്‌ ഉപയോഗിക്കാവുന്ന എസി റോഡുമായി ബന്ധപ്പെട്ട റോഡുകൾ: പെരുന്ന – മുത്തൂർ ജങ്‌ഷൻ - പൊടിയാടി - ചക്കുളത്തുകാവ് - മുട്ടാർ – കിടങ്ങറ റോഡ്, പെരുന്ന- ജങ്‌ഷൻ - കുമരംകരി - കിടങ്ങറ റോഡ്, കിടങ്ങറ – മുട്ടാർ - ചക്കുളത്തുകാവ് - തലവടി - മിത്രക്കരി - മാമ്പുഴക്കരി റോഡ്, മാമ്പുഴക്കരി – മിത്രക്കരി – ചങ്ങങ്കരി - തായങ്കരി – വേഴപ്ര റോഡ്, വേഴപ്ര - തായങ്കരി - ചമ്പക്കുളം – മങ്കൊമ്പ് റോഡ്,  കിടങ്ങറ - വെളിയനാട് - പുളിങ്കുന്ന് - മങ്കൊമ്പ് ബ്ലോക്ക് ജങ്‌ഷൻ റോഡ്, മങ്കൊമ്പ് - ചമ്പക്കുളം - പൂപ്പള്ളി റോഡ്, പൂപ്പള്ളി - ചമ്പക്കുളം – വൈശ്യംഭാഗം - എസ്എൻകവല – കളർകോട് റോഡ്.

പഞ്ചായത്ത്‌ പ്രസിഡന്റുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, പൊലീസ്‌, ആർടിഒ, കെഎസ്‌ആർടിസി, വിവിധ വകുപ്പുകൾ എന്നിവയുടെ ഉദ്യോഗസ്ഥർ, കെഎസ്‌ടിപി -പിഡബ്ല്യുഡി -ഊരാളുങ്കൽ സൊസൈറ്റി അധികൃതർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top