29 March Friday

എ സി റോഡിൽ 11 ഇടങ്ങളി‌ൽ വെള്ളംകയറി; റോഡ്‌ മുങ്ങി,
ഗതാഗതം നിലച്ചു

പ്രത്യേക ലേഖകൻUpdated: Saturday Aug 6, 2022

എ സി റോഡിൽ മാമ്പുഴക്കരിയിൽ വെള്ളത്തിൽ മുങ്ങിയ സമാന്തര പാതയിലൂടെ പോകുന്ന വാഹനങ്ങൾ. സമീപം പണിയുന്ന പുതിയ പാതയും കാണാം

ആലപ്പുഴ > വെള്ളം കയറി ആലപ്പുഴ - ചങ്ങനാശേരി, അമ്പലപ്പുഴ- തിരുവല്ല, എടത്വ - ഹരിപ്പാട്​ പാതകളിൽ ഗതാഗതം നിലച്ചു. കെഎസ്​ആർടിസി സർവീസുകൾ നിർത്തി. അമ്പലപ്പുഴ - തിരുവല്ല റൂട്ടുകളിൽ ബസ്‌ ഇല്ലാത്തതിനാൽ ആലപ്പുഴ ഡിപ്പോയിൽ നിന്ന്‌ മുഹമ്മ - കുമരകം വഴി കോട്ടയത്തേക്ക്‌ വൈകിട്ടോടെ ഒമ്പത്‌ അധിക സർവീസുകൾ തുടങ്ങി.
 
പമ്പാനദി കരകവിഞ്ഞ്​ -അമ്പലപ്പുഴ - തിരുവല്ല പാതയിൽ നെടുമ്പ്രത്തും ചക്കുളത്തുകാവിലും വെള്ളംകയറി. റോഡരിലെ വീടുകളിലും വെള്ളം കയറി. നെടുമ്പ്രത്താണ്​​ വെള്ളം കൂടുതലുള്ളത്​. റോഡിന്റെ ഒരുഭാഗത്ത് താഴ്‌ചയായതിനാൽ വാഹനങ്ങൾക്ക്​ കടന്നുപോകാൻ സാധിക്കില്ല. വെള്ളം ഇനിയും കൂടിയാൽ വാഹനഗതാഗതം പൂർണമായും നിരോധിക്കേണ്ടിവരും.
 
എടത്വ - ഹരിപ്പാട് റൂട്ടിലും വെള്ളംകയറി കെഎസ്​ആർടിസി സർവീസുകൾ നിർത്തി. എടത്വ ഭാഗത്തുനിന്നുള്ള ബസുകൾ ചക്കുളത്തുകാവ്​ ജങ്​ഷൻവരെയും ഹരിപ്പാട്​ ഡിപ്പോയിൽനിന്നും വീയപുരം വരെയും സർവീസ്​ നടത്തുന്നുണ്ട്​. എ സി റോഡിൽ കിഴക്കൻ വെള്ളത്തിന്റെ വരവിൽ 11 ഇടങ്ങളി‌ലാണ്​ വെള്ളംകയറിയത്​. ഒന്നാങ്കര, പള്ളിക്കൂട്ടുമ്മ, മാമ്പുഴക്കരി, മുട്ടാർ ജങ്​ഷൻ‌, കിടങ്ങറ, പാറക്കൽ കലുങ്ക്​, മനക്കച്ചിറ തുടങ്ങിയ സ്ഥലങ്ങളിലാണ്​ ഗതാഗത തടസമുള്ളത്​. പലയിടത്തും ഒരുകിലോമീറ്റർ ദൂരത്തിലാണ്​ വെള്ളം. താൽക്കാലിക പാത ഒരുക്കിയ മാമ്പുഴക്കരിഭാഗത്തും വെള്ളത്തിന്റെ ഒ​ഴുക്ക്​ ശക്തമാണ്​.
 
വെള്ളം കയറിയ താൽക്കാലിക പാതയിലുടെ വലിയ വാഹനങ്ങളടക്കം ഓടിയാൽ ബലക്ഷയമുണ്ടാകുമെന്ന്​ ആശങ്കയുണ്ട്​. പള്ളിക്കൂട്ടുമ്മ പമ്പ് ഹൗസിനുസമീപം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത് ഇരുചക്ര വാഹനയാത്രക്കാരെ വലച്ചു. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ്​ വർധിച്ചതിനാൽ ആലപ്പുഴ- ചങ്ങനാശേരി റോഡിൽ രാ​ത്രി ഒമ്പത്​ മുതൽ രാവിലെ ആറുവരെ രാ​ത്രികാല യാത്രാനിരോധനമുണ്ട്​. ഇത്​ വരുംദിവസങ്ങളിലും തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top