24 April Wednesday

സുധാകരനിസം കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാന ആണി: എ എ റഹിം

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022

തിരുവനന്തപുരം > സുധാകരനിസം കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയാകുമെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം. ധീരജിന്റെ രക്തസാക്ഷിത്വം ഇരന്നുവാങ്ങിയതാണെന്ന്‌ പറഞ്ഞതോടെ, കൊലപാതകം ചെയ്‌തത്‌ തങ്ങൾതന്നെയെന്ന്‌ കെപിസിസി പ്രസിഡന്റ്‌ സുധാകരൻ സ്വയം സമ്മതിച്ചുകഴിഞ്ഞു. ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ "കുഞ്ഞായിരുന്നില്ലേ.. കൊന്നു കളഞ്ഞില്ലേ, കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല'- എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘിപ്പിച്ച ജനകീയ കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു റഹിം.

പ്രിയപ്പെട്ടവരുടെ മരണത്തിൽ കേരളത്തിലെ ഒരു വീട്ടിലും ആരും ഹൃദയംപൊട്ടി കരയരുതെന്ന നിർബന്ധം ഞങ്ങൾക്കുണ്ട്‌. അതുകൊണ്ടാണ്‌ കോൺഗ്രസ്‌ നയം പിന്തുടരാത്തത്‌. രക്തസാക്ഷിത്വം ഇരന്നുവാങ്ങിയതെന്ന സുധാകാരന്റെ അഭിപ്രായം ചില മലയാള മനോരമയും മാതൃഭൂമിയും അടക്കമുള്ള മാധ്യമങ്ങൾ അവരിപ്പിച്ചത്‌ "ചോദിച്ചുവാങ്ങിയത്‌' എന്നും "ധീരജിന്റേത്‌ സിപിഐ എം രക്തസാക്ഷിത്വം' എന്നുമൊക്കെയാണ്‌. സുധാകരനെ വെളുപ്പിക്കാനുള്ള മാധ്യമങ്ങളുടെ താൽപ്പര്യം വ്യക്തമാണ്‌.

സമൂഹമാധ്യമങ്ങളുടെ ഈ കാലത്തും സുധാകരന്റെ വിവാദ പരാമർശത്തിന്റെ വീര്യം കുറയ്ക്കാനാണ്‌ മാധ്യമങ്ങളുടെ ശ്രമം.
കൊലയാളികളെ പരസ്യമായി പിന്തുണയ്ക്കുന്ന നയമാണ്‌ കെപിസിസി പ്രസിഡന്റിന്‌. ധീരജിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന്‌ പറഞ്ഞ അതേ സുധാകരൻ പിന്നീട്‌ രക്തസാക്ഷിത്വം ഇരന്നുവാങ്ങിയതെന്ന്‌ മാറ്റിപ്പറയുന്നു. കൊന്നത്‌ കോൺഗ്രസ്‌ എന്ന്‌ സമ്മതിച്ചു കഴിഞ്ഞു സുധാകരൻ. എന്നിട്ടും കൊലയാളികൾ ഇപ്പോഴും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ തുടരുകയാണ്‌ - റഹിം പറഞ്ഞു.

ജനകീയ കൂട്ടായ്‌മയിൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ വി വിനീത്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്‌, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ഷിജൂഖാൻ, സംസ്ഥാന കമ്മിറ്റി അംഗം എ എം അൻസാരി, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എസ്‌ ഷാഹിൻ, എസ്‌ എസ്‌ നിധിൻ, കവി വിനോദ്‌ വൈശാഖി തുടങ്ങി നിരവധി പേർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top