19 April Friday

ഗവർണർ ഒരു കാര്യം മറന്നു പോകുന്നു, ആർഎസ്എസിനോട് കേരളം അന്നും ഇന്നും പറയുന്നത് "കടക്ക് പുറത്ത്' എന്ന് തന്നെയാണ്: എ എ റഹീം

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

തിരുവനന്തപുരം > ഗവർണറുടെ വധ ഗൂഢാലോചന ആരോപണങ്ങൾ പരസ്‌പര വിരുദ്ധമെന്ന് എ എ റഹിം എം പി . അതിരുവിട്ട ആർഎസ്എസ് വിധേയത്വം മാത്രമായിരുന്നു വാർത്താസമ്മേളനം. ഒരിക്കൽക്കൂടി ഗവർണർ തന്റെ പദവിയെ കളങ്കപ്പെടുത്തി. ആർഎസ്എസ് വക്താവായിരിക്കാനല്ല ഗവർണറെ രാജ്ഭവനിൽ നിയോഗിച്ചിരിക്കുന്നതെന്നും റഹീം പറഞ്ഞു.

ആർഎസ്എസ് തലവനെ തേടിപ്പിടിച്ചു കണ്ട ഗവർണർ സംസ്ഥാനത്തിനും രാജ്യത്തിനും നൽകിയ സന്ദേശമെന്താണെന്നും എ എ റഹിം എം പി ചോദിച്ചു.കെ കെ രാഗേഷിനോടുള്ള ഗവർണറുടെ വ്യക്തി വിദ്വേഷം എത്രയെന്ന് വ്യക്തമായി. കെ കെ രാഗേഷ് വധഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കുന്ന ഗവർണറെക്കുറിച്ചു സഹതപിക്കുന്നു. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ നടക്കുന്ന ആർഎസ്എസിനോട് കേരളം പറയുന്നതാണ് ‘കടക്ക് പുറത്ത്’ എന്നും എ എ റഹിം എം പി പറഞ്ഞു.

എ എ റഹീമിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിം മത ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ലക്‌ഷ്യം വച്ച് കൊണ്ടുള്ളതാണ്. അത് ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള സംഘപരിവാർ പദ്ധതിയാണ്.മതനിരപേക്ഷ ഇന്ത്യക്കു വേണ്ടിയുള്ള സമരമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം. രാജ്യം ഒറ്റക്കെട്ടായി ആ സമരം നയിച്ച കാലത്താണ് കണ്ണൂരിൽ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സ് നടക്കുന്നത്.

രാജ്യത്തെ ഏറ്റവും പ്രമുഖരായ ചരിത്രകാരന്മാരും ചരിത്ര ഗവേഷകരും വിദ്യാർത്ഥികളും പങ്കെടുക്കുന്നു.അവർക്കു മുന്നിൽ നിന്ന് പൗരത്വ ഭേദഗതി നിയമത്തെ മഹത്വവൽക്കരിച്ചും,ചരിത്രവിരുദ്ധമായ പരാമർശങ്ങൾ നടത്തിയും ഗവർണ്ണർ സംസാരിക്കുന്നു. ചരിത്രത്തെയും ഇന്ത്യയെയും സ്നേഹിക്കുന്നവർ എഴുന്നേറ്റുനിന്നു പ്രതിഷേധിക്കുന്നു.

ആ സംഭവങ്ങളാണ് ഇന്ന് ഗവർണ്ണർ 'ദൃശ്യങ്ങൾ പുറത്തുവിട്ട്' പുനരാവിഷ്‌കരിക്കാൻ ശ്രമിച്ചത്!! ഗവർണ്ണർ ഒരു കാര്യം മറന്നു പോകുന്നു, വ്യത്യസ്‌ത‌ മതങ്ങളും ഭാഷയും ഭക്ഷണ ശീലങ്ങളുമെല്ലാം നിരോധിച്ചു, ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റാൻ നടക്കുന്ന ആർഎസ്എസിനോട്, കേരളം അന്നും ഇന്നും പറയുന്നത് 'കടക്ക് പുറത്ത്' എന്ന് തന്നെയാണ്.

ചരിത്ര കോൺഗ്രസ്സിൽ താങ്കളുടെ ചരിത്ര വിരുദ്ധമായ ആർഎസ്എസ് അനുകൂല  പ്രസംഗത്തെ ജനാധിപത്യപരമായി ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്‌ത ചരിത്രകാരന്മാരോടും വിദ്യാർഥികളോടും കേരളത്തിന് തികഞ്ഞ ആദരവും ബഹുമാനവുമാണുള്ളത്.

'വരത്തന്മാരുടെ പ്രത്യയശാസ്ത്രം'

കമ്മ്യൂണിസ്റ്റു പാർട്ടികളെ കുറിച്ച് ഗവർണ്ണർ ഇന്നും ഈ പരിഹാസം ആവർത്തിച്ചു. കമ്മ്യൂണിസ്റ്റുകൾ  മാത്രമല്ല, ഇസ്ലാമും ക്രിസ്ത്യനുമെല്ലാം വരത്തന്മാരാണെന്നും ഇവരൊക്കെയും അപരന്മാരും രാജ്യത്തിൻറെ ആഭ്യന്തര ശത്രുക്കളാണെന്നും അഭിപ്രായമുള്ള ഒരു കൂട്ടരേ ഇന്ത്യയിൽ ഉള്ളു.

അത് ആർഎസ്എസ് മാത്രമാണ്.അതേ ആർഎസ്എസുമായാണ് തനിക്ക് നല്ല ബന്ധമുള്ളതെന്നു ഇന്ന് ഗവർണ്ണർ ആവർത്തിച്ചത്.
ആർഎസ്എസിന്റെ വക്താവായി ഇരിക്കാനല്ല,ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കാനാണ് പൊതുഖജനാവിൽ നിന്നും പണം കൊടുത്ത് അദ്ദേഹത്തെ രാജ്ഭവനിൽ നിയോഗിച്ചിരിക്കുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് ഇന്നദ്ദേഹം 'വികാരാധീനനായി'... കണ്ണൂരിൽ മാത്രമല്ല, സംസ്ഥാനത്ത് നാളിതുവരെ നടന്നിട്ടുള്ള രാഷ്ട്രീയവും വർഗീയവുമായ എല്ലാ സംഘർഷങ്ങളിലും ഒരു വശത്ത് ആർഎസ്എസ് ഉണ്ടായിരുന്നു.പ്രത്യേകിച്ചും സമീപകാലത്ത് വർഗ്ഗീയ സ്വഭാവത്തോടെ കലാപനീക്കങ്ങൾ തന്നെ ആർഎസ്എസ് നടത്തി.ആ സംഘടനയുടെ തലവനെ തേടിപ്പിച്ചുപോയി കാണുക വഴി സംസ്ഥാന ഗവർണ്ണർ സംസ്ഥാനത്തിനും രാജ്യത്തിനും നൽകിയ സന്ദേശമെന്താണ്?. മുഖ്യമന്ത്രി നടത്തിയ തികച്ചും നിയമപരവും ഔദ്യോകികവുമായ കത്തുകൾ ഉയർത്തിക്കാണിച്ച് എന്ത് 'രഹസ്യമാണ്'ഗവർണ്ണർ ഇന്ന് പുറത്തു വിട്ടത്?.

ഇപ്പറയുന്ന കണ്ണൂർ സർവകലാശാല വൈസ്ചാൻസിലർ നിയമനം ഹൈക്കോടതി തന്നെ ശരിവച്ചതാണ്. ആദ്യം സിംഗിൾ ബെഞ്ചും,പിന്നെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചും കണ്ണൂർ വിസിയുടെ നിയമനം ശരിവെച്ചത് ഗവർണറും ശ്രീ വി ഡി സതീശനും ഇപ്പോൾ മറന്നുപോയ ഒരു കാര്യമാണ്. പിന്നെ വൈസ് ചാൻസിലറായ ശ്രീ ഗോപിനാഥ്‌ രവീന്ദ്രൻ രാജ്യത്തെ അറിയപ്പെടുന്ന  ചരിത്രകാരന്മാരിൽ ഒരാളുമാണ്.വളഞ്ഞവഴി വന്നു കയറിയ ഏതോ യോഗ്യതയില്ലാത്ത ആളായി അദ്ദേഹത്തെപ്പോലെ ഒരാളെ ഗവർണറും
പ്രതിപക്ഷ നേതാവും ചിത്രീകരിക്കരുത്.

ബിജെപി,ചരിത്രത്തെ കാവിവൽക്കരിക്കുമ്പോൾ അതിനെതിരെ നിലപാട് ഉയർത്തിപ്പിടിക്കുന്ന ചരിത്രകാരിൽ ഒരാൾ.
സഖാവ് കെ കെ രാഗേഷിനോടുള്ള ഗവർണ്ണറുടെ വ്യക്തിപരമായ വിദ്വേഷം എത്രയധികമാണെന്നു കൂടി ഇന്നത്തെ വാർത്താ സമ്മേളനം വ്യക്തമാക്കുന്നു. കെ കെ രാഗേഷിനെതിരെ അടുത്തകാലത്തായി നടന്ന കടന്നാക്രമങ്ങളുടെ കാരണം കൂടി ഇന്ന് വ്യക്തമായി. കണ്ണൂർ സർവകലാശാലയിൽ കൂട്ടികൊണ്ടുപോയി ഇദ്ദേഹത്തെ കൊല്ലാൻ കെ കെ രാഗേഷ് ഗൂഢാലോചന നടത്തി എന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഗവർണറെക്കുറിച്ചു സഹതപിക്കാതെ തരമില്ല.

'വധ ഗൂഢാലോചന'സംബന്ധിച്ച് ഗവർണ്ണർ തന്നെ നേരത്തെ നടത്തിയ ആരോപണങ്ങളും ഇന്ന് പറഞ്ഞതും പലതും പരസ്‌പര വിരുദ്ധവുമാണ്. ബാലിശമായ ആരോപണങ്ങളും രാഷ്ട്രീയ പ്രേരിതമായ പ്രസ്‌താവനകളും അതിരുവിട്ട ആർഎസ്എസ് വിധേയത്വവും മാത്രമായിരുന്നു ഇന്നത്തെ ഗവർണ്ണറുടെ വാർത്താ സമ്മേളനം.ഒരിക്കൽ കൂടി തന്റെ പദവിയെ അദ്ദേഹം കളങ്കപ്പെടുത്തി എന്നതിൽ കവിഞ്ഞു ഇന്നത്തെ ദീർഘമായ വാർത്താസമ്മേളനത്തിൽ മറ്റൊന്നുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top