25 April Thursday

കറൻസി പിൻവലിക്കൽ ; കേന്ദ്രത്തിന്റെ 
ലക്ഷ്യം വേറെ , പണക്ഷാമം പരിഹരിക്കാനുള്ള കള്ളക്കളി

ജി രാജേഷ്‌കുമാർUpdated: Wednesday May 24, 2023



തിരുവനന്തപുരം
2000 രൂപ കറൻസി പിൻവലിക്കൽ തീരുമാനത്തിനു പിന്നിൽ ഇന്ത്യൻ ബാങ്കുകളിലെ രൂക്ഷമായ പണക്ഷാമം പരിഹരിക്കാനുള്ള കള്ളക്കളിയും. അമേരിക്കയിലെ വൻകിട ബാങ്കുകളുടെ തകർച്ചയെത്തുടർന്ന്‌ ഇന്ത്യയിലെ ബാങ്കുകളിലും നിക്ഷേപം ഇടഞ്ഞിരുന്നു. സ്വകാര്യ, പുതുതലമുറ ബാങ്കുകൾക്കടക്കം വായ്‌പയുടെ അളവ്‌ ഉയർത്തുന്നതിന്‌ ആവശ്യമായ പണമില്ലാത്ത സ്ഥിതിയുമായി. 20,000 രൂപ പിൻവലിച്ചാൽ വൻകിടക്കാരുടെ കൈയിലുള്ള നോട്ടുകൾ നിക്ഷേപമായി ബാങ്കുകളിലേക്ക്‌ എത്താൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ്‌ കേന്ദ്ര സർക്കാർ. കൈവശമുള്ള 2000 രൂപ നിക്ഷേപിക്കാൻ പരിധി നിശ്‌ചയിക്കാതിരുന്നത്‌ ഇതിനാണെന്ന്‌ ബാങ്കിങ്‌ മേഖലയിലുള്ള വിദഗ്‌ധർ പറയുന്നു. എന്നാൽ, മറ്റ്‌ നോട്ടുകൾ മാറ്റിവാങ്ങുന്നതിന്‌ ഒരു ഇടപാടിന്‌ 20,000 രൂപ പരിധി വ്യവസ്ഥയും ഉൾപ്പെടുത്തി. രാജ്യത്ത്‌ നിലവിൽ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ കറൻസി ഉണ്ടെന്നാണ്‌ റിസർവ്‌ ബാങ്ക്‌ മാർച്ച്‌ 31ന്‌ വ്യക്തമാക്കിയത്‌. ഇതിൽ 30 ശതമാനം നിക്ഷേപമായി എത്തിയാൽതന്നെ ഒരുലക്ഷം കോടി രൂപ ബാങ്കുകൾക്ക്‌ ലഭ്യമാകും.  

സാധനങ്ങൾ വാങ്ങാനും സേവനങ്ങൾക്കും 2000 രൂപ കറൻസി യഥേഷ്ടം ഉപയോഗിക്കാമെന്ന വ്യവസ്ഥ സർക്കാർ വരുമാനമുയർത്തുമെന്നാണ്‌ കേന്ദ്രം പ്രതീക്ഷിക്കുന്നത്‌. വലിയതോതിലുള്ള പണച്ചെലവ്‌ സ്വർണം ഉൾപ്പെടെയുള്ള ആഡംബര വസ്‌തുക്കളുടെ വിൽപ്പനയും റിയൽ എസ്‌റ്റേറ്റ്‌ ഇടപാടും ഉയർത്തുമെന്നാണ്‌ കണക്കുകൂട്ടൽ. ഇത്‌ ജിഎസ്‌ടി വരുമാനമടക്കം ഉയർത്തുമെന്ന അവകാശവാദവുമുണ്ട്‌. എന്നാൽ, നാമമാത്ര, ചെറുകിട, ഇടത്തരം വ്യാപാര മേഖലകളിൽ 2000 രൂപ കറൻസി സ്വീകരിക്കാൻ വിമുഖത കാട്ടുന്നു. നോട്ട്‌ മാറാനുള്ള പ്രയാസങ്ങളാണ്‌ പല വ്യാപാരികളെയും പിന്തിരിപ്പിക്കുന്നത്‌.

സെപ്‌തംബർ 30 കഴിഞ്ഞാലും നോട്ടിന്‌ സാധുത ഉണ്ടാകുമെന്ന റിസർവ്‌ ബാങ്കിന്റെ അറിയിപ്പിലും അവ്യക്തത തുടരുന്നു. എത്രകാലംവരെ കറൻസി സാധുവായി തുടരുമെന്നതിൽ വ്യക്തത വരേണ്ടതുണ്ട്‌. സെപ്‌തംബർ 30 കഴിഞ്ഞാൽ ആർബിഐ റിജണൽ ഓഫീസുകളിൽ നോട്ട്‌ മാറാമെന്നാണ്‌ പറയുന്നത്‌. കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തുമാണ്‌ റീജണൽ ഓഫീസുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top