26 April Friday

മതനിരപേക്ഷത ആക്രമിക്കപ്പെടുമ്പോൾ മാധ്യമങ്ങൾ നിശബ്‌ദരാകരുത്‌: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

കൊച്ചി > മതനിരപേക്ഷതയ്ക്കും ഫെഡറൽ സംവിധാനത്തിനുംമേൽ കടന്നാക്രമണമുണ്ടാകുമ്പോൾ മാധ്യമങ്ങൾ നിശ്ശബ്ദരാകരുതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം നടപടികൾ കണ്ടില്ലെന്ന് നടിച്ചാൽ മാധ്യമങ്ങളുടെ നിലനിൽപ്പിനു  തന്നെ ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാതൃഭൂമി ശതാബ്‌ദി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മത സ്വാതന്ത്ര്യം ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വവും മാധ്യമങ്ങൾക്കുണ്ട്. മാധ്യമങ്ങൾ വർഗ്ഗീയതയെ താലോലിച്ചാൽ മത നിരപേക്ഷത വളർത്താൻ കഴിയില്ല.  സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടത് നിഷേധിക്കുന്ന സ്ഥിതിയും രാജ്യത്തുണ്ടാകുന്നു. ഇതിനെതിരെയും മാധ്യമങ്ങൾ ശബ്ദിക്കണം.

ഏക ഭാഷാ നയം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളും ചെറുക്കപ്പെടണം. മലയാള മാധ്യമങ്ങൾക്ക് ഭീഷണിയാകുന്ന നയമാണത്‌.  മാധ്യമങ്ങളുടെ നിലനിൽപ്പിനു വേണ്ടി പൊരുതേണ്ടത് മാധ്യമങ്ങൾ തന്നെയാണ്.
വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യ 150-ാം സ്ഥാനത്താണെന്നത് അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു രാജ്യത്താണ് ഈ സ്ഥിതിയെന്ന്‌ ഓർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top