തൊടുപുഴ > അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തിയ മകന് 10 വർഷം കഠിനതടവും 20,000രൂപ പിഴയും. തുടങ്ങനാട് നാരത്തറയിൽ ഗോപിനാഥനെ കൊലപ്പെടുത്തിയ കേസിൽ മകൻ ഷിജിനെയാണ്(34) തൊടുപുഴ മൂന്നാം അഡീഷണൽ സെഷൻസ് ജഡ്‌ജി ജി മഹേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി കഠിന തടവ് അനുഭവിക്കണം.
2016 ഏപ്രിൽ ഏഴിനായിരുന്നു കേസിനാസ്‌പദമായ സംഭവം. കൊല്ലപ്പെട്ട ഗോപിനാഥനുമായി പിണങ്ങി ഭാര്യയും മക്കളും നീലൂർ ഭാഗത്ത് വാടകവീട്ടിലായിരുന്നു താമസം. തുടങ്ങനാട്ടെ വീട്ടിൽ കന്നുകാലികൾക്ക് തീറ്റി കൊടുക്കുന്നതിനും മറ്റും ഇടയ്‌ക്ക് ഭാര്യ വരാറുണ്ട്. സംഭവദിവസം പുരയിടത്തിലെത്തിയ ഭാര്യയുമായി ഗോപിനാഥൻ വഴക്കിട്ടു. അമ്മയുമായി വഴക്കിട്ട വിവരമറിഞ്ഞ ഷിജിൻ സുഹൃത്തിന്റെ ബൈക്കിൽ തുടങ്ങനാട്ടെത്തി. വീടിനുള്ളിൽ കട്ടിലിൽ ഇരിക്കുകയായിരുന്ന ഗോപിനാഥിനെ അടിച്ച് താഴെ വീഴ്‍ത്തി. കൈകാലുകൾ ചവിട്ടി ഒടിക്കുയും വാരിയെല്ലുകൾ തകർക്കുയും ചെയ്‌തശേഷം സ്ഥലംവിട്ടു.
പിറ്റേന്ന് ഗോപിനാഥിന്റെ സുഹൃത്തുക്കളെത്തി തൊടുപുഴ താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 2016 ഏപ്രിൽ 23ന് ഗോപിനാഥൻ മരിച്ചു. ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്‌ത്രീയ തെളിവുകളും കണക്കിലെടുത്തായിരുന്നു വിധി. തൊടുപുഴ ഡിവൈഎസ്‌പിമാരായിരുന്ന കെ സദനും ടി രാജപ്പനും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. മനോജ് കുര്യൻ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..