25 April Thursday

വളം വില്‍ക്കാന്‍ കൃഷിയെക്കുറിച്ച് പഠിക്കണം

പി കെ എ റഷീദ്Updated: Monday Oct 30, 2017

അഭിമുഖത്തിനുള്ള തയ്യാറെടുപ്പില്‍ തൊഴില്‍ദാതാവിനെക്കുറിച്ച് വിവരം ശേഖരിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് മുമ്പൊരു ലക്കത്തില്‍ പ്രതിപാദിച്ചിരുന്നു. ജോലി തേടുന്ന സ്ഥാപനത്തെക്കുറിച്ചറിയുകയെന്നതുപോലെ പ്രധാനമാണ് ബന്ധപ്പെട്ട തൊഴില്‍മേഖലയെക്കുറിച്ച് ആകെ അറിയുകയെന്നതും. ഉദാഹരണത്തിന് പ്രത്യേകയിനം രാസവളം മാത്രം നിര്‍മിക്കുന്ന കമ്പനിയുടെ റപ്രസന്റേറ്റീവ് പോസ്റ്റിലേക്കാണ് ഇന്റര്‍വ്യുയെന്ന് കരുതുക. പ്രസ്തുത കമ്പനിയെക്കുറിച്ച് മാത്രം മനസ്സിലാക്കിയതുകൊണ്ടായില്ല. പൊതുവില്‍ രാസവള വിപണിയെക്കുറിച്ചും ഇതരഇനം വളങ്ങളെക്കുറിച്ചുമെല്ലാം പഠിക്കണം. എങ്കില്‍ മാത്രമേ പരിഗണിക്കപ്പെടുന്ന ജോലിയെക്കുറിച്ച് ഇന്റര്‍വ്യു ബോര്‍ഡിനോട് ശരിയായ രീതിയില്‍ ആശയവിനിമയം നടത്താന്‍ സാധിക്കൂ. ചോദ്യങ്ങള്‍ക്ക് ഫലപ്രദമായി ഉത്തരം നല്‍കാനും ബോര്‍ഡില്‍നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാനും മേഖലയെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവ് അനിവാര്യമാണ്.
നിലവിലുള്ള ജോലിയുമായി താരതമ്യം  ചെയ്തുകൊണ്ട് പുതിയ ജോലി സ്വീകരിക്കേണ്ട ഘട്ടങ്ങളില്‍ ഇത്തരം അറിവ് വളരെ അത്യാവശ്യമായിവരും. തൊഴില്‍ പരസ്യത്തില്‍നിന്നും  ഇന്റര്‍വ്യു ബോര്‍ഡില്‍നിന്നും അതിനുശേഷവുമെല്ലാം ലഭിക്കുന്ന വിവരങ്ങള്‍ ശരിയായ തീരുമാനത്തിലെത്താന്‍ സഹായിക്കും. ഇങ്ങനെ വിവരങ്ങള്‍ തേടുമ്പോള്‍ സ്വകാര്യ കമ്പനിയിലാണോ അതോ പബ്ളിക് ലിമിറ്റഡ് കമ്പനിയിലാണോയെന്ന് ആദ്യം മനസ്സിലാക്കണം. സ്വകാര്യകമ്പനിയുടെ വിവരങ്ങള്‍ മിക്കതും  ഗോപ്യമായിരിക്കും.  അറിയുക ശ്രമകരവും. പബ്ളിക് ലിമിറ്റഡ് കമ്പനിയുടെ അടിസ്ഥാനവിവരങ്ങള്‍ ഷെയര്‍ഹോള്‍ഡര്‍മാരുടെയും പൊതുജനങ്ങളുടേയും അറിവിലേക്കായി പരസ്യപ്പെടുത്തിക്കൊണ്ടിരിക്കും. ഇത്തരം വാര്‍ഷികറിപ്പോര്‍ടും ബാലന്‍സ്ഷീറ്റുകളും പത്രമാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും  ലഭ്യമാണ്. സ്റ്റോക്ക് എക്സ്ചേഞ്ച് പോലുള്ള സ്ഥാപനങ്ങളില്‍നിന്നും പബ്ളിക്കമ്പനികളുടെ വിശദാംശങ്ങള്‍ ലഭിക്കും. മിക്ക സ്വകാര്യകമ്പനികള്‍ക്കും  സ്വന്തമായി വെബ്സൈറ്റ് ഉണ്ടെന്നതിനാല്‍ കുറേയേറെ വിവരങ്ങള്‍ ലഭ്യമാണ്. എന്നാലും  രഹസ്യം സൂക്ഷിക്കുകയെന്നത് സ്വകാര്യ കമ്പനികളുടെ അടിസ്ഥാന സ്വഭാവമാണ്. അവ ചികഞ്ഞെടുക്കുക എളുപ്പമല്ലെങ്കിലും ബുദ്ധിപൂര്‍വമായ നീക്കത്തിലൂടെ സാധിക്കാവുന്നതേയുള്ളൂ.
ജോലിയുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ആദ്യം ശേഖരിക്കണം. അതുകഴിഞ്ഞാല്‍ കമ്പനിയുടെ ഇന്നത്തെ നില , പഴയകാലം  എന്നിവ മനസ്സിലാക്കണം. സ്ഥാപകന്‍, സ്ഥാപിതമായ വര്‍ഷം, ലക്ഷ്യം, നേട്ടങ്ങള്‍, വരുത്തിയമാറ്റം, അഭിമഖീകരിച്ച പ്രതിസന്ധികള്‍ എന്നിങ്ങനെ പ്രസക്തമായ കാര്യങ്ങളെല്ലാം അന്വേഷിച്ചറിയണം.
മുന്‍കാല ചരിത്രത്തോടൊപ്പം കമ്പനിയുടെ നിലവിലുള്ള അവസ്ഥയും നിലപാടുകളും മനസ്സിലാക്കണം. നിയമനം നേടാന്‍ ആഗ്രഹിക്കുന്ന പോസ്റ്റിന്റെ ഇപ്പോഴത്തെ അവസ്ഥയും അറിയണം. കമ്പനിയുടെ ഘടനയില്‍ വന്ന മാറ്റം, ലയനം, ബൈഫര്‍ക്കേഷന്‍ അതുമൂലം ജീവനക്കാര്‍ക്കുണ്ടായ നേട്ടങ്ങള്‍, തിരിച്ചടി, പുതിയ ഉല്‍പ്പന്നങ്ങള്‍, പിന്‍വലിച്ചവ, മാര്‍ക്കറ്റിലെ പുതിയ ട്രന്‍ഡുകള്‍  തുടങ്ങിയവല്ലൊം അറിയാന്‍ ശ്രമിക്കണം.
ജോലി പ്രതീക്ഷിക്കുന്ന കമ്പനിയുമായി നേരിട്ടു മത്സരിക്കുന്ന സ്ഥാപങ്ങളെക്കുറിച്ച് പഠിക്കണം. കമ്പനിയുടെ ഉല്‍പന്നങ്ങളുടെ സമാന ബ്രാന്‍ഡുകളെ കുറിച്ച് കഴിയാവുന്നത്ര വിവരം ശേഖരിക്കണം. ഇതെല്ലാം ചുരുങ്ങിയ സമയത്തിനുള്ളില്‍ എവിടെനിന്ന് കണ്ടെത്താനാവുമെന്നായിരിക്കും. ഇന്റര്‍നെറ്റ് തന്നെയാണ് ഏറ്റവും പ്രധാനം.  പത്രങ്ങളും ജേര്‍ണലുകളും ഇക്കാലത്ത് ധാരാളം ബിസിനസ് അധിഷ്ഠിത വാര്‍ത്തകളും പ്രത്യേക പതിപ്പുകളും ഇറക്കുന്നുണ്ട്. കമ്പനികളുടെ വിവരങ്ങള്‍ നല്‍കുന്ന പ്രൊപ്രൈറ്ററി സ്ഥാപനങ്ങള്‍, കമ്പനി ഡയരക്ടറികള്‍ എന്നിവയില്‍നിന്ന് വിവരങ്ങള്‍ ലഭിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top