20 April Saturday

ബിരുദധാരികളും തൊഴില്‍ വിപണിയും

വെബ് ഡെസ്‌ക്‌Updated: Monday Aug 28, 2017

ബിരുദധാരികള്‍ക്കിടയിലെ തൊഴിലില്ലായ്മ ഏറെയുള്ള നാടാണ് നമ്മുടേത്. ബിരുദം ആവശ്യമില്ലാത്തതും താഴ്ന്ന നിലവാരമുള്ളതുമായ തൊഴിലില്‍ ബിരുദധാരികള്‍ എത്തിപ്പെടുന്ന സാഹചര്യവുമുണ്ട്. തൊഴില്‍ ഇല്ലാത്തതുകൊണ്ടല്ല തൊഴില്‍ വിപണി ആഗ്രഹിക്കുന്ന നിലയിലുള്ള ബിരുദധാരികളെ ലഭിക്കാത്തതു കൊണ്ടാണിത്.
ബിരുദധാരികളെ തൊഴില്‍ വിപണി രണ്ട് രീതിയിലാണ് കാണുന്നത്. ഉദാഹരണമായി ബിഎസ്സി കെമിസ്ട്രി യോഗ്യതയുള്ള ബിരുദധാരിക്ക് കെമിസ്റ്റ് എന്ന നിലയിലും ഓഫീസ് അസിസ്റ്റന്റ് എന്ന നിലയിലും തൊഴില്‍ സാധ്യതയുണ്ട്. ഓരോ ജോലിക്കും വ്യത്യസ്തമായ നൈപുണ്യമാണ് വേണ്ടത്. കെമിസ്റ്റിന് ലാബ് പ്രവര്‍ത്തനങ്ങളിലെ അടിസ്ഥാന ധാരണയും ഓഫീസ്ജോലികള്‍ക്ക് ഡ്രാഫ്റ്റിങ്, ടൈപ്പിങ്, കംപ്യൂട്ടര്‍സാങ്കേതികവിദ്യ മുതലായവയിലുള്ള മികവുമാണ് വേണ്ടത്. ഇവ രണ്ടും പഠനകാലയളവില്‍ഒരാള്‍ സ്വായത്തമാക്കിയാലോ ? നിശ്ചയമായും ജോലി ലഭിക്കും.
പഠനകാലത്തെ തൊഴില്‍ ലക്ഷ്യങ്ങള്‍
ബിരുദപഠനകാലം കൃത്യമായ ലക്ഷ്യബോധത്തോടെ രൂപപ്പെടുത്തുന്ന ഒരാള്‍ തൊഴില്‍രഹിതനായിരിക്കില്ല. ഒന്നാം വര്‍ഷംമുതല്‍ ഈ ചിന്ത രൂപപ്പെടണം. ഏത് വിഷയമെടുത്ത് ബിരുദപഠനം നടത്തുന്നയാളായാലും അടിസ്ഥാനപരമായ ചില സ്കില്ലുകള്‍ സ്വായത്തമാക്കണം. ഒന്നാം വര്‍ഷ ബിരുദ പഠനകാലയളവില്‍ ദിവസം ഒരു മണിക്കൂര്‍ ചെലവഴിച്ചാല്‍ പഠിക്കാന്‍ കഴിയുന്നതാണ് കെജിടിഇയുടെ ടൈപ്പ്റൈറ്റിങ് കോഴ്സുകള്‍. കേരള സര്‍ക്കാര്‍ സര്‍വീസിലേക്കു ടൈപ്പിസ്റ്റുമാരുടെ നിയമനത്തിനുള്ള യോഗ്യത ഇപ്പോഴും ടൈപ്പ്റൈറ്റിങ് ഇംഗ്ളീഷ്, മലയാളം ലോവറും  കംപ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിങ്ങുമാണ്. നല്ല ശ്രദ്ധയോടെ പഠിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയും. എളുപ്പം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ കഴിയുന്ന മാര്‍ഗമാണിത്. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചില്ലെങ്കില്‍പോലും താഴെ പറയുന്ന ഗുണങ്ങള്‍ ടൈപ്പ്റൈറ്റിങ് പഠനത്തിനുണ്ട്.
1. കംപ്യൂട്ടറില്‍ ഡാറ്റാ എന്‍ട്രി നടത്തുമ്പോള്‍ നല്ല വേഗത ലഭിക്കും
2. പഠനത്തിലും പ്രവൃത്തികളിലും നല്ല നിലയിലുള്ള ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും.
3. ക്ളറിക്കല്‍ ആപ്റ്റിറ്റ്യൂഡ് വര്‍ധിക്കും
രണ്ടാം വര്‍ഷം സര്‍ക്കാര്‍ അംഗീകാരമുള്ള ഒരു കംപ്യൂട്ടര്‍ കോഴ്സിന് ചേരണം. ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ ചെലവഴിക്കാന്‍ കഴിയുന്ന നിലയിലുള്ളതാകണം അത്. കംപ്യൂട്ടര്‍ പഠനം നടക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വേണ്ടിമാത്രം എന്ന ചിന്ത ഒഴിവാക്കുകയും  ജോലിയില്‍ പ്രാപ്തനാകാന്‍ വേണ്ടി എന്ന രീതിയില്‍ പഠിക്കുകയും വേണം.
മൂന്നാം വര്‍ഷം ബികോം ബിരുദധാരികള്‍ അക്കൌണ്ടിങ് സോഫ്റ്റ്വെയര്‍ കോഴ്സ് നല്ല നിലയില്‍ പഠിക്കുക. മറ്റു ബിരുദക്കാര്‍ ഒരു അഡ്വാന്‍സ്ഡ് കംപ്യൂട്ടര്‍ കോഴ്സ് ചെയ്യുകയാണ് വേണ്ടത്. ഇപ്രകാരം പഠനം പൂര്‍ത്തിയാക്കി മൂന്നാം വര്‍ഷം പുറത്തിറങ്ങുമ്പോള്‍ ബിരുദധാരിക്ക് താഴെ പറയുന്ന സ്കില്ലുകള്‍ ഉണ്ടായിരിക്കും.
1. നല്ല നിലയില്‍ ഇംഗ്ളീഷിലും മലയാളത്തിലും ടൈപ്പ് ചെയ്യുന്നതിനുള്ള കഴിവ്.
2.ടൈപ്പ് റൈറ്റിങ് അറിയാവുന്ന കംപ്യൂട്ടര്‍ വിജ്ഞാനമുള്ള ആള്‍ എന്ന നിലയിലുള്ള ഡാറ്റാ എന്‍ട്രി വേഗത.
3. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ മികച്ച കംപ്യൂട്ടര്‍ പരിജ്ഞാനം.
4. അക്കൌണ്ടിങ് സോഫ്റ്റ്വെയറിലുള്ള അറിവും കംപ്യൂട്ടര്‍/ടൈപ്പിങ് നൈപുണ്യവും.
ഈ ബിരുദധാരി തൊഴില്‍രഹിതനായിരിക്കില്ലെന്നുമാത്രമല്ല, തൊഴില്‍ കമ്പോളത്തിന്റെ പ്രിയഭാജനമാകുകയും ചെയ്യും. നല്ല മാര്‍ക്കോടെ ബിരുദം നേടുകയും ഏവര്‍ക്കും സ്വീകാര്യമായ വ്യക്തിത്വം വളര്‍ത്തിയെടുക്കുകയും ചെയ്താല്‍ ഈ വ്യക്തിയുടെ ഉയര്‍ച്ചക്ക് പരിമിതികള്‍ ഉണ്ടാവില്ല എന്ന് തീര്‍ച്ച. തൊഴില്‍ ലഭിക്കുന്നില്ല എന്ന പരാതി ബിരുദധാരികള്‍ പറയുമ്പോള്‍ തങ്ങള്‍ക്ക് യോജിച്ചവരെ ലഭിക്കുന്നില്ലെന്ന പരിഭവത്തിലാണ് തൊഴില്‍ വിപണി എന്ന സത്യം നമ്മുടെ കുട്ടികള്‍ മനസ്സിലാക്കണം.
ബിരുദധാരികളും പഠിക്കുന്നവരും ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങള്‍ ഇനിയുമേറെയുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ അടുത്ത ലക്കത്തില്‍.
(പേരാമ്പ്ര കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍
എംപ്ളോയ്മെന്റ് ഓഫീസറാണ് ലേഖകന്‍)
0496 2615500
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top